ആകെ കൺഫ്യൂഷൻ,ടെൻഷൻ...

Friday 26 April 2024 8:53 PM IST

കോട്ടയം: അടിയൊഴുക്കുകൾ ശക്തമായ കോട്ടയം മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി പിടിക്കുന്ന വോട്ട് എൽ.ഡി.എഫ് ,​യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ജയപരാജയത്തെ ബാധിക്കുമെന്ന നേതാക്കളുടെ ആശങ്ക വോട്ടെടുപ്പ് അവസാനിച്ചതോടെ ശക്തമായി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന പി.സി തോമസ് 155135 വോട്ട് (17.04ശതമാനം)​ പിടിച്ചിരുന്നു. ഇക്കുറി തുഷാർ വോട്ടുവിഹിതം ഉയർത്തുമെന്ന് ഇരുമുന്നണി നേതാക്കളും സമ്മതിക്കുന്നു.

ഈഴവ ഭൂരിപക്ഷ പ്രദേശങ്ങളിൽ ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. ഇത് പരമ്പരാഗത ഇടതുപക്ഷ വോട്ട് ബാങ്കിൽ ചോർച്ച ഉണ്ടാക്കിയത് തോമസ് ചാഴികാടനെ ബാധിക്കുകയെന്ന് യു.ഡി.എഫ് നേതാക്കൾ അവകാശപ്പെടുമ്പോൾ വൈക്കം പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായ സ്ഥലങ്ങളിൽ കാര്യമായ ചോർച്ച യു.ഡിഎഫ് പക്ഷത്താകും ഉണ്ടാവുകയെന്ന് ഇടതുനേതാക്കളും പറയുന്നു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ കുടംബയോഗങ്ങളിലൂടെ നടത്തിയ പ്രചാരണം എൻ.ഡി.എയ്ക്ക് ഏറെ സഹായകരമെന്നാണ് എൽ.ഡിഎഫ്,യു.ഡിഎഫ് വിലയിരുത്തൽ.

തോമസ് ചാഴികാടൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളത്. ക്ലീൻ ഇമേജും എം.പിയെന്ന നിലയിലുള്ള ചാഴികാടന്റെ പ്രവർത്തനവും നിഷ്പക്ഷ വോട്ടുകൾ വരെ ലഭിക്കാനിടയാക്കി. തുഷാർ പിടിക്കുന്ന വോട്ടുകൾ യു.ഡി.എഫിനെയും ബാധിക്കും.

മന്ത്രി വി.എൻ.വാസവൻ

ഫ്രാൻസിസ് ജോർജ് വൻ ഭൂരിപക്ഷം നേടും..ഇടതുമുന്നണി രണ്ട് അപരന്മാരെ കൊണ്ടു വന്നതു പൊളിഞ്ഞു .ഓട്ടോറിക്ഷചിഹ്നവും നേട്ടമായി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

തുഷാർ വെള്ളാപ്പള്ളി ഇരു മുന്നണികളെയും ഞെട്ടിച്ചു അട്ടിമറി ജയം നേടുമെന്ന ശുഭ പ്രതീക്ഷയാണുള്ളത്. എല്ലാ ബൂത്തുകളിലും എൻ.ഡി എ ഏജന്റുമാർ സജീവമായിരുന്നു.

ലിജിൻ ലാൽ (ബി.ജെ.പി ജില്ലാ പ്രസിഡന്റ്)

Advertisement
Advertisement