സൈബർ ഇടത്തിന് ലോഗ് ഔട്ട് , വോട്ടെണ്ണലിന് ലോഗ് ഇൻ

Saturday 27 April 2024 12:28 AM IST

മാറുന്ന കാലത്തിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ രീതികൾക്കും പാടെ ഒരു പൊഴിച്ചെഴുത്താണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂരിൽ കാണാൻ കഴിഞ്ഞത്. യുവാക്കളെ ആകർഷിക്കുന്നതിന് ഡി.ജെ. നൈറ്റ് ഉൾപ്പെടെ മുന്നണികൾ കണ്ണൂരിൽ സംഘടിപ്പിക്കുകയുണ്ടായി എന്നത് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ആദ്യ സംഭവമാണ്. ഇത്തരത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഴു നീളെ ഒരു ന്യൂ ജെൻ ട്രെന്റ് കൊണ്ടു വരാൻ മുന്നണികളെല്ലാം തന്നെ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിയത്. കഴിഞ്ഞ തിരഞ്ഞടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കണ്ണൂർ കണ്ടത് സൈബർ ലോകത്ത് കോളിളക്കം സൃഷ്ട്ടിച്ചുക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണം കൂടിയാണ്. സ്ഥാനാർത്ഥി പര്യടനങ്ങൾ ശക്തമായി തുടരുമ്പോൾ തന്നെ മുന്നണികൾ സോഷ്യൽ മീഡിയയിലും വലിയ തരത്തിലുള്ള പ്രചാരണങ്ങളാണ് നടത്തിയത്.

എല്ലാം സോഷ്യൽ

മീഡിയ മയം

വാട്സ് ആപ്പ്, ഫേസ് ബുക്ക്, ഇൻസ്റ്റാ ഗ്രാം തുടങ്ങി. സോഷ്യൽ മീഡിയയുടെ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നണികളെത്തി. ന്യൂ ജെൻ ‌ ട്രെന്റിനൊപ്പം എത്താൻ റീൽസുകൾക്കും ഫോട്ടോഷൂട്ടുകൾക്കും പുറമെ എഡിറ്റിംഗും മോർഫിംഗും വരെ മുന്നണികൾ പരസ്പരം സോഷ്യൽ മീഡിയയിലൂടെ ആയുധമാക്കി. പൊതുവെ പോസ്റ്ററുളിൽ നിന്നും ബാനറുകളിൽ നിന്നും മാറി സമൂഹ മാദ്ധ്യമങ്ങളിലാണ് മുന്നണികൾ പ്രചാരണം ശക്തിപ്പെടുത്തിയത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് നാട്ടിൻ പുറങ്ങളിലും നഗര പ്രദേശങ്ങളിലുമെല്ലാം ബാനറുകളും പോസ്റ്ററുകളുമെല്ലാം വലിയ തോതിൽ അപ്രത്യക്ഷമായി. സ്ഥാനാർത്ഥികളുടെ പര്യടനത്തിനിടയിലുള്ള ഫോട്ടോകളും ചെറു വീഡിയോകളും അതിനൊപ്പം ട്രെന്റിംഗ് പാട്ടുകളുമെല്ലാം ചേർത്താണ് സോഷ്യൽ മീഡിയയിൽ പ്രചാരണം കൊഴുപ്പിച്ചത്.

പഴയ പോലെ ബാനറുകളും പോസ്റ്ററുകളും മാത്രം ഉപയോഗിച്ചുള്ള പ്രചരണം വേണ്ടത്ര ഫലം കാണില്ലെന്ന കൃത്യമായ ധാരണയിലായിരുന്നു മുന്നണികൾ എല്ലാം തന്നെ. അതിനാൽ ന്യൂജെൻ വോട്ടർമാർ ഉൾപ്പെടെ ഉള്ളവരെ ലക്ഷ്യമാക്കിയുള്ള പ്രചരണം ഭൂരിഭാഗവും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയുമെല്ലാമാണ് നടന്നത്. ഏറെ പുതുമയോടെ ചെയ്യുന്ന ഇത്തരം വീഡിയോകളും ഫോട്ടോകളുമെല്ലാം വാട്സ് ആപ്പിൽ സ്റ്റാറ്റസ് ആക്കിയും മറ്റ് സമൂഹമാദ്ധ്യമങ്ങിൽ പോസ്റ്ര് ചെയ്തുമെല്ലാമാണ് അണികൾ ആഘോഷമാക്കിയത്. മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം പൊതു സ്ഥലങ്ങളിൽ ഇലക്ട്രിക് പോസ്റ്റ് പോലുള്ളവയിൽ ഫ്ലക്സ് ബോർഡുകളോ മറ്റ് തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട ബോർഡുകളോ സ്ഥാപിക്കാൻ പാടില്ലെന്ന നിർദ്ദേശവുമുണ്ടായിരുന്നു. ഇത് ലംഘിച്ചവർക്കെതിരെ ചിലയിടങ്ങളിൽ അധിക‌ൃതർ നടപടിയെടുത്തതോടെ ഇത്തരം തലവേദനകൾ എല്ലാം ഒഴിവാക്കുന്നതിന് സോഷ്യൽ മീഡിയ പ്രചാരണം തന്നെയാണ് എന്തുകൊണ്ടും ഗുണകരമെന്ന് മുന്നണികളും തീരുമാനിക്കുകയായിരുന്നു.

പാരഡിയെ

ചേർത്തുപ്പിടിച്ച്

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാൻ പാരഡി പാട്ടുകൾ ഇത്തവണയും മുന്നണികൾ കൈവിട്ടില്ല. ഓരോ സ്ഥാനാർത്ഥിക്കും പ്രത്യേകം ഗാനങ്ങളും അനൗൺസ്‌മെന്റുമാണ് പ്രചാരണം കൊഴുപ്പിക്കാൻ പാർട്ടികൾ തയാറാക്കിയത്. പാരഡി പാട്ടുകളുടെ അകബടിയോടെ സ്ഥാനാർത്ഥിയുടെ വാഹനവും കടന്നു വരുന്നതോടെ അണികളുടെയും വോട്ടർമാരുടെയും ആവേശം ഇരട്ടിക്കുകയാണ്. കടുവ സിനിമയിലെ പാലാപ്പള്ളി തന്നെയാണ് പ്രചരണ ഗാനങ്ങളിൽ മുൻപന്തിയിലുള്ളത്. സ്ഥാനാർത്ഥികളുടെ വിവരങ്ങളും മുദ്രാവാക്യങ്ങളും മുന്നണികളുടെ നേട്ടങ്ങളുമൊക്കെ ചേർത്ത് ഈണത്തിനോടൊപ്പം ചേർത്താൽ പാട്ട് തയ്യാർ. മൂന്ന് മുന്നണികളും ഈ പാട്ടിന്റെ ഈണത്തിൽ പാരഡികൾ ഇറക്കിയിട്ടുണ്ട്. നാടൻ പാട്ടുകളും, മലബാറിന്റെ സ്വന്തം മാപ്പിള പാട്ടുകളും മുന്നണികൾ തയ്യാറാക്കിയിട്ടുണ്ട്. കൂട്ടത്തിൽ എൽ.ഡി.എഫിന് തന്നെയാണ് നാടൻ പാട്ടുകളോട് ഏറെ പ്രിയം.

ഡി.ജെ നൈറ്റുമായി

എം.വി.ജയരാജൻ

തിരഞ്ഞെടുപ്പ് ഡ്രെന്റായി ഡി.ജെ നൈറ്റും ‌ഡി.ജെ നൈറ്റുകളും തിരഞ്ഞെടുപ്പ് ട്രെന്റായി മാറിയിരിക്കുകയാണ്. യുവാക്കളെ തിരഞ്ഞെടുപ്പിലേക്കും സ്ഥാനാർത്ഥികളിലേക്കും അടുപ്പിക്കുന്നതിനായി ന്യൂജെൻ തരംഗത്തിനൊപ്പമാണ് മുന്നണികളെല്ലാം. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ഇടതു മുന്നണി കണ്ണൂർ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽ.ഡി.വൈ.എഫ് പയ്യാമ്പലം ബീച്ചിൽ സംഘടിപ്പിച്ച 'സെലിബ്രേഷൻ ഒഫ് ഡെമോക്രസി വിത്ത് എം.വി. ജയരാജൻ' എന്ന മ്യൂസിക്കൽ ബാൻ ഷോ കണ്ണൂരുകാർക്ക് പതിവു തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വ്യത്യസ്ത അനുഭവമാണ് നൽകിയത്. കൈതോല പായവിരിച്ചും, കറുകറെ കാർമുകിൽ തുടങ്ങിയ ഗനങ്ങളെല്ലാം യുവാക്കൾ ഉൾപ്പെടെയുള്ളവരെ ഇളക്കി മറിച്ചു.

സോഷ്യൽ മീഡിയ

സേഫാണ്

മുന്നണികൾ സ്ഥാപിച്ച ഫ്ലക്സ് ബോർഡുൾ പലയിടങ്ങളിലും നശിപ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കുറ്റ്യൂട്ടൂർ വടുവൻകുളത്ത് കെ. സുധാകരന്റെ പ്രചാരണ ബോർ‌ഡ് തീവച്ച് നശിപ്പിച്ചിരുന്നു. പിന്നിൽ സി.പി.എം പ്രവർത്തകർ ആണെന്നായിരുന്നു യു.ഡി.എഫിന്റെ ആരോപണം. പണം ചിലവൊഴിച്ച് ഫ്ലക്സ് ബോർഡുൾ സ്ഥാപിച്ച് അത് നശിപ്പിക്കപ്പെടുമ്പോഴും വലിയ ക്ഷീണമാണ് മുന്നണികൾക്കുണ്ടാകുന്നത്. സോഷ്യൽ മീഡിയയിൽ അൽപ്പം പണം ചിലവാക്കി പ്രചരണം കൊഴുപ്പിച്ചാലും ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നില്ലെന്നതും മുന്നണികൾക്ക് നേട്ടമാണ്.

മോർഫിംഗ്

പ്രചരണവും

സമൂഹ്യമാദ്ധ്യമങ്ങളിൽ എതിർപാർട്ടിക്കാരുടെ സൈബർ പോരാളികൾ നടത്തുന്ന മോർഫിംഗ് ഫോട്ടോകൾ സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും നേതാക്കന്മാർക്കും വലിയൊരളവിൽ തലവേദനയായിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനൊപ്പം പാലത്തായി പീഡനകേസ് പ്രതിയുടെ ചിത്രം ചേർത്തു കൊണ്ടുള്ള ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ പ്രചരിച്ചത്. വടകര പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്നത് ജയരാജനാണ്. പിന്നാലെ യു.ഡി.എഫും എൻ.ഡി.എയും ആഘോഷിച്ച പോസ്റ്റിലെ യഥാർത്ഥ ചിത്രം പുറത്തുവിട്ട് എൽ.ഡി.എഫ് പ്രതിരോധമൊരുക്കുകയുണ്ടായി. സംഭവത്തിൽ ജയരാജൻ നിയമ നടപടിയിലേക്കും കടന്നു. തൊട്ടു പുറകെ സി.പി.എം പെരുനാട് ലോക്കൽ കമ്മറ്റി സെക്രട്ടറി റോബിൻ കെ. തോമസിന് പകരം പീഡനകേസ് പ്രതിയുടെ ചിത്രം മോർഫ് ചെയ്ത് കയറ്റിയതും വലിയ ചർച്ചയ്ക്ക വഴിവെച്ചിരുന്നു. ഇതിന് പുറമെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം നിൽക്കുന്ന ഫോട്ടോയും വ്യാജമായി നിർമ്മിച്ചു പ്രചരിപ്പിച്ചു. സംഭവത്തിൽ തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവിനെതിരെ വളപട്ടണം പൊലീസ് കേസെടുക്കുകയുണ്ടായി. എതിർപാർട്ടികൾ നിമിഷ നേരം കൊണ്ടാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇത്തരം മോർഫിംഗ് ഫോട്ടോകൾ പരമാവധി ഷെയർ ചെയ്യുന്നത്. വ്യാജ പ്രചരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പും വക വെക്കാതെയുള്ള പ്രവർത്തനങ്ങളാണ് സൈബർ പോരാളികളുടെ ഭാഗത്തു നിന്നും ഉണ്ടായത്.

Advertisement
Advertisement