എത്ര ഉന്നതനായാലും തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ തടസമില്ല,​ മദ്യനയക്കേസിൽ കേ​ജ്‌​രി​വാ​ളി​ന്റെ ​ ​അ​റ​സ്റ്റ് ​ ന്യാ​യീ​ക​രി​ച്ച് ഇ ഡി​ ​

Wednesday 24 April 2024 11:54 PM IST

ന്യൂഡൽഹി: പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്യുന്നതിൽ തടസമില്ലെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ. ഇ.ഡി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. അറസ്റ്റ് വിലക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി നിലപാടെടുത്തതിനു പിന്നാലെയാണ് കേജ്രിവാളിന്റെ വസതിയിലെത്തി പരിശോധന നടത്തിയതും കസ്റ്റഡിയിലെടുത്തതുമെന്ന് ഇ.ഡി അറിയിച്ചു. അറസ്റ്റിനെയും ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയെയും ചോദ്യം ചെയ്ത് കേജ്രിവാൾ സമർപ്പിച്ച ഹർജിയിലാണ് നിലപാട് വ്യക്തമാക്കിയത്.

ഒൻപതു തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ല. കോഴയിടപാടിന് ഉപയോഗിച്ച 170ൽപ്പരം മൊബൈൽ ഫോണുകൾ ഉൾപ്പെടെ തെളിവുകൾ നശിപ്പിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് അറസ്റ്റിലേക്ക് കടന്നതെന്ന് ഇ.ഡി വ്യക്തമാക്കി. കേജ്രിവാളിന്റെ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു. ഇ.ഡിയുടെ സത്യവാങ്മൂലത്തിന് കേജ്രിവാളിന്റെ മറുപടി കൂടി ലഭിച്ച ശേഷം അടുത്തയാഴ്ച വിഷയം സുപ്രീംകോടതി പരിഗണിക്കും.

മദ്യനയക്കേസിലെ മൊഴി മാറ്റാൻ സാക്ഷികൾക്ക് മേൽ ശക്തരായ വ്യക്തികൾ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ഇ.ഡി ഡൽഹി റൗസ് അവന്യു കോടതിയെ അറിയിച്ചു. കേസിലെ പ്രതിയും ബി.ആർ.എസ് നേതാവുമായ കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇ.ഡിയുടെ അഭിഭാഷകൻ സൊഹേബ് ഹൊസൈൻ ഇക്കാര്യം പറഞ്ഞത്. മൊഴി മാറ്റണമെന്ന് ചില മാപ്പുസാക്ഷികൾ ഏജൻസിയോട് അഭ്യർത്ഥിക്കുന്നുണ്ട്. കവിത സമ്മർദ്ദം ചെലുത്തുന്നതായി മാപ്പുസാക്ഷി അരുൺ പിള്ള പറയുന്നു. കോഴയിടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലെ പ്രധാനിയാണ് കവിതയെന്നും ഇ.ഡി ആരോപിച്ചു. വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്ന് ജാമ്യാപേക്ഷയിൽ മേയ് ആറിന് വിധി പറയാനായി കോടതി മാറ്റി.