സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷം: രണ്ട് പേർ അറസ്റ്റിൽ

Friday 26 April 2024 1:20 AM IST

തൊടുപുഴ: സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മാസ് ബസിലെ കണ്ടക്ടർ കോലാനി സ്വദേശി മനു, ഡ്രൈവർ മുതലക്കോടം സ്വദേശി അമൽ എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ്‌ ചെയ്തത്. ചൊവ്വാഴ്ചയാണ് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സംഘർഷമുണ്ടായത്. പുറപ്പെടുന്ന സമയത്തെച്ചൊല്ലി ഈരാറ്റുപേട്ട റൂട്ടിലോടുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പിൽ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു വാക്കേറ്റവും സംഘർഷവും ഉണ്ടായത്. സംഘർഷത്തിൽ ആനകെട്ടിപ്പറമ്പിൽ ബസിലെ ഡ്രൈവർ ഇടവെട്ടി സ്വദേശി സക്കീറിന് ഗുരുതര പരിക്കേറ്റു. സംഘർഷത്തിനിടെ തലയ്ക്കടിയേറ്റ്‌ ബോധരഹിതനായി വീഴുകയായിരുന്നു. ആദ്യം തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ ഹൃദ്രോഗിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. അമ്മാസ് ബസിന്റെ ഉടമയടക്കം കേസിൽ ആറ് പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ആനകെട്ടിപ്പറമ്പിൽ ബസ് സ്റ്റാൻഡിൽ നിന്ന്‌ പോകാൻ വൈകിയതിനെച്ചൊല്ലിയായിരുന്നു തർക്കവും സംഘർഷവും.

Advertisement
Advertisement