കലാശക്കൊട്ടിനിടെയുണ്ടായ സംഘർഷം കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ കേസെടുത്തു

Saturday 27 April 2024 1:07 AM IST

വണ്ടൂർ-കഴിഞ്ഞദിവസം വണ്ടൂർ ടൗണിലെ കലാശക്കൊട്ടിനിടെയുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ കേസെടുത്തു വണ്ടൂർ പൊലീസ്. സംഘർഷത്തിൽ പോലീസുകാരന് പരിക്കേറ്റിരുന്നു. ഇരു മുന്നണിയിലെയും 25 വീതം പ്രവർത്തകക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയിരിക്കുന്നത്. എൽ.ഡി.എഫ് യു.ഡി.എഫ് പ്രവർത്തകർ തമ്മിലും പൊലീസുമായാണ് സംഘർഷം നടന്നത്. പരസ്പരം പോർവിളികളുമായി തുടങ്ങിയ കലാശക്കൊട്ട് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷം നിയന്ത്രിക്കുന്നതിനിടെ വണ്ടൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ അഭിജിത്തിന് തലയ്ക്ക് പരിക്കേറ്റിരുന്നു. പൊലീസുകാരനെ അടിച്ചു പരിക്കേൽപ്പിക്കാൻ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ, സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയവകുപ്പുകൾ ആണ് കണ്ടാലറിയുന്ന അമ്പതോളം പേർക്കെതിരെ ചുമത്തിരിക്കുന്നത്‌.