വോട്ട് വീണു; തൃശൂരിൽ ആര് വാഴും?

Saturday 27 April 2024 12:00 AM IST

തൃശൂർ: വോട്ട് പെട്ടിയിൽ വീണു, ഇനി ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പ്. ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ തൃശൂർ ലോക്‌സഭാ മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്ന് പോളിംഗ് കഴിയുമ്പോഴും പ്രവചനാതീതം.

സ്ഥാനാർത്ഥിപ്രഖ്യാപനത്തിന് മുൻപേ വീറും വാശിയും ഉയർന്ന തൃശൂർ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ആവേശം കൊട്ടിക്കയറിയതു പോലെയായിരുന്നു ആദ്യമണിക്കൂറുകളിലെ പോളിംഗ്. രാവിലെ തന്നെ ബൂത്തുകൾ നിറഞ്ഞുകവിഞ്ഞു. കടുത്ത ചൂടും തിരഞ്ഞെടുപ്പിന്റെ ആവേശവുമെല്ലാമായപ്പോൾ വയോജനങ്ങളും സ്ത്രീകളും അടക്കം നേരത്തെയെത്തി.

രാവിലെ ആറരയോടെ മണലൂർ നിയമസഭാ മണ്ഡലത്തിലെ കേച്ചേരി ജി.എൽ.പി സ്‌കൂളിൽ കണ്ടത് വൻ തിരക്കായിരുന്നു. രാവിലെ ആറോടെ തന്നെ ജനങ്ങൾ ബൂത്തിലേക്ക് വരാൻ തുടങ്ങിയിരുന്നു. ഒരു മണിക്കൂറിലേറെ വരി നിന്നാണ് ജനങ്ങൾ വോട്ട് ചെയ്ത് മടങ്ങിയത്. എന്നാൽ വൈകിട്ട് ആ കുതിപ്പുണ്ടായില്ല. മുൻ തിരഞ്ഞെടുപ്പുകളിലേതു പോലെ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കാതിരുന്നത് ആശ്വാസമായി.

പൂങ്കുന്നത്ത് എൽ.ഡി.എഫ് - ബി.ജെ.പി. തർക്കമുണ്ടായതു മാത്രമാണ് നേരിയ സംഘർഷസാദ്ധ്യതയിലേക്ക് എത്തിയത്. പ്രശ്‌ന ബാധിത ബൂത്തുകളിൽ സി.ആർ.പി.എഫിനെ വിന്യസിച്ചാണ് വോട്ടിംഗ് നടത്തിയത്.


ആദ്യമേ കുതിച്ച് പോളിംഗ്:


പോളിംഗ് ആദ്യ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ: 5.51%

ഉച്ചയ്ക്ക് 2 മണി: 47.35

3.00: 50.12

4.18 : 60.00

5.00: 65.49

5.40 : 66.60


2019ൽ കുതിച്ചുയർന്നു

തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ 2019 ൽ 77.92 ആയിരുന്നു പോളിംഗ്. 2014 ൽ 72.17 ശതമാനമായിരുന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുതിച്ചുയർന്നത്. 2014 ൽ എൽ.ഡി.എഫിനൊപ്പം നിലകൊണ്ട തൃശൂർ, 2019 ൽ യു.ഡി.എഫിനെ ചേർത്തു പിടിക്കുകയും ചെയ്തു.


2019 ലെ നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് നില ആകെ ശതമാനം, പുരുഷന്മാരുടെ ശതമാനം, സ്ത്രീകളുടെ ശതമാനം, ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ശതമാനം എന്ന ക്രമത്തിൽ:


തൃശൂർ ലോക്‌സഭ മണ്ഡലം:


ഗുരുവായൂർ 74.36, 68.62, 79.68, പൂജ്യം.

മണലൂർ: 77.96, 74.45, 81.22, പൂജ്യം.

ഒല്ലൂർ: 79.76, 80.69, 78.87, പൂജ്യം.

തൃശൂർ: 74.52, 75.76, 73.39, 50.

നാട്ടിക: 77.56, 75.56, 79.37, 50.

ഇരിങ്ങാലക്കുട: 78.82, 76.92, 80.57, 50.

പുതുക്കാട്: 81.71, 80.49, 82.87, പൂജ്യം.

Advertisement
Advertisement