ഭാര്യയെ തോൽപ്പിച്ച സുബ്രതിനെ പാഠം പഠിപ്പിക്കാൻ അഖിലേഷ്

Thursday 25 April 2024 12:29 AM IST

ന്യൂഡൽഹി : സമാജ് വാദി പാർട്ടി അദ്ധ്യക്ഷനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. രാജ്യത്തെ സുഗന്ധലേപനങ്ങളുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഉത്തർപ്രദേശിലെ കനൗജിൽ ബി.ജെ.പിയിലെ സുബ്രത് പാഠകുമായി നേർക്കുനേർ പോരാട്ടത്തിന് കളമൊരുങ്ങി. കഴിഞ്ഞ തവണ അഖിലേഷിന്റെ ഭാര്യ ഡിമ്പിൾ യാദവിനെയാണ് സുബ്രത് ഇവിടെ തോൽപ്പിച്ചത്.

ഇമ്രാൻ ബിൻ സഫറാണ് ബി.എസ്.പി സ്ഥാനാർത്ഥി. അഖിലേഷിന്റെ അനന്തരവൻ തേജ് പ്രതാപ് യാദവിനെ ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ നാടകീയമായി തീരുമാനം മാറ്റുകയായിരുന്നു. അഖിലേഷ് ഇന്ന് പത്രിക സമർപ്പിച്ചേക്കും.

1999 മുതൽ സമാജ് വാദിയുടെ ഉറച്ച മണ്ഡലമാണിത്. എന്നിട്ടും 2019ൽ ഡിംപിൾ യാദവ് ഇവിടെ തോറ്റു. 12,353 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സുബ്രത് പാഠകിന്റെ വിജയം. 1996ലും ബി.ജെ.പി മണ്ഡലം പിടിച്ചെടുത്തിരുന്നു. 2019ൽ നോട്ടയ്ക്ക് 8165 വോട്ടുകൾ വീണ മണ്ഡലം കൂടിയാണ് കനൗജ്. ഡിംപിൾ യാദവ് പിന്നീട് യു.പിയിലെ മെയിൻപുരിയിൽ നിന്ന് ലോക്‌സഭയിലെത്തി.

അഖിലേഷിന്റെ വരവോടെ കനൗജ് പടിഞ്ഞാറൻ യു.പിയിലെ താരത്തിളക്കമുള്ള മണ്ഡലമായി . 'ഇന്ത്യ' മുന്നണിയിലെ പ്രധാന നേതാവായ അഖിലേഷിന്റെ വിജയം പാർട്ടിക്ക് അഭിമാനപ്രശ്നമാണ്. ചരിത്രവിജയം നേടുമെന്നാണ് അഖിലേഷിന്റെ അവകാശവാദം. അനന്തരവനെ മണ്ഡലത്തിൽ പ്രഖ്യാപിച്ചപ്പോൾ കുടുംബാധിപത്യം എന്ന ആരോപണവുമായി ബി.ജെ.പി പ്രചാരണം ആരംഭിച്ചിരുന്നു. മേയ് 13ന് നാലാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്.

2019ലെ ഫലം

 സുബ്രത് പാഠക് (ബി.ജെ.പി) - 5,63,087 വോട്ട് ( 49.37 %)

 ഡിംപിൾ യാദവ് (സമാജ് വാദി)- 5,50,734 വോട്ട് (48.29 %)

ഫോട്ടോ ക്യാപ്ഷൻ : സുബ്രത് പാഠക്, അഖിലേഷ് യാദവ്

Advertisement
Advertisement