ഷട്ടറിലും പോളയിലും കുരുങ്ങി ജീവിതം
കോട്ടയം: തണ്ണീർ മുക്കം ബണ്ട് തുറന്ന് രണ്ടാഴ്ചയായിട്ടും ഇതുവരെ ഉയർത്തിയത് 90ൽ 36 ഷട്ടറുകൾ മാത്രം. ഇനി ഉയർത്താനുള്ളത് 54 ഷട്ടറുകൾ. പാതിയിലേറെ ഷട്ടറുകൾ തുറക്കാതെ വന്നതോടെ പായലും പോളയും അടിഞ്ഞ് പലയിടത്തും ജലഗതാഗതം നിലച്ചു. കടത്തുവള്ളം പോലും നീങ്ങാത്ത സാഹചര്യം വന്നതോടെ തിരുവാർപ്പ് പതിമൂന്നാം വാർഡിൽ മുപ്പത് കുടുംബാംഗങ്ങൾക്ക് വോട്ടിംഗ് കേന്ദ്രത്തിൽ എത്താൻ കഴിയാതായി.
ഏപ്രിൽ 12നാണ് ബണ്ട് ആദ്യം തുറന്നത്. 29 ഷട്ടറുകൾ ഉയർത്തിയതോടെ കൊയ്തു പൂർത്തിയായില്ലെന്ന് പറഞ്ഞ് കർഷകർ രംഗത്തെത്തി. ഇതോടെ ബാക്കി ഷട്ടറുകൾ ഉയർത്തുന്നത് നിറുത്തി.തുറന്ന ഷട്ടറുകൾക്കടിയിലെ കുത്തൊഴുക്കിൽ വല നശിച്ചതോടെ മത്സ്യത്തൊഴിലാളികൾ എതിർപ്പുമായെത്തി .ഇതോടെ ഏഴ് ഷട്ടറുകൾ കൂടി തുറന്നു.ബാക്കി 54 എണ്ണം തുറക്കുന്നത് വൈകുമെന്നാണ് അധികൃതർ പറയുന്നത്.
പാതിയൽ താഴെ ഷട്ടറുകൾ തുറന്നതിന് പിന്നാലെ പടിഞ്ഞാറു ഭാഗത്ത് ഒഴുക്കായി. പോള കിഴക്കുഭാഗത്തേക്ക് ഒഴുകി കനത്തിൽ അടിഞ്ഞുകിടക്കുകയാണ്. കവണാറ്റിൻകര, കൈപ്പുഴമുട്ട്, ചീപ്പുങ്കൽ തോടുകളിൽ നിന്നുള്ള ബോട്ട് സർവീസിനെയും ബാധിച്ചത് ടൂറിസം മേഖലയ്ക്കും തിരിച്ചടിയായി.
പഴുക്കാ നിലം, വെട്ടിക്കാട്ടുമുക്ക് ഭാഗത്ത് പോളതിങ്ങി നിറഞ്ഞതതോടെ കോട്ടയം - ആലപ്പുഴ ബോട്ട് സർവീസ് നിറുത്തി. തൊള്ളായിരം പാടശേഖരത്ത് കൊയ്ത നെല്ല് വള്ളത്തിൽകയറ്റി കരയ്ക്കെത്തിക്കാൻ കഴിയാതെ വന്നതോടെ പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വള്ളത്തിൽ വെള്ളംകൊണ്ടു വരുന്നത് നിലച്ചത് കുടിവെള്ള ശേഖരണത്തെയും ബാധിച്ചു.
ഇങ്ങനെയൊന്ന് ആദ്യമായി
തണ്ണീർ മുക്കം ബണ്ടിന്റെ ഷട്ടറുകൾ ഡിസംബർ 15ന് അടച്ച് മാർച്ച് 15നാണ് തുറക്കുന്നത്. ഈ വർഷം ഷട്ടർ തുറക്കാൻ ഏപ്രിൽ 12വരെ താമസിച്ചെങ്കിലും യന്ത്രസംവിധാനത്തിലൂടെ ഒന്നിച്ചു തുറക്കുന്ന പതിവ് ഒഴിവാക്കി. രണ്ടാഴ്ച പിന്നിട്ടിട്ടും പാതി ഷട്ടർ പോലും തുറക്കാത്തസ്ഥിതി ആദ്യമാണ്.
കോട്ടയം ആലപ്പുഴ ബോട്ട് സർവീസ് നിലച്ചത് ജലഗതാഗതവകുപ്പ് വരുമാനത്തെ ബാധിച്ചു. പായൽ തള്ളിനീക്കി ജലഗതാഗതം സുഗമമാക്കാനുള്ള ഒരു നീക്കവുംനടത്തുന്നില്ല .
പോളനിറഞ്ഞു കിടക്കുന്നത് ബോട്ട് സർവീസിനെ ബാധിച്ചത് ബോട്ട് സർവീസിനെ മാത്രം ആശ്രയിച്ചിരുന്ന സാധാരണക്കാരെ പ്രതിസന്ധിയിലാക്കി. തിരഞ്ഞെടുപ്പിന്റെ പേര്പറഞ്ഞ് പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവർ ഒരു ശ്രമവും നടത്തുന്നില്ല.
പൊന്നപ്പൻ (ബോട്ടുയാത്രികൻ )