ചുട്ടുപൊള്ളി ബാങ്കോക്ക്

Thursday 25 April 2024 7:06 AM IST

ബാങ്കോക്ക്: ശക്തമായ ചൂടുയരുന്ന പശ്ചാത്തലത്തിൽ തായ്‌ലൻഡിലെ ബാങ്കോക്കിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. കൊടുംചൂട് അനുഭവപ്പെടാമെന്നതിനാൽ ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

ഇന്നലെ 39 ഡിഗ്രി സെൽഷ്യസായിരുന്നു ബാങ്കോക്കിലെ താപനില. എന്നാൽ താപസൂചിക ( ഹീറ്റ് ഇൻഡക്സ് ) 52 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഇതിനെ അതീവ അപകടകരമായാണ് കണക്കാക്കുന്നത്.

അന്തരീക്ഷ താപനിലയ്‌ക്കൊപ്പം ഈർപ്പം കൂടി ചേരുമ്പോൾ അനുഭവപ്പെടുന്ന ചൂടിനെയാണ് താപസൂചിക കൊണ്ട് ഉദ്ദേശിക്കുന്നത്. തായ്‌ലൻഡിൽ ഏറ്റവും കൂടുതൽ ചൂടും ഈർപ്പവും അനുഭവപ്പെടുന്ന സമയമാണ് ഏപ്രിൽ മാസം.

എന്നാൽ എൽ നിനോ പ്രതിഭാസം മൂലം ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ് ഇത്തവണ രാജ്യത്ത്. ഉഷ്ണതരംഗത്തിലൂടെയാണ് രാജ്യം ഈ ആഴ്ച കടന്നുപോയത്. വടക്കൻ പ്രവിശ്യയായ ലംപാങ്ങിൽ തിങ്കളാഴ്ച 44.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

വരും ദിവസങ്ങളിലും ചൂട് ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. പുറത്തിറങ്ങുന്നവർ സൂര്യതാപം ഒഴിവാക്കാൻ സൺസ്ക്രീൻ ഉപയോഗിക്കണമെന്നും ധാരാളം ജലം കുടിക്കണമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. തായ്‌ലൻഡിൽ മാത്രമല്ല, മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.

Advertisement
Advertisement