പോളിംഗിലെ കുറവ്: നെഞ്ചിടിപ്പോടെ മുന്നണികൾ

Saturday 27 April 2024 1:59 AM IST

തിരുവനന്തപുരം: വീറും വാശിയുമേറിയ ത്രികോണ പോരാട്ടം നടന്ന മണ്ഡലങ്ങളിൽ പോലും പോളിംഗ് ശതമാനം പ്രതീക്ഷിച്ച രീതീയിൽ ഉയരാതിരുന്നതും, 2019 ലേതിനെക്കാൾ 6 ശതമാനം വരെ ഇടിഞ്ഞതും മൂന്ന്മുന്നണികളുടെയും നെഞ്ചിടിപ്പ് ഉയർത്തി. രാത്രി ഏറെ വൈകി ഏകദേശ കണക്കുകൾ ലഭിച്ചിട്ടും ഉത്കണ്ഠകൾക്ക് ശമനമായില്ല. ഇത് മുന്നണികളുടെ വിജയ സാദ്ധ്യതകളെ എങ്ങനെ ബാധിക്കുമെന്ന കണക്കെടുപ്പായിരിക്കും ഇനി വോട്ടെണ്ണൽ വരെ.

2019ലെ പാർലമെന്റ് തിരഞ്ഞടുപ്പിൽ 77.84 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ്. എന്നാൽ, ഇന്നലെ രാത്രി 9 മണിക്ക് ലഭിച്ച കണക്കുകൾ പ്രകാരവും ശരാശരി പോളിംഗ് 71 ശതമാനമായിരുന്നു. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പിൽ പൊതുവെ 11 മണി വരെ ബൂത്തുകളിൽ കണ്ട നീണ്ട നിരകൾ മുന്നണി പ്രവർത്തകരിൽ ആവേശമുണർത്തി. എന്നാൽ, വെയിലും ചൂടും കനത്തതോടെ പലയിടത്തും

ബൂത്തുകൾ ഏതാണ്ട് നിശ്ചലമായി. മുതിർന്ന വോട്ടർമാർ വീട് വിട്ട് പുറത്തിറങ്ങാതിരുന്നതാണ് കാരണം. പിന്നീട് വൈകിട്ട് നാല് മണിക്ക് ശേഷമാണ് നിരകൾ കനത്തത്. വൈകിട്ട് ഏഴ് മണി കഴിഞ്ഞിട്ടും, ആലപ്പുഴ, കണ്ണൂർ മണ്ഡലങ്ങളിൽ മാത്രമാണ് പോളിംഗ് 74 ശതമാനത്തിലും ഉയർന്നത്. എന്നാൽ, തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും ആലപ്പുഴയിലെയും തൃശൂരിലെയും മറ്റും തീരദേശ മേഖലകളിൽ രാവിലെ മുതൽ തുടർച്ചയായി പോളിംഗ് ശതമാനം ഉയർന്നു. അതിന്റെ അവകാശ

വാദങ്ങളും മുന്നണികൾ ഏറ്റെടുത്തത് കൗതുകമായി.

മദ്ധ്യ, വടക്കൻ കേരളത്തിലെ പല മണ്ഡലങ്ങളിലും രാത്രി എട്ട് മണിക്ക് ശേഷവും വോട്ടർമാരുടെ നീണ്ട നിരകൾ ദൃശ്യമായി. നാല് മണിക്കൂറിലേറെ ക്യൂവിൽ നിന്നാണ് പലരും വോട്ട് ചെയ്തത്. കാത്തു നിന്ന് മുഷിഞ്ഞതോടെ മുതിർന്നവർ പലരും മടങ്ങിപ്പോയതായും റിപ്പോർട്ടുണ്ട്.

വോട്ടിംഗ് യന്ത്രങ്ങളിൽ കാര്യമായ തകരാറുകൾ ഉണ്ടാകാതിരുന്നിട്ടും പോളിംഗ് നടപടികൾ മന്ദഗതിയിലായിരുന്നുവെന്ന് പൊതുവെ പരാതി ഉയർന്നു. യന്ത്രങ്ങൾ തകരാറിലായ ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സമയം നീട്ടിക്കൊടുത്തില്ലെന്നും ആക്ഷേപമുണ്ട്.

മൂന്ന് മുന്നണികൾക്കും നിലനിൽപ്പിന്റെ കൂടി പോരാട്ടമായിരുന്ന തിരഞ്ഞെടുപ്പിൽ പോളിംഗ് 80 വരെയാവുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഏറെ വിവാദങ്ങളും തീ പടർത്തുന്ന പോരാട്ടവും നടന്ന വടകരയിൽ പോലും പോളിംഗ് പ്രതീക്ഷിച്ച രിതിയിൽ

ഉയർന്നില്ല.

Advertisement
Advertisement