'തിരുവനന്തപുരവും തൃശൂരും ബിജെപിക്ക്, ബാക്കി 18 എൽഡിഎഫിനും, ഇതാണ് അവരുടെ ഡീൽ'; കെ മുരളീധരൻ

Friday 26 April 2024 11:59 AM IST

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി 18 എണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം -ബിജെപി അന്തർധാരയുടെ ഫോർമുലയെന്ന് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തിരുവനന്തപുരവും തൃശൂരും ആണ് ഡീൽ അനുസരിച്ച് ബിജെപിക്ക് ലഭിക്കുക. ബാക്കി 18 എൽഡിഎഫിനും. ഈ അന്തർധാര കോൺഗ്രസ് പൊളിക്കുമെന്നും, 20 സീറ്റിലും വിജയം നേടുമെന്നും മുരളീധരൻ പറഞ്ഞു.

'യുഡിഎഫിന് 100 ശതമാനം വിജയം ഉറപ്പാണ്. തിരുവനന്തപുരവും തൃശൂരും ഉൾപ്പെടെ 20 മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. ഞങ്ങൾക്ക് വിജയം ഉറപ്പാണ്. കോസ്റ്റൽ ബെൽറ്റിലൊക്കെ നല്ല ക്യൂവാണ്. അതെല്ലാം യുഡിഎഫിന് തികച്ചും അനുകൂലമാണ്. അതുകൊണ്ട് തൃശൂരിൽ യുഡിഎഫിന് വിജയം ഉറപ്പാണ്.' - കെ മുരളീധരൻ പറഞ്ഞു.

'സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ കാര്യം ഞാനല്ലേ ആദ്യം പറഞ്ഞത്. അപ്പോൾ എല്ലാവരും അത് തമാശയായെടുത്തു. അന്തർധാര വളരെ ശക്തമാണ്. എല്ലാ കാര്യവും മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞ് മാത്രമേ ആ പാർട്ടിയിൽ നടക്കൂ. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തൃശൂർ സിപിഎം ജില്ലാ ഓഫീസിൽ വന്നത് തന്നെ ഡീൽ ഉറപ്പിക്കാനാണ്. അത് പലയിടത്തും കാണാം.' - മുരളീധരൻ ആരോപിച്ചു.

'സിപിഎമ്മിന്റെ പല പ്രമുഖരുടെയും അഭാവം തൃശൂരിൽ നിഴലിച്ച് കാണുന്നുണ്ട്. അത് തന്നെയാണ് ഏറ്റവും വലിയ തെളിവ്. കോൺഗ്രസിനെ നശിപ്പിക്കുകയാണ് ഈ ഡീലിന്റെ പ്രധാന ഉദ്ദേശ്യം. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം എന്ന് പറയുന്നതുപോലെ, സ്വന്തം കേസുകളിൽ നിന്ന് ഊരുകയും ചെയ്യാം. കോൺഗ്രസിനെ ശരിയാക്കുകയും ചെയ്യാം.' - മുരളീധരൻ പറഞ്ഞു.

Advertisement
Advertisement