ബി.ജെ.പിക്ക് വിലക്കെടുക്കാനാകുന്നവരെ പാർലിമെന്റിലേക്ക് അയക്കരുത്:എം.എ.ബേബി

Wednesday 24 April 2024 10:53 PM IST

പാപ്പിനിശേരി: നിയമസഭ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടാലും കോൺഗ്രസിന്റേതടക്കം ജനപ്രതിനിധികളെ വിലക്കെടുത്ത് പല സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലേറുന്ന പശ്ചാത്തലത്തിൽ വിലക്കെടുക്കാൻ പറ്റുന്നവരെ പാർലിമെന്റിലേക്ക് ജയിപ്പിച്ചുവിടരുതെന്ന് സി പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. എൽ.ഡി.എഫ് പാപ്പിനിശേരി പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക് സഭയിലും ഇത് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് എംപിമാരെ പാർലമെന്റിലേക്ക് അയക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ അവകാശങ്ങൾ നിഷേധിക്കുമ്പോൾ പാർലമെന്റിൽ മിണ്ടാതിരുന്നവരാണ് 18 യു.ഡി.എഫ് എം.പിമാരും.അർഹമായ അവകാശങ്ങൾ പോലും നിഷേധിച്ച് ബി.ജെ.പി ഇതര സർക്കാറുകളോട് കടുത്ത അനീതിയാണ് കേന്ദ്രം കാട്ടിയത്. കേരളത്തോട് വൈരാഗ്യത്തോടെയാണ് കേന്ദ്രം പെരുമാറുന്നത്. നിയമ വ്യവസ്ഥയെ പോലും അംഗീകരിക്കാത്തയാളാണ് നരേന്ദ്ര മോദി.ന്യൂനപക്ഷ ജനതയുടെ ഉന്മൂലനവും പിന്നോക്ക ജനവിഭാഗങ്ങളെ അടിമപ്പെടുത്താനും മേൽജാതി കീഴ്ജാതി സമ്പ്രദായം പുനഃസൃഷ്ടിക്കാനും നിരന്തര വഴി തേടുകയാണ് ബി.ജെ.പി . കേരളത്തിന്റെ അടിയുറച്ച രാഷ്ട്രീയ കാഴ്ച്ചപ്പാടുള്ളതിനാലാണ് ഇവിടെ ബിജെപിക്ക് ഇടമില്ലാത്തത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത് പോലെ വിലക്കയറ്റത്തിന്റെ രൂക്ഷത അത്രത്തോളം കേരളത്തിൽ അനുഭവപ്പെടാത്തത് ഇടത് സർക്കാറിന്റെ ഫലപ്രദമായ ഇടപെടൽ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മാദ്ധ്യമങ്ങൾ മോദിയുടെ മടിയിലാണ് . ഇലക്ടറൽ ബോണ്ട് അഴിമതിയിലൂടെ കൂട്ട മോഷണമാണ് മോദി നടത്തുന്നത്. മോഷണ മുതലിന്റെ പങ്ക് പറ്റിയവരാണ് കോൺഗ്രസുകാരെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു.
.ടി.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി,കെ.വി.സുമേഷ് എം.എൽ.എ,സി രവീന്ദ്രൻ, എം.ഉണ്ണികൃഷ്ണൻ ,മുഹമ്മദ് റാഫി ,സുഭാഷ് അയ്യോത്ത് ,സിറാജ് വയക്കര എന്നിവർ സംസാരിച്ചു. കെ.പി.വത്സലൻ സ്വാഗതം പറഞ്ഞു. ചുങ്കം, പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കാളിയായി.

ആർ.എസ്.എസ് ശാഖക്ക് കാവൽ നിന്ന സുധാകരനെ കണ്ണൂർ തള്ളും

കണ്ണൂർ:ഏകമത ഫാസിസ്റ്റ് രാജ്യമായി ഇന്ത്യയെ മാറ്റാൻ ശ്രമിക്കുന്ന മോദിക്കൊപ്പം അതിനെതിരെ ഒരക്ഷരം മിണ്ടാത്ത കെ സുധാകരനും തുല്ല്യമാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ.എ. ബേബി. ഇത്തരക്കാരെ വേണ്ടെന്ന് കണ്ണൂർ ജനത പ്രഖ്യാപിക്കുമെന്നും എം.എ. ബേബി പറഞ്ഞു. എം.വി.ജയരാജന്റെ പ്രചാരണ സമാപന പരിപാടിയിൽ കാൽടെക്സ് ജംഗ്ഷനിൽ സംസാരിക്കുകയായിരുന്നു ബേബി. 2004ലെ തെരഞ്ഞെടുപ്പിൽ കേരളം നൽകിയ സമ്മതിദാന അവകാശം ഇത്തവണയും നൽകും. ഗാന്ധിജിയെ വധിച്ചതിന് രാജ്യം ആ സമയത്ത് നിരോധിച്ച ആർ.എസ്.എസ്. സംഘത്തിന് കണ്ണൂരിൽ പ്രവർത്തിക്കുന്നതിന് കാവൽ നിന്നു എന്ന് പറഞ്ഞയാളാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെന്നും ബേബി പറഞ്ഞു.

Advertisement
Advertisement