മാവേലിക്കരയിൽ 65.87%

Saturday 27 April 2024 12:51 AM IST

വീറോടെ കുട്ടനാട്

ആലപ്പുഴ: മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് അവസാനിക്കുമ്പോൾ 6മണിവരെയുള്ള കണക്കനുസരിച്ച് 65.87 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 74.23 ആയിരുന്നു കഴിഞ്ഞ തവണത്തെ (2019) പോളിംഗ്.

സർവേകളിൽ ഫലപ്രവചനം സാദ്ധ്യമാകാത്ത വിധം ഒപ്പത്തിനൊപ്പം മുന്നേറിയ മണ്ഡലത്തിലെ പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ശബരിമല വിഷയമാണ് 2019ൽ പോളിംഗ് ശതമാനം ഉയർത്തിയതെന്നണ് മുന്നണികളുടെ കണ്ടെത്തൽ.

പകൽ സമയത്തെ കൊടും ചൂടും വൈകുന്നേരത്തെ വേനൽ മഴയും ഭയന്ന് മിക്ക ബൂത്തുകളിലും വോട്ടർമാർ അതിരാവിലെ തന്നെ വോട്ട് ചെയ്യാനായി എത്തിയിരുന്നു. മാവേലിക്കര മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിൽ കുട്ടനാട്ടിൽ തുടക്കം മുതൽ കനത്തപോളിംഗാണ് രേഖപ്പെടുത്തിയത്. കുട്ടനാട്ടിലെ പോളിംഗ് ആർക്ക് അനുകൂലമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഉച്ചസമയമൊഴികെ രാവിലെയും വൈകുന്നേരവും ഭേദപ്പെട്ട പോളിംഗാണ് മിക്ക ബൂത്തുകളിലും രേഖപ്പെടുത്തിയത്. തങ്ങളുടെ വോട്ടുകൾ പൂർണമായും ഉച്ചയ്ക്ക് മുമ്പ് പോൾ ചെയ്തതായാണ് ഇടതുകേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇടത് ,ബി.ജെ.പി വോട്ടുകൾ പോൾ ചെയ്യാത്തതാണ് ശതമാനത്തിലെ കുറവിന് കാരണമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്ന വിവരം. എന്നാൽ തങ്ങളുടെ മുഴുവൻ വോട്ടുകളും പോൾ ചെയ്തതായും ഇടതു, വലത് കോട്ടകളിലെ വിള്ളലാണ് വോട്ടിംഗിൽ കുറവ് വരുത്തിയതെന്നുമാണ് എൻ.ഡി.എ നേതൃത്വത്തിന്റെ നിലപാട്.

പോളിംഗ് ശതമാനം

മാവേലിക്കരലോക്സഭാമണ്ഡലം: 65.87

2019-74.23

വോട്ടർമാർ-13,31,880

പോൾ ചെയ്തത്- 8,65,831

നിയമസഭാ നിയോജക മണ്ഡല അടിസ്ഥാനത്തിൽ പോളിംഗ്ശതമാനം, ബ്രായ്ക്കറ്റിൽ 2019ലെ പോളിംഗ്.

മാവേലിക്കര - 61.56(74.53)

കുട്ടനാട് -63.74(76.28)

ചെങ്ങന്നൂർ-59.18(70.19)

Advertisement
Advertisement