വോട്ടിംഗ് യന്ത്രത്തെ വിശ്വസിക്കാം, പേപ്പർ ബാലറ്റ് വേണ്ടെന്നും സുപ്രീംകോടതി

Saturday 27 April 2024 4:55 AM IST

ന്യൂഡൽഹി : വോട്ടിംഗ് യന്ത്രങ്ങളിലെ മൊത്തം വോട്ടും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി, വോട്ടിംഗ് യന്ത്രത്തെ സമ്പൂർണമായി അവിശ്വസിക്കുന്നത് പുരോഗതി തടസപ്പെടുത്തുമെന്ന് നിരീക്ഷിച്ചു. അതേസമയം, മൊത്തം വിവിപാറ്റ് സ്ലിപ്പും എണ്ണാൻ ഇലക്ട്രോണിക് യന്ത്രം സാദ്ധ്യമാണോ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണം.

ഇ. വി. എമ്മിന്റെ വിശ്വാസ്യതയും ഫലപ്രാപ്തിയും ഉറപ്പാക്കാൻ ക്രിയാത്മകമായ സമീപനമാണ് വേണ്ടതെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും, ദീപാങ്കർ ദത്തയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇ. വി. എമ്മിന്റെ പ്രോട്ടോക്കോളും സാങ്കേതിക കാര്യങ്ങളും പരിശോധിച്ചാണ് തീരുമാനം. രണ്ട് ജഡ്ജിമാരും വെവ്വേറെ വിധി എഴുതിയെങ്കിലും നിലപാട് ഏകകണ്ഠമായിരുന്നു. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസും മറ്റും നൽകിയ പൊതുതാത്പര്യഹർജികളാണ് പരിഗണിച്ചത്.

കോടതി നിർദ്ദേശങ്ങൾ

വിവിപാറ്റിൽ ചിഹ്നം ലോഡ് ചെയ്‌താലുടൻ ഇതിനുപയോഗിച്ച സിംബൽ ലോഡിംഗ് യൂണിറ്റ് മുദ്രവച്ച് കണ്ടെയ്‌നറുകളിൽ സൂക്ഷിക്കണം. മേയ് ഒന്ന് മുതലാണ് ഈനിർദ്ദേശത്തിന് പ്രാബല്യം. സ്ഥാനാർത്ഥിയോ, പ്രതിനിധിയോ സീലിൽ ഒപ്പുവയ്ക്കണം. ഫലപ്രഖ്യാപനത്തിന് ശേഷം 45 ദിവസം ഇവ ഇ.വി.എമ്മിനൊപ്പം സ്ട്രോംഗ് റൂമിൽ സൂക്ഷിക്കണം. ഇ.വി.എമ്മിനെ പോലെ സിംബൽ യൂണിറ്റും പരിശോധിക്കാവുന്നതാണ്.

 നിലവിൽ ഇ.വി.എമ്മിലെ 5% വോട്ടുകൾ വിവിപാറ്റ് രസീതുമായി ഒത്തുനോക്കാറുണ്ട്. സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടാൽ, ഈ യന്ത്രങ്ങളുടെ മെമ്മറി സെമി കൺട്രോളർ, നിർമ്മിച്ച കമ്പനിയുടെ എൻജിനീയർമാർ പരിശോധിക്കണം. ഇതിന്​ ഫലം പ്രഖ്യാപിച്ച് ഏഴു ദിവസത്തിനകം സ്ഥാനാർത്ഥി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോട് രേഖാ മൂലം ആവശ്യപ്പെടണം.

പരിശോധനയുടെ ചെലവ് സ്ഥാനാർത്ഥി വഹിക്കണം. തിരിമറി കണ്ടെത്തിയാൽ ഈ തുക തിരികെ കൊടുക്കണം.

സുപ്രീംകോടതി വിധി ഇ.വിഎമ്മിനെ സംശയിച്ചവർക്കേറ്റ അടി. രാജ്യത്തെ തെറ്രിദ്ധരിപ്പിക്കാനുള്ള 'ഇന്ത്യ' സഖ്യത്തിന്റെ സ്വപ്നം പൊളിഞ്ഞു. ബൂത്തുപിടിത്തവും മറ്റും നടത്തിയവർക്ക് ഇപ്പോൾ ആ കളികൾ പറ്റുന്നില്ല.

--നരേന്ദ്രമോദി, പ്രധാനമന്ത്രി

Advertisement
Advertisement