സുധീർ കാക്കറിന് വിട

Thursday 25 April 2024 11:48 PM IST

ന്യൂഡൽഹി: ഇന്ത്യൻ സൈക്കോ അനലിസ്റ്റും എഴുത്തുകാരനുമായ സുധീർ കാക്കറിന് (85) വിട. ഇന്ത്യയിലെ സൈക്കോ അനാലിസിസിന്റെ പിതാവെന്ന് അറിയപ്പെടുന്ന അദ്ദേഹം തിങ്കളാഴ്‌ചയാണ് അന്തരിച്ചത്. ക്യാൻസർ ബാധിതനായിരുന്നു.

20ലധികം നോൺഫിക്ഷൻ, ഫിക്ഷൻ കൃതികൾ രചിച്ചു. ചലച്ചിത്രം, മനശാസ്ത്രം, പുരാണങ്ങൾ, വൈദ്യശാസ്ത്രം, ലൈംഗികത തുടങ്ങിയവയെക്കുറിച്ചെല്ലാം എഴുതി. ലോധി ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടന്നു. ദി ഇന്നർ വേൾഡാണ് (1978) കക്കറിന്റെ പ്രധാന കൃതികളിൽ ഒന്ന്. 21 -ാം നൂറ്റാണ്ടിലെ 21 പ്രധാന ചിന്തകരിൽ ഒരാളെന്നാണ് ഒരു ജർമ്മൻ മാദ്ധ്യമം അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

1938ൽ ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് ജനനം.

ഗുജറാത്ത് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ ശേഷം വിയന്ന സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പിന്നീട് ഫ്രാങ്ക്ഫർട്ടിലെ സിഗ്മണ്ട് ഫ്രോയിഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈക്കോ അനാലിസിസിൽ പരിശീലനം നേടി. ശേഷം ഡൽഹിയിൽ ക്ലിനിക്ക് ആരംഭിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്‌മെന്റിന്റെ മേധാവിയുമായി.

കൊളംബിയ യൂണിവേഴ്സിറ്റിയുടെ കാർഡിനർ അവാർഡ്, അമേരിക്കൻ ആന്ത്രോപോളജിക്കൽ അസോസിയേഷന്റെ സൈക്കോളജിക്കൽ ആന്ത്രോപോളജിക്കുള്ള ബോയർ പ്രൈസ്, ജർമ്മനിയുടെ ഗോഥെ മെഡൽ, ജർമ്മനിയുടെ ഏറ്റവും ഉയർന്ന ഫെഡറൽ ബഹുമതിയായ ഓർഡർ ഒഫ് മെറിറ്റ് തുടങ്ങിയ അംഗീകാരങ്ങൾ നേടി. ജർമ്മൻ എഴുത്തുകാരിയായ കാതറീനയാണ് ഭാര്യ. മുൻ വിവാഹത്തിൽ ഒരു മകനും മകളുമുണ്ട്.

Advertisement
Advertisement