വഴിമുടക്കിയായി അനധികൃത പാർക്കിംഗ്

Friday 26 April 2024 3:31 AM IST

മലയിൻകീഴ്: പ്രധാന ജംഗ്ഷനുകളിലെ അനധികൃത പാർക്കിംഗ് വാഹനാപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. അശ്രദ്ധമായ രീതിയിലാണ് പ്രധാന ജംഗ്ഷനുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മലയിൻകീഴ് ജംഗ്ഷനിലെ റോഡിന് ഇരുവശത്തും അനധികൃത പാർക്കിംഗ് നിത്യസംഭവമാണ്. പലപ്പോഴുമിത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കാറുണ്ടെങ്കിലും പൊലീസ് ഇടപെടാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മലയിൻകീഴ് ക്ഷേത്ര റോഡിനു സമീപം ബസ് സ്റ്റോപ്പ് സ്ഥാപിച്ചെങ്കിലും കെ.എസ്.ആർ.ടി.സി ഇപ്പോഴും ജംഗ്ഷനിലേ നിറുത്താറുള്ളൂ. ചെക്കിംഗ് ഇൻസ്‌പെക്ടറുണ്ടായിരുന്ന കാലത്ത് രാവിലെ 8മുതൽ 10 വരെ ക്ഷേത്ര ജംഗ്ഷനിൽ കാട്ടാക്കടയിൽ നിന്നുള്ള ബസുകൾ നിറുത്തുമായിരുന്നു. എന്നാലിപ്പോൾ ചെക്കിംഗ് ഇൻസ്‌പെക്ടർ ഇല്ലാത്ത അവസ്ഥയാണ്. ഈ ഭാഗത്തെ റോഡിന് വീതി കുറവാണ്. ചെറിയൊരു വാഹനം പാർക്ക് ചെയ്താൽ പോലും ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്.

 നിയമം പാലിക്കാതെ

പോങ്ങുംമൂട്, മാറനല്ലൂർ, കണ്ടല തുടങ്ങിയ സ്ഥലങ്ങളിൽ റോഡിനിരുവശത്തും ട്രാഫിക് നിയമം കാറ്റിൽ പറത്തിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. റോഡിന് വീതിയുണ്ടെങ്കിലും പേയാട് ജംഗ്ഷനിലും ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്. റോഡ് വീതി കൂട്ടിയതോടെ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിന് ഇരുവശത്തുമായിട്ടാണ് പാർക്ക് ചെയ്യാറുള്ളത്. മലയം, പൊറ്റയിൽ, ചൂഴാറ്റുകോട്ട, പെരുകാവ് തുടങ്ങിയ വിളവൂർക്കൽ പഞ്ചായത്ത് പ്രദേശത്തും അനധികൃത പാർക്കിംഗ് വ്യാപകമായിട്ടുണ്ട്.

 ആംബുലൻസും പോകണ്ട

സ്വകാര്യ കല്യാണമണ്ഡപത്തിലെത്തുന്ന വാഹനങ്ങളും പാർക്ക് ചെയ്യുന്നത് തിരക്കേറിയ റോഡിനിരുവശത്തുമാണ്. ചില ഘട്ടങ്ങളിൽ ആംബുലൻസിന് പോലും കടന്നുപോകാനാകാത്ത വിധത്തിലാണ് പാർക്കിംഗ്.

നോ പാർക്കിംഗിനു കീഴെ

മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ നോ പാർക്കിംഗ് ബോർഡിന്റെ കീഴെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

ക്യാപ്ഷൻ: മലയിൻകീഴ് ജംഗ്ഷനിലെ വാഹന പാർക്കിംഗ്

Advertisement
Advertisement