ടിക്‌ ടോക്കിന് പൂട്ടിടാൻ യു.എസ്  നിർണായക ബില്ലിൽ ബൈഡൻ ഒപ്പിട്ടു

Thursday 25 April 2024 7:08 AM IST

വാഷിംഗ്ടൺ : വീഡിയോ ഷെയറിംഗ് ആപ്പായ ടിക്‌ ടോക്കിന് നിരോധനമേർപ്പെടുത്താൻ കാരണമായേക്കാവുന്ന ബില്ലിൽ ഒപ്പിട്ട് പ്രസിഡന്റ് ജോ ബൈഡൻ. ബില്ലിന് സെനറ്റിൽ അംഗീകാരം ലഭിച്ച ഉടനാണ് ബൈഡന്റെ നീക്കം. ബില്ല് നിയമമായതോടെ 270 ദിവസത്തിനുള്ളിൽ ടിക്‌ ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്‌ഡാൻസ് യു.എസിലെ കമ്പനിക്കോ വ്യക്തിക്കോ വില്ക്കണം. അല്ലാത്തപക്ഷം നിരോധിക്കപ്പെടും. നിയമത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ടിക് ടോക്ക് പ്രതികരിച്ചു.

ടിക്‌ ടോക്കിലൂടെ ചൈനീസ് സർക്കാർ വിവരങ്ങൾ ചോർത്തുന്നെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ടിക്ടോക്കിന് യു.എസിൽ 15 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് യു.എസ് അടക്കം നിരവധി രാജ്യങ്ങളും യൂറോപ്യൻ യൂണിയനും സർക്കാരുമായി ബന്ധപ്പെട്ട ഉപകരണങ്ങളിൽ ടിക്‌ ടോക്കിനെ വിലക്കിയിരുന്നു.

 എന്താണ് ബില്ല്

 270 ദിവസത്തിനുള്ളിൽ ടിക്‌ ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്‌ഡാൻസ് യു.എസിലെ കമ്പനിക്കോ വ്യക്തിക്കോ വില്ക്കണം

 പരാജയപ്പെട്ടാൽ യു.എസിലെ ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയവയിൽ നിന്ന് ടിക്‌ ടോക്കിനെ നീക്കും. നിർദ്ദേശം നടപ്പായാൽ യു.എസിൽ തുടരാം

 മൈക്രോസോഫ്റ്റ്, ഓറക്കിൾ തുടങ്ങിയ കമ്പനികൾ ടിക്‌ ടോക്ക് വാങ്ങാൻ മുന്നോട്ടുവന്നേക്കും

 വില്പന പൂർത്തിയാക്കാൻ ബൈറ്റ്‌ഡാൻസിന് ചൈനീസ് ഉദ്യോഗസ്ഥരുടെ അനുമതി വേണം. എതിർക്കുമെന്ന് ചൈന

 മെറ്റയ്ക്ക് ഗുണം

ടിക്‌ ടോക്കിനെ യു.എസിൽ നിരോധിച്ചാൽ മെറ്റ അടക്കമുള്ള കമ്പനികൾക്ക് ഗുണം ചെയ്യും. 60 ശതമാനം ടിക്‌ ടോക്ക് ഉപഭോക്താക്കളും മെറ്റയുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലേക്ക് ചേക്കേറും

 ടിക്‌ ടോക്കിനെ നിയന്ത്രിച്ച രാജ്യങ്ങൾ

( പൂർണമോ ഭാഗികമായോ )​

ഇന്ത്യ, കാനഡ, യു.കെ, ഓസ്ട്രേലിയ, നെതർലൻഡ്സ്, ഫ്രാൻസ്, ന്യൂസിലൻഡ്, ബെൽജിയം, നേപ്പാൾ തുടങ്ങിയവ

-----------------

 യുക്രെയിനിലേക്ക് സഹായം

യുക്രെയിന് 6100 കോടി ഡോളറിന്റെ സൈനിക സഹായ പാക്കേജ് അനുവദിക്കുന്നതിനുള്ള ബില്ലിലും ബൈഡൻ ഒപ്പിട്ടു. ഇതോടെ പാക്കേജ് അനുസരിച്ചുള്ള സഹായ കൈമാറ്റം വരും മണിക്കൂറുകളിൽ തുടങ്ങും. ബില്ല് ഞായറാഴ്ച യു.എസ് ജനപ്രതിനിധി സഭയിൽ പാസായിരുന്നു. ബില്ലിന്റെ ഭാഗമായി ഇസ്രയേലിന് 2600 കോടി ഡോളറും തായ്‌‌വാനടക്കം ഇന്തോ - പസഫിക് മേഖലയ്ക്ക് 800 കോടി ഡോളറും നൽകും.

Advertisement
Advertisement