വോട്ടിടാൻ കാടും കടത്തും കടന്ന്

Saturday 27 April 2024 2:19 AM IST

വെള്ളറട: കാടും കടത്തും കടന്ന് കാൽനടയായി വോട്ടവകാശം രേഖപ്പെടുത്താനെത്തിയ ആദിവാസികൾക്ക് തിരിച്ച് ഊരിലെത്താൻ വൈകിട്ട് വരെ കാത്തുനിൽക്കേണ്ടി വന്നു. നെയ്യാർ റിസർവയറിലെ 11 ഊരുകളിൽ നിന്നുള്ളവർ മായത്തുള്ള ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഊരുകളിൽ മാത്രം 1500ൽ പരം വോട്ടുണ്ട്. കാട്ടിനുള്ളിൽ ഒരു കമ്മ്യൂണിറ്റി ഹാളും സ്കൂളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പോളിംഗിനുള്ള സൗകര്യം ഏർപ്പെടുത്തിയാൽ കാത്തുനിന്ന് വോട്ട് ചെയ്ത് വൈകുന്നേരത്തോടെ ഊരുകളിലെത്തുന്ന അവസ്ഥയ്ക്ക് പരിഹാരമാകുമായിരുന്നുവെന്ന് ആദിവാസികൾ പറയുന്നു. വെളുപ്പിനെ 5 മണിക്ക് ഊരുകളിൽ നിന്നും കാൽനടയായി വന്ന് കടത്ത് കടന്ന് വീണ്ടും വാഹനങ്ങളിൽ കയറി വോട്ടിംഗ് കേന്ദ്രത്തിലെത്തിയാൽ വോട്ട് ചെയ്യാൻ മണിക്കൂർ കണക്ക് കാത്തിരിക്കണം. ഇത് കഴിഞ്ഞ് തിരികെ ഊരിലേയ്ക്കുള്ള കടത്തുവള്ളത്തിനായി മണിക്കൂറുകളാണ് ഇവർക്ക് കാത്തിരിക്കേണ്ടി വരുന്നത്. തിരികെപ്പോകാൻ വൈകിയാൽ വന്യജീവികളെയും പേടിക്കേണ്ട അവസ്ഥയിലാണെന്ന് ഇവർ പറയുന്നു.

Advertisement
Advertisement