തെലുങ്ക് പോരാട്ടത്തിൽ കോടിപതികളുടെ കിലുക്കം
തെലങ്കാന, ആന്ധ്രാപ്രദേശ് സ്ഥാനാർത്ഥികളിൽ കോടിപതികളുടെ പോരാട്ടം. ആന്ധ്രായിലെ ഗുണ്ടൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ടി.ഡി.പിയുടെ പെമ്മസാനി ചന്ദ്രശേഖരനാണ് കൂടുതൽ സ്വത്ത് വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ വിവരമനുസരിച്ച് പെമ്മസാനിക്ക് 5,598.65 കോടി രൂപയുടെ ആസ്തിയുണ്ട്.
തെലങ്കാനയിൽ, ചെവെല്ലയിലെ ബി.ജെ.പി സ്ഥാനാർത്ഥി കൊണ്ട വിശ്വേശർ റെഡ്ഡിയുടെ ആസ്തി 4,568 കോടി രൂപ. ഭാര്യ സംഗീത റെഡ്ഡിക്ക് 3,208 കോടി രൂപയുടെ ആസ്തിയുണ്ട്. 11 കോടി രൂപയുടെ വജ്ര, സ്വർണാഭരണങ്ങൾ ദമ്പതികൾക്കുണ്ട്. മകന്റെ ആസ്തി 108 കോടി രൂപ. ആന്ധ്ര, നെല്ലൂരിലെ ടി.ഡി.പി സ്ഥാനാർത്ഥി വെമിറെഡ്ഡി പ്രഭാകർ റെഡ്ഡിക്കും, കോവൂർ നിയമസഭാ സീറ്റിൽ മത്സരിക്കുന്ന ഭാര്യ വെമിറെഡ്ഡി പ്രശാന്തിക്കുമായി 715.62 കോടി രൂപയുടെ ആസ്തിയുണ്ട്.
ശതകോടീശ്വരരുടെ കൂട്ടത്തിൽ ആന്ധ്ര കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വൈ.എസ്. ഷർമിള റെഡ്ഡിയുമുണ്ട്. കടപ്പ ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്ന ശർമ്മിളയ്‌ക്ക് 182 കോടി രൂപയുടെ ആസ്തിയുണ്ട്. ശർമ്മിളയുടെ സഹോദരനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്ക് 82.5 കോടിയുടെ ആസ്തിയുമുണ്ട്. കടപ്പ ലോക്‌സഭാ സീറ്റിൽപെടുന്ന പുലിവെന്തല നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ജഗൻ വീണ്ടും ജനവിധി തേടുന്നത്. ആന്ധ്രയിൽ മേയ് 13നാണ് ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പ്.
അമേരിക്കയിൽ ഡോക്ടർ, നാട്ടിൽ രാഷ്ട്രീയം
അമേരിക്കയിൽ ഡോക്ടറാണ് പെമ്മാസാനി ചന്ദ്രശേഖർ. വിപുലമായ ബിസിനസ് സംരഭങ്ങളും അദ്ദേഹത്തിനും ഭാര്യ കോനേരു ശ്രീരത്നയ്ക്കുമുണ്ട്. ലോകമെമ്പാടുമുള്ള 101 കമ്പനികളിൽ ദമ്പതികൾ സംയുക്തമായി ഓഹരികളുണ്ട്. 1999ൽ ആന്ധ്രാപ്രദേശിലെ ഡോ. എൻ.ടി.ആർ യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും നേടിയ ശേഷം യു.എസിലെ പെൻസിൽവാനിയയിലെ ഡാനിവില്ലിലുള്ള ഗെയ്സിംഗർ മെഡിക്കൽ സെന്ററിൽ നിന്ന് മെഡിസിനിൽ 2005ൽ എം.ഡി നേടി. അമേരിക്കയിലെ ടെക് സംരംഭകനാണ് ചെവെല്ലയിലെ ബി.ജെ.പി സ്ഥാനാർത്ഥി കൊണ്ട വിശ്വേശ്വർ. കെ.വി.ആർ എന്ന് അനുയായികൾ വിളിക്കുന്ന കൊണ്ടാ വിശ്വേശ്വർ ആന്ധ്രാപ്രദേശിന്റെ മുൻ ഉപമുഖ്യമന്ത്രി കൊണ്ട രംഗ റെഡ്ഡിയുടെ ചെറുമകനാണ്. 2013ൽ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് രാഷ്ട്രീയത്തിലിറിയത്. അപ്പോളോ ഹോസ്പിറ്റൽ സ്ഥാപകൻ പ്രതാപ് സി റെഡ്ഡിയുടെ മകൾ സംഗീത റെഡ്ഡിയാണ് ഭാര്യ.