തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

Friday 26 April 2024 12:00 AM IST

തൃശൂർ: വോട്ട്‌ രേഖപ്പെടുത്താൻ ബൂത്തിലെത്തുന്ന വോട്ടർ ഇനി പറയുന്ന ഏതെങ്കിലും അംഗീകൃതരേഖ കരുതണം.

 വോട്ടർ ഐ.ഡി കാർഡ്
 ആധാർ കാർഡ്
 പാൻ കാർഡ്
 യൂണിക് ഡിസെബിലിറ്റി ഐ.ഡി കാർഡ് (യു.ഡി.ഐ.ഡി)
 സർവീസ് ഐഡന്റിറ്റി കാർഡ്
 ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ് ബുക്ക്
 തൊഴിൽമന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്
 ഡ്രൈവിംഗ് ലൈസൻസ്
 പാസ്‌പോർട്ട്
 എൻ.പി.ആർ സ്‌കീമിന് കീഴിൽ ആർ.ജി.ഐ നൽകിയ സ്മാർട്ട് കാർഡ്
 പെൻഷൻ രേഖ
 ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്
 എം.പിക്കോ/എം.എൽ.എക്കോ/എം.എൽ.സിക്കോ നൽകിയ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയൽ രേഖ

ഡ്രൈ ഡേ നിലവില്‍ വന്നു

തൃശൂർ: ജില്ലയിൽ 26ന് വോട്ടെടുപ്പ് ജോലികൾ പൂർത്തിയാകുന്നതുവരെ ഡ്രൈ ഡേ ആയിരിക്കും. ഈസമയം ജില്ലയിൽ, സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലോ, സ്ഥലത്തോ യാതൊരുവിധ ലഹരി പദാർത്ഥങ്ങൾ വിൽക്കാനോ വിതരണം ചെയ്യാനോ സംഭരിക്കാനോ പാടില്ല. മദ്യ ഷാപ്പുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയും ഈ ദിനങ്ങളിൽ പ്രവർത്തിക്കരുതെന്ന് കളക്ടർ അറിയിച്ചു.

വാഴാനി ഡാമിൽ പ്രവേശനമില്ല

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് വാഴാനി ഡാമിലെ ജലസേചന വകുപ്പിന്റെ ഓഫീസ് പോളിംഗ് സ്റ്റേഷൻ ആയതിനാൽ വോട്ടെടുപ്പ് ദിവസമായ ഇന്ന് വാഴാനി ഡാം ആൻഡ് ഗാർഡനിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു.


പോളിംഗ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കും

തൃശൂർ: ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും വോട്ടർമാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും കമ്മിഷൻ നിഷ്‌കർഷിച്ചത് അനുസരിച്ച് അടിസ്ഥാന സൗകര്യം ഉറപ്പാക്കും. വെയിൽ കൊള്ളാതിരിക്കാൻ പന്തലിടും. ബൂത്തുകളുടെ സ്ഥാനം, സൗകര്യങ്ങൾ, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവയെക്കുറിച്ച് മാർഗനിർദ്ദേശം നൽകും. പ്രത്യേകം ശൗചാലയങ്ങളൊരുക്കും. കുടിവെള്ളം സജ്ജമാക്കും. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും റാമ്പ് ഉറപ്പാക്കും.

ഡിസ്‌പോസബിൾ ഗ്ലാസുകൾ, പാത്രങ്ങൾ, പ്ലാസ്റ്റിക്, കുപ്പിവെള്ളം, പ്ലാസ്റ്റിക് കവറുകൾ മുതലായവ ബൂത്തുകളിൽ പൂർണമായും ഒഴിവാക്കണം. കുടിവെള്ള ഡിസ്‌പെൻസറുകൾ തയ്യാറാക്കും. വെള്ളമെടുത്ത് കുടിക്കാനും ലഘു ഭക്ഷണങ്ങൾ നൽകുന്നതിനും സ്റ്റീൽ/കുപ്പി ഗ്ലാസുകൾ, പാത്രങ്ങൾ എന്നിവ ഒരുക്കാനും നിർദ്ദേശമുണ്ട്. മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാൻ ബിന്നുകൾ സ്ഥാപിക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലും സഞ്ചികളിലും വിതരണം ചെയ്യരുതെന്നും കമ്മിഷൻ നിർദ്ദേശമുണ്ട്.

Advertisement
Advertisement