കൊല്ലങ്കോട്ടുകാരുടെ മോഹഭംഗം

Saturday 27 April 2024 12:34 AM IST

അവഗണനയുടെ മാത്രം കഥ പറയാനുള്ള കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ പ്രതീക്ഷയുടെ ചൂളംവിളി എന്നുയരും? സൗകര്യങ്ങളുടെ അഭാവത്തിൽ വീർപ്പുമുട്ടുന്ന സ്റ്റേഷന്റെ വികസനം ഇനിയെപ്പോൾ ട്രാക്കിലാകും?​ കൂടുതൽ ട്രെയിനുകളെന്ന ആവശ്യവും എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുക,​ പ്ലാറ്റ്ഫോമുകളുടെ നവീകരണവും അടിസ്ഥാന സൗകര്യം ഒരുക്കലും ഉൾപ്പെടെ ഇപ്പോഴും റെയിൽവേയുടെ റെഡ് സിഗ്നലിൽ കുരുങ്ങിക്കിടക്കുകയാണ്. യാത്രക്കാരുടെ ആവശ്യങ്ങൾക്ക് നേരെ ഒന്നുനടക്കില്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ് റെയിൽവേ.

പ്രധാനപ്രശ്നം

'സ്റ്റോപ്പ്'

പാലക്കാട് - പൊള്ളാച്ചി പാതയിലെ പ്രധാന റെയിൽവേ സ്റ്റേഷനാണ് കൊല്ലങ്കോട്. ഇതുവഴിയുള്ള മിക്ക ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കാത്തത് ജനങ്ങളെ നിരാശരാക്കുന്നു. പാലക്കാടിനും പൊള്ളാച്ചിക്കും ഇടയിലുള്ള 58 കിലോമീറ്റർ ദൂരത്തിനിടയിൽ പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല എന്നിങ്ങനെ സ്റ്റേഷനുകൾ ഉണ്ടെങ്കിലും പല ട്രെയിനുകളും പാലക്കാട് വിട്ടാൽ പിന്നെ പൊള്ളാച്ചിയിലാണ് നിൽക്കുന്നത്. ഇത് ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ ട്രെയിൻ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ പാലക്കാട് - പൊള്ളാച്ചി പാതവഴി സർവീസിന് ഒരുങ്ങുന്ന മംഗലാപുരം - രാമേശ്വരം എക്സ്പ്രസ്, പാലക്കാട് - ബംഗളൂരു ഉദയ് ഡബിൾ ഡക്കർ എക്സ്പ്രസ് എന്നിവയ്ക്കും നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ചെന്നൈ - എക്സ്പ്രസിനും കൊല്ലങ്കോട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.

കോടികൾ ചെലവിട്ട് ഗേജ് മാറ്റം പണികളും വൈദ്യുതീകരണവും പൂർത്തിയാക്കിയ പൊള്ളാച്ചി പാതയിൽ നിലവിൽ അമൃതയുൾപ്പെടെ രണ്ടു തീവണ്ടികൾക്കു മാത്രമാണ് കൊല്ലങ്കോട് സ്റ്റേഷനിൽ സ്റ്റോപ്പുള്ളത്. നേരത്തെ ഇതുവഴി സർവീസ് നടത്തിയിരുന്ന എല്ലാ പാസഞ്ചർ വണ്ടികൾക്കും കൊല്ലങ്കോട് സ്റ്റോപ്പ് ഉണ്ടായിരുന്നു. കൊല്ലങ്കോടിന് പുറമേ വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം, കൊടുവായൂർ, നെന്മാറ, ചിറ്റൂർ, കൊഴിഞ്ഞാമ്പാറ പ്രദേശങ്ങളിലെ യാത്രക്കാർക്ക് കൊല്ലങ്കോട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചാൽ യാത്ര സുഗമമാകും.

ഗേജ് മാറ്റം പണികൾ പൂർത്തിയാകുന്നതോടെ പൊള്ളാച്ചി പാതയിൽ കൂടുതൽ തീവണ്ടികളെത്തുമെന്നും ഇതുവഴിയുള്ള തീവണ്ടിയാത്ര സുഗമമാകുമെന്നുമായിരുന്നു ജനങ്ങൾക്കുണ്ടായിരുന്ന പ്രതീക്ഷ. എന്നാൽ, പദ്ധതി പൂർത്തിയായി പുതിയ വണ്ടികൾ വന്നുതുടങ്ങുമ്പോൾ പാളത്തിനിരുവശവും നിന്ന് വണ്ടികൾ കടന്നുപോകുന്നത് കണ്ടുനിൽക്കാമെന്നല്ലാതെ യാത്രയ്ക്ക് ഉപയോഗമില്ല.

യാത്രക്കാരുടെ

എണ്ണത്തിൽ കുറവില്ല

പാലക്കാട് - തിരിച്ചെന്തൂർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചെന്ന് റെയിൽവേ പറയുമ്പോഴും കൂടുതൽ കമ്പാർട്ട്‌മെന്റുകൾ അനുവദിക്കണമെന്ന ആവശ്യം പരിഹാരമാകാതെ നീളുകയാണ്. നിലവിൽ 13 കമ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. പഴനി മുരുകൻ ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രത്തിലേക്കാണ് ഏറ്റവും കൂടുതൽപേർ തിരിച്ചെന്തൂർ ട്രെയിനിനെ ആശ്രയിക്കുന്നത്. ട്രെയിൻ ആരംഭിച്ചത് മുതൽ തുടങ്ങിയ ജനത്തിരക്ക് അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പാലക്കാട്‌ - പൊള്ളാച്ചി റൂട്ടിൽ നഷ്ടത്തിൽ ആണെന്ന് റെയിൽവേ വരുത്തി തീർക്കുകയും നിറുത്തിവച്ച പാസഞ്ചറുകൾ പുനഃസ്ഥാപിക്കാതെയുമുള്ള സാഹചര്യത്തിലാണ് തിരിച്ചെന്തൂർ ട്രെയിനിൽ സൂചി കുത്താൻ പോലും സ്ഥലമില്ലാത്ത തിരക്ക് അനുഭവപ്പെടുന്നത്.

പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ് എന്നീ സ്റ്റേഷനുകളിൽ നൂറിലധികം യാത്രക്കാരാണ് ഒരു ദിവസം കയറുന്നത്. തിരിച്ച് ഇറങ്ങുന്നവർ ഇതിലും കൂടുതലാണ്. അപ്പോഴും റെയിൽവേ പറയുന്നത് ഈ റൂട്ട് നഷ്ടത്തിലാണെന്നാണ്. പാലക്കാട് - മധുര, പാലക്കാട് - പഴനി റൂട്ടുകളിൽ പാസഞ്ചർ ട്രെയിനുകൾ കൂടുതൽ അനുവദിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും അതിനുള്ള നടപടികളൊന്നും റെയിൽവേ കൈകൊണ്ടിട്ടില്ല. ആരംഭിക്കാൻ പോകുന്ന പാലക്കാട്‌ - കോയമ്പത്തൂർ - ബംഗളൂരു ഡബിൾ ഡക്കർ എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കില്ലെന്നാണ് പാലക്കാട് ഡിവിഷൻ അധികൃതർ പറയുന്നത്.

അമൃത എക്സ്പ്രസ് മധുരയിലേക്ക് നീട്ടിയിരുന്ന കാലം മുതൽ സർവീസ് നടത്തുന്ന ചെന്നൈ - പാലക്കാട് എക്സ്പ്രസിന് ഇതുവരെയും കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കാൻ തയാറായിട്ടില്ല. വൈദ്യുതിമാറ്റവും ഗേജ്മാറ്റവുമെല്ലാം പൂർത്തീകരിച്ച റൂട്ടിൽ പാസഞ്ചർ ട്രെയിനുകളെക്കാൾ കൂടുതൽ ചരക്ക് ഗതാഗത ട്രെയിനുകളാണ്. നിരവധി യാത്രക്കാർ ഉള്ള റൂട്ടിൽ പാലരുവി എക്സ്പ്രസിനെ പഴനി വരെ ദീർഘിപ്പിക്കണം എന്നും എറണാകുളം - പാലക്കാട് മെമു പൊള്ളാച്ചിവരെ ദീർഘിപ്പിക്കണം എന്നുമുള്ള ആവശ്യം പോലും റെയിൽവേ പരിഗണിക്കാത്തത് തിരഞ്ഞെടുപ്പു കാലത്തും പാസഞ്ചർ അസോസിയേഷനുകൾ വിഷയമാക്കാറുണ്ടെങ്കിലും റെയിൽവേക്ക് ഒരു അനക്കവും ഇല്ല.

ഇരുട്ട് നിറയുന്ന

പ്ലാറ്റ്ഫോം

കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ബൾബുകൾ പൂർണമായും പ്രകാശിക്കാത്തതിനാൽ സന്ധ്യമയങ്ങിയാൽ യാത്രക്കാർ ഇരുട്ടിലാണ്. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ സ്ഥാപിച്ച പത്തിലധികം ബൾബുകൾ പ്രകാശിക്കാത്തതിനാൽ യാത്രക്കാർ ദുരിതത്തിലായിട്ടുള്ളത്. അമൃത, തിരുച്ചെന്തൂർ ട്രെയിനുകൾ എത്തുന്ന സമയങ്ങൾ ഇരുട്ടായതിനാൽ യാത്രക്കാർ മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് പ്രധാന കവാടം വരെ എത്തുന്നത്. തെരുവുനായ്ക്കളും കാട്ടുപന്നികളും താവളമാക്കിയ പ്ലാറ്റ്‌ഫോമുകളുടെ അഗ്രഭാഗങ്ങളിൽ പുല്ലും കുറ്റിക്കാടും വെട്ടിത്തെളിച്ച് പ്രകാശിക്കാത്ത ബൾബുകൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്നും റെയിൽവേ സ്റ്റേഷനു മുന്നിൽ ഹൈമാസ്റ്റ് ബൾബുകൾ സ്ഥാപിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം നീളം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തോടും മുഖം തിരിക്കുന്ന സമീപനമാണ് റെയിൽവേ സ്വീകരിക്കുന്നത്. പ്ലാറ്റ്‌ഫോമിന്റെ നീളം കുറഞ്ഞതിനാൽ അമൃത എക്സ്പ്രസ് ഉൾപ്പെടെ ട്രെയിനുകളുടെ മൂന്ന് ബോഗികൾ പ്ലാറ്റ്‌ഫോമിന്റെ പുറത്ത് നിൽക്കുകയാണ്. ഇതുമൂലം യാത്രക്കാർ ട്രെയിനിൽ നിന്ന് ഇറങ്ങാനും കയറാനും ഏറെ ദുരിതമനുഭവിക്കുകയാണ്. നീളം കൂടിയ ട്രെയിനുകൾ നിറുത്താനുള്ള സൗകര്യം കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ ഇല്ലാത്തതിനാൽ വൃദ്ധരായ നിരവധി യാത്രക്കാർ കയറി ഇറങ്ങുമ്പോൾ താഴെ വീണ് പരിക്കേൽക്കുന്നതും പതിവാണ്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും പാലക്കാട് ഡിവിഷൻ മുന്നേറുമ്പോൾ യാത്രക്കാരുടെ ന്യായമായ ആവശ്യങ്ങൾ ഇനിയെങ്കിലും അനുഭാവപൂർവ്വം പരിഗണിക്കാൻ റെയിൽവേ മന്ത്രാലയം തയ്യാറാകണം.

Advertisement
Advertisement