വോട്ടെടുപ്പ് ശാന്തം, സമാധാനപരം ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീൻ ഉടക്കി

Saturday 27 April 2024 12:00 AM IST

തൃശൂർ: പ്രചാരണത്തിലെ ചൂടും ചൂരും പോളിംഗിൽ വേണ്ടത്ര പ്രതിഫലിച്ചില്ലെങ്കിലും ജില്ലയിലെ വോട്ടെടുപ്പ് സമാധാനപരം. പുതുക്കാട്, കൊടകര എന്നിവിടങ്ങളിൽ യന്ത്രങ്ങൾ പണിമുടക്കിയത് അൽപ്പസമയം പോളിംഗ് നടപടികൾ തടസപ്പെടുത്തി. ചേർപ്പ് പടിഞ്ഞാട്ടുമുറി ജെ.ബി സ്‌കൂളിൽ 166-ാം പോളിംഗ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി.

രണ്ട് ബൂത്തുള്ള പോളിംഗ് സ്റ്റേഷനിൽ നമ്പർ പുറത്ത് രേഖപ്പെടുത്താതിരുന്നത് വോട്ടർമാരെ വലച്ചു. നാട്ടിക നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന 115, 116 ബൂത്തുകൾ ഉൾപ്പെട്ട നാട്ടിക ഈസ്റ്റ് യു.പി സ്‌കൂളിലായിരുന്നു സംഭവം. മണിക്കൂറുകൾ ക്യൂ നിന്ന് ബൂത്തിലെത്തിയവർ തങ്ങളുടെ ബൂത്തല്ലെന്നറിഞ്ഞ് അടുത്തവരിയിൽ പിറകിൽ പോയി നിൽക്കേണ്ടിവന്നു. സംഭവം തർക്കത്തിനും ഇടയാക്കി.

പോളിംഗ് സുഗമമായി നടത്തുന്നതിന് അയ്യായിരത്തോളം പൊലീസുകാരെയാണ് നിയോഗിച്ചത്. പ്രായമായവരെയും അവശരായവരെയും വോട്ട് ചെയ്യിക്കാൻ പൊലീസും സ്‌പെഷ്യൽ പൊലീസും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ദിനത്തിൽ സുതാര്യവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് കളക്ടറേറ്റിലെ കമാൻഡ് കൺട്രോൾ റൂം സജീവമായിരുന്നു. 13 നിയോജക മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി.ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്.


വോട്ടിംഗ് പൂർത്തിയാകുന്നത് വൈകി

പോളിംഗ് നടപടി പൂർത്തിയാകുന്നത് വൈകിയത് മൂലം വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നു. ഇലക്ട്രോണിക്‌സ് വോട്ടിംഗ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വി.വി.പാറ്റിൽ വീഴുന്നതിന് കൂടുതൽ സമയമെടുത്തു. പലയിടത്തും ബീപ് ശബ്ദം കേൾക്കാനും വൈകി.


പൂങ്കുന്നത്ത് വ്യാജവോട്ടെന്ന് : സംഘർഷാവസ്ഥ

പൂങ്കുന്നത്ത് ബി.ജെ.പി വ്യാജവോട്ട് ചേർത്തെന്നാരോപിച്ചുണ്ടായ തർക്കം സംഘർഷത്തിന് വഴിവച്ചെങ്കിലും ജില്ലാ വരണാധികാരി കൂടിയായ കളക്ടർ നേരിട്ടെത്തി പ്രശ്‌നം പരിഹരിച്ചു. ഏഴ് വോട്ടുകൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ്, യു.ഡി.എഫ് ബൂത്ത് എജന്റുമാർ രംഗത്തെത്തിയത്. ഇതേറെ നേരത്തെ തർക്കത്തിന് വഴി വച്ചു. ഇതിനിടെ കളക്ടർ വി.ആർ. കൃഷ്ണതേജ സ്ഥലത്തെത്തി, ബൂത്ത് ലെവൽ ഓഫീസറെ വിളിച്ചുവരുത്തി വിശദീകരണം തേടി. പരാതി ഉയർന്നയുടനെ ഇവർ താമസിച്ചിരുന്ന സ്ഥലത്തുപോയി താമസം ഉണ്ടോയെന്ന് ഉറപ്പുവരുത്തിയതായി ധരിപ്പിച്ചു. ഇതേത്തുടർന്ന് ഇവർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം നൽകി. പരാതിയുള്ളവർക്ക് കോടതിയിൽ പോകാമെന്നും കളക്ടർ വ്യക്തമാക്കി.

Advertisement
Advertisement