ബംഗാളിൽ മൂന്ന് ബി. ജെ. പി സീറ്റുകളിൽ മികച്ച പോളിംഗ്

Saturday 27 April 2024 12:21 AM IST

പശ‌്ചിമ ബംഗാളിൽ ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. മേധിനിപുരയിൽ ഒരു ബി.ജെ.പി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയതൊഴിച്ചാൽ പോളിംഗ് സമാധാനപരമായിരുന്നു.

ഡാർജിലിംഗിൽ 71.41 ശതമാനവും റായ്ഗഞ്ചിൽ 71.87 ശതമാനവും ബാലുർഘട്ടിൽ 72.30 ശതമാനവും ആണ് പോളിംഗ്. മൂന്നും ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളാണ്. ബാലുർഘട്ടിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായ സുകാന്ത മജുംദാറും തൃണമൂൽ നേതാവും മന്ത്രിയുമായ ബിപ്ലബ് മിത്രയും തമ്മിലാണ് മത്സരം. ഡാർജിലിംഗിൽ ബി.ജെ.പിയുടെ രാജു ബിസ്‌ത, കോൺഗ്രസിന്റെ മുനിഷ് തമാംഗ്, തൃണമൂലിന്റെ ഗോപാൽ ലാമ എന്നിവരും റായ്ഗഞ്ചിൽ തൃണമൂലിന്റെ കൃഷ്ണ കല്യാണി, ബി.ജെ.പിയുടെ കാർത്തിക് പോൾ, കോൺഗ്രസിന്റെ അലി ഇമ്രാൻ റാംസ് എന്നിവരും മത്സരിച്ചു. രാജു ബിസ്തയ്ക്കും ഡോ. ​​മുനീഷ് തമാംഗിനും ഡൽഹിയിലായിരുന്നു വോട്ട്.

ഒന്നാം ഘട്ടത്തിൽ കൂച്ച്ബെഹാർ അടക്കം മൂന്ന് മണ്ഡലങ്ങളിൽ ശരാശരി 77 ശതമാനം വോട്ട് ചെയ്‌തിരുന്നു. കൂച്ച്ബെഹാറിലും മറ്റും വ്യാപകമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്‌ത പശ്‌ചാത്തലത്തിൽ ഇന്നലെ കേന്ദ്ര സേനകളെ വിന്യസിച്ചത് ഗുണം ചെയ്‌തു. മേധിനിപുരയിലെ മൊയ്‌നയിൽ ദിനബന്ധു എന്നയാൾ മരിച്ചത് തൃണമൂൽ പ്രവർത്തകരുടെ ആക്രമണത്തിലാണെന്ന് ബി.ജെ.പി ആരോപിച്ചു. കേന്ദ്ര സേന വോട്ടർമാരെ തടസ്സപ്പെടുത്തിയെന്ന് തൃണമൂൽ പ്രവർത്തകർ പരാതിപ്പെട്ടു. ഡാർജിലിംഗിലെ ചില ബൂത്തുകളിൽ ബി.ജെ.പി പോളിംഗ് ഏജന്റുമാരെ പ്രവേശിപ്പിച്ചില്ലെന്ന് പരാതിഉയർന്നു.

Advertisement
Advertisement