ജില്ലയിൽ 27.31ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലേയ്ക്ക്

Thursday 25 April 2024 2:53 AM IST

# പോളിംഗ് രാവിലെ 7 മുതൽ തുടർച്ചയായി 11 മണിക്കൂർ

ആലപ്പുഴ: ജില്ലയിലെ രണ്ട് ലോക്‌സഭാമണ്ഡലങ്ങളിലും നാളെ രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പിൽ 27.31ലക്ഷം പേർ സമ്മതിദാന അവകാശം വിനിയോഗിക്കും. വൈകിട്ട് ആറ് വരെ തുടർച്ചയായി 11 മണിക്കൂറാണ് വോട്ടിംഗ് സമയം. വൈകിട്ട് 6ന് നിരയിലുള്ള അവസാനത്തെ ആൾ മുതൽ മുന്നിലേക്കുള്ളവർക്ക് ടോക്കൺ നൽകും. അവസാനത്തെ ആൾക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. മോക്ക് പോളിന് ശേഷമാണ് വോട്ടെടുപ്പ് ആരംഭിക്കുക. ആലപ്പുഴയിൽ 14,00,083 വോട്ടർമാരും മാവേലിക്കരയിൽ 13,31,880 ലക്ഷം വോട്ടർമാരുമാണുള്ളത്. രണ്ട് മണ്ഡലങ്ങളിലും ഒൻപത് വീതം ട്രാൻസ്‌ജെൻഡർ വോട്ടർമാരുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡിയില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താൻ സംവിധാനമൊരുക്കും. സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ വോട്ടിംഗിനായി ഉപയോഗിക്കാം. 12 തിരിച്ചറിയൽ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്. ഇരുമണ്ഡലങ്ങളിലായി 2614 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ആലപ്പുഴയിൽ 1,333ഉം മാവേലിക്കരയിൽ 1,281 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ബൂത്തുകൾസജ്ജം

ഇന്ന് രാവിലെ നിയമസഭ മണ്ഡലതലത്തിലുള്ള വിതരണ കേന്ദ്രങ്ങളിൽ നിന്ന് മഷി, വിവിധ ഫോറങ്ങൾ, പെൻസിൽ, പേന, ബ്ലേഡ്, മെഴുകുതിരി, മൊട്ടുസൂചി എന്നിങ്ങനെയുള്ള 74 ഇനം പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി അതത് ബൂത്തുകളിലെത്തിക്കും. രാത്രിയോടെ കമ്പാർട്ടുമെന്റുകൾ സജ്ജമാക്കി തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കും.14 വിതരണ കേന്ദ്രങ്ങളാണുള്ളത്.

സ്ത്രീ സൗഹൃദം

വോട്ടെടുപ്പ് ഹൃദ്യമായ അനുഭവമാക്കാനും വോട്ടർക്ക് പരമാവധി പ്രാധാന്യം നൽകാനും ലക്ഷ്യമിട്ട് നിയമസഭ മണ്ഡലത്തിൽ ഒന്ന് വീതം സ്ത്രീ സൗഹൃദ, മാതൃകാ പോളിംഗ് സ്റ്റേഷനുകൾ തയ്യാറായി. സ്ത്രീ സൗഹൃദ ബൂത്തുകളിൽ പൊലീസ് ഉൾപ്പെടെ ഉദ്യോഗസ്ഥരെല്ലാം വനിതകളായിരിക്കും. ഭിന്നശേഷിക്കാരെ ബൂത്തിലെത്തിക്കാൻ വീൽചെയറും തയ്യാറാണ്. കുടിവെള്ളം, ടോയ്ലറ്റുകൾ, വിശ്രമസ്ഥലം, മെഡിക്കൽ സഹായം തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അമ്മമാർക്കായി ഫീഡിംഗ് റൂമും തയ്യാറാക്കും. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും സഹായികൾ ഉണ്ടാകും.

പ്രവേശനം ആർക്കൊക്കെ ?

സമ്മതിദായകർ, പോളിംഗ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ ഏജന്റ്, പോളിംഗ് ഏജന്റ്, തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് ജോലിയിലുള്ള ജീവനക്കാർ, കൈക്കുഞ്ഞ്, കാഴ്ചയില്ലാത്തതോ പരസഹായം ആവശ്യമുള്ളതോ ആയ സമ്മതിദായകരുടെ സഹായികൾ എന്നിവർക്കായിരിക്കും.

വോട്ടർമാർ

ജില്ലയിൽ : 27,31,763

സ്ത്രീകൾ: 14,27,572

പുരുഷൻമാർ: 13,04,373

ട്രാൻസ്‌ജെൻഡർ: 18

കന്നിവോട്ടർമാർ: 42,721


ആലപ്പുഴ മണ്ഡലം

ആകെ: 14,00,083

സ്ത്രീകൾ: 7,26,008

പുരുഷൻമാർ: 6,74,066

ട്രാൻസ്‌ജെൻഡർ: 9

മാവേലിക്കര മണ്ഡലം

ആകെ: 13,31,880

സ്ത്രീകൾ: 7,01564

പുരുഷൻമാർ: 6,30,307

ട്രാൻസ്‌ജെൻഡർ: 9

Advertisement
Advertisement