ഇനി 'ഹെൽത്ത് ഡ്രിങ്ക് അല്ല'; ഹോർലിക്സ് കഴിക്കാറുണ്ടോ? എങ്കിൽ ഈ മാറ്റത്തെക്കുറിച്ചറിയണം

Thursday 25 April 2024 3:34 PM IST

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡിന്റെ (എച്ച്‌യുഎൽ) ഹോർലിക്സിനെ 'ഹെൽത്ത് ഡ്രിങ്ക്സ്' എന്ന വിഭാഗത്തിൽ നിന്ന് മാറ്റി. ഹെൽത്ത് എന്ന ലേബൽ ഒഴിവാക്കി 'ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്സ്' (എഫ്എൻഡി) എന്ന് പുനർനാമകരണം ചെയ്തു.


ചീഫ് ഫിനാൻഷ്യൽ ഓഫീസർ റിതേഷ് തിവാരി ഈ പ്രഖ്യാപനം നടത്തി, ഈ മാറ്റം ഹോർലിക്‌സിനെക്കുറിച്ച് കൂടുതൽ കൃത്യവും സുതാര്യവുമായ വിവരണം നൽകുമെന്ന് കമ്പനിയുടെ റിതേഷ് തിവാരി പത്രസമ്മേളനത്തിൽ പറഞ്ഞു.

പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ നടപടി. 'ഹെൽത്ത് ഡ്രിങ്ക്' വിഭാഗത്തിൽ നിന്ന് ഡ്രിങ്ക്സ് ആൻഡ് ബിവറേജസിനെ നീക്കം ചെയ്യാൻ വാണിജ്യ, വ്യവസായ മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹെൽത്ത് ഡ്രിങ്ക് എന്നതിന് കൃത്യമായ നിർവചനം ഇല്ലായിരുന്നു. ഹെൽത്ത് ഡ്രിങ്ക്സ്, എനർജി ഡ്രിങ്ക്സ് എന്നിങ്ങനെ തരംതിരിക്കുന്നതിൽ നിന്ന് പാൽ അടക്കമുള്ളവയെ ഒഴിവാക്കണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യ നിർദേശം നൽകിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ഉപഭോക്താക്കളിൽ ആശയക്കുഴപ്പുമുണ്ടാക്കുമെന്നും ആധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.