ബീപ് ശബ്ദം മുഴങ്ങുന്നത് വൈകി; ബൂത്തുകളിൽ രാത്രിയിലും നീണ്ട ക്യൂ

Friday 26 April 2024 10:06 PM IST

കാസർകോട്: പലകാരണങ്ങൾ മൂലം വോട്ടെടുപ്പ് പ്രകിയ വൈകിയതിനാൽ കാസർകോട് ജില്ലയിലെ പലയിടത്തും പോളിംഗ് തുടരേണ്ടിവന്നു. പോളിംഗ് അവസാനിക്കേണ്ട ആറുമണി കഴിഞ്ഞിട്ടും ഭൂരിഭാഗം പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ ആയിരുന്നു.ആറുമണിക്ക് മുമ്പ് ക്യൂവിൽ എത്തിയ വോട്ടർമാർക്ക് ടോക്കൺ നൽകിയാണ് വോട്ട് രേഖപ്പെടുത്താൻ അവസരം നൽകിയത്.

ജില്ലാ ഭരണാധികാരി ആയ കളക്ടറുടെ നിർദ്ദേശപ്രകാരം ബൂത്തുകളിൽ അടിയന്തരമായി വെളിച്ചം ഏർപ്പെടുത്തിയ ശേഷമായിരുന്നു വോട്ടെടുപ്പ് തുടർന്നത്. രാവിലെ ആറുമണിക്ക് തന്നെ പോളിംഗ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ നിന്ന് ബീപ്പ് ശബ്ദം കാലതാമസം നേരിട്ടു. വോട്ടിന്റെ ബട്ടൺ അമർത്തിയശേഷം വി വി പാറ്റിൽ ചിഹ്നം തെളിഞ്ഞതിന് ശേഷമാണ് ബീപ്പ് ശബ്ദം പുറത്തുവന്നത്. ഇത് പരമാവധി 30 സെക്കൻഡ് വരെ എടുക്കുമെന്നായിരുന്നു പറഞ്ഞതെങ്കിലും പലയിടത്തും ഇരുപതും മുപ്പതും സെക്കന്റുകൾ എടുത്തു. ശബ്ദം വരുന്നതുവരെ വോട്ടർ കാത്തുനിൽക്കേണ്ടിയും വന്നു. മടിക്കൈ കക്കാട്ട് സ്കൂളിൽ ഉൾപ്പെടെയുള്ള ബൂത്തുകളിൽ ഏറെ പഴക്കമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമാണ് ഉപയോഗിച്ചതെന്ന് പരാതിയുണ്ടായി. പ്രായമായവരുടെ ഓപ്പൺ വോട്ടും ഭിന്നശേഷിക്കാരുടെ വോട്ടും ചെയ്യുന്നതിനും പലയിടത്തും പ്രയാസമുണ്ടായി. അരയി സ്കൂൾ ബൂത്തിൽ 80 ഓളം ഓപ്പൺ വോട്ടുകൾ ചെയ്യുന്നതിന് കാലതാമസമുണ്ടായി. പ്രായമായവർ ഏറെ സമയം ചുട്ടുപൊള്ളുന്ന അവസ്ഥയിലും കാത്തിരിക്കേണ്ടി വന്നു.

മടിക്കൈ പഞ്ചായത്തിലെ പൂത്തക്കാൽ സ്കൂൾ ബൂത്തിൽ ആറു മണിക്ക് ശേഷവും അറുന്നൂറോളം പേരാണ് ക്യൂവിൽ ഉണ്ടായിരുന്നത് . ഇവർക്കെല്ലാം ടോക്കൺ നൽകി രാത്രിയിലും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കി. കയ്യൂർ ജി.വി. എച്ച്. എസ്. എസ്, ചെറുവത്തൂർ കൊവ്വൽ എ.യു.പി.എസ് എന്നിവിടങ്ങളിലും വൈകിയും നൂറുകണക്കിന് ആളുകളുകളുടെ നിരയാണ് ഉണ്ടായത്. ഇവർക്ക് ടോക്കൺ നൽകിയതിന് ശേഷം പോളിംഗ് തുടർന്നു. കയ്യൂരിൽ മെഷീൻ തകരാർ മൂലം അരമണിക്കൂർ കഴിഞ്ഞാണ് വോട്ടിംഗ് ആരംഭിച്ചത്.

Advertisement
Advertisement