സമാധാന മുറിയിലാണ് ഗവർണർ ആനന്ദബോസ്

Thursday 25 April 2024 12:27 AM IST

കൽക്കത്ത: ബ്രിട്ടീഷ് വൈസ്രോയി താമസിച്ച, പിന്നീട് പശ്ചിമ ബംഗാൾ ഗവർണറുടെ ഔദ്യോഗിക വസതിയായ കെട്ടിടം ഇന്ന് ബംഗാളികൾക്ക് 'ജനങ്ങളുടെ രാജ്‌ഭവൻ' ആണ്. പരാതിപറയാനും മറ്റും സാധാരണക്കാർക്ക് നേരിട്ട് വരാം. സി.വി. ആനന്ദ ബോസ് ഗവർണർ ആയശേഷമുള്ള മാറ്റം.

തിരഞ്ഞെടുപ്പ് അക്രമങ്ങൾക്ക് അറുതി വരുത്താൻ ആനന്ദബോസ് രാജ്‌ഭവനിൽ ഒരുക്കിയ 'സമാധാന മുറി '(പീസ് റൂം) ഇന്ന് വലിയ ചർച്ചയാണ്. തിരഞ്ഞെടുപ്പ് അക്രമം ജനങ്ങൾക്ക് നേരിട്ട് വിളിച്ചുപറയാം. അല്ലെങ്കിൽ ഇ-മെയിൽ ചെയ്യാം. പരാതികൾ ഉടൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വഴി പൊലീസിന് കൈമാറും.

രാജ്‌ഭവനിൽ കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പീസ് ‌മുറിയുടെ ഉത്ഭവം വിവരിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് അക്രമ സംഭവങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെയാണ് ഗവർണറായി ചുമതലയേറ്റത്. 2023ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അക്രമങ്ങൾ തടയാൻ നേരിട്ടിറങ്ങി. ആളുകളിൽ നിന്ന് പരാതികൾ സ്വീകരിച്ചു. ഇന്ത്യയിൽ ആദ്യമായി 'മൊബൈൽ രാജ്‌ഭവൻ' നടപ്പാക്കി. എല്ലായിടത്തും എത്താനാകില്ലെന്ന് മനസിലാക്കിയാണ് പീസ് റൂം തുടങ്ങിയത്.

നേരിട്ടു പോകുന്നത് അവസാനിപ്പിച്ചിട്ടില്ല. സന്ദേശ്ഘലിയിൽ നേരിട്ട് ഇടപെട്ടതാണ് ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിനിടയാക്കിയത്. ഗവർണർ നേരിട്ട് വന്നാലുള്ള 'അപകടം' മുന്നിൽ കണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ ഏപ്രിൽ 19ന് ഒന്നാം ഘട്ട വോട്ടെടുപ്പ് ദിനത്തിൽ കുച്ച്ബെഹാറിൽ പോകരുതെന്ന് ഉപദേശിച്ചിരുന്നു.

രണ്ടാം ഘട്ട വോട്ടെടുപ്പ് വേളയിൽ ആനന്ദബോസ് തിരുവനന്തപുരത്ത് ഇരുന്നാകും ബംഗാളിലെ പരാതികൾ കേൾക്കുക. വട്ടിയൂർക്കാവിലെ ബൂത്തിൽ നാളെ വോട്ടു ചെയ്യും.

`ലോഗ് സഭ' 24 മണിക്കൂറും

ലോക്‌സഭാ തിരഞ്ഞെടുപ്പായതിനാൽ പീസ് റൂമിൽ ഇ-മെയിൽ അടക്കം ഡിജിറ്റൽ മാർഗങ്ങളിലൂടെ പരാതിപ്പെടാൻ സൗകര്യമൊരുക്കി 'ലോഗ്‌സഭ' എന്ന പേരിട്ടു. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ എസ്.കെ.പട്നായിക്കിനാണ് പീസ് റൂമിന്റ ചുമതല. 12 ജീവനക്കാർ 24 മണിക്കൂറും പരാതികൾ സ്വീകരിക്കും. രാജ്‌ഭവനിലുണ്ടെങ്കിൽ ഗവർണറും.

ഏപ്രിൽ 19ന് ആദ്യഘട്ടം വോട്ടെടുപ്പ് നടന്നപ്പോൾ പരാതികളുടെ ഒഴുക്കായിരുന്നു. ഗവർണർ നേരിട്ട് ഫോണിൽ വന്ന പരാതികൾ കേട്ടു. അത് പലർക്കും വിശ്വസിക്കാനായില്ല. ഉടൻ നടപടിയെടുത്ത് അക്രമങ്ങൾ തടയിടാൻ കഴിയുന്നതിൽ ആനന്ദബോസിന് ചാരിതാർത്ഥ്യം.

Advertisement
Advertisement