പോളിംഗ് കുറഞ്ഞു; വടകരയിൽ മുന്നണികളിൽ ആശങ്ക

Saturday 27 April 2024 1:03 AM IST

കോഴിക്കോട്: വടകരയിൽ കനത്ത മത്സരമെന്ന പ്രചാരണമുണ്ടായിട്ടും വോട്ടിംഗ് ശതമാനം ഇടിഞ്ഞതിൽ ഇരുമുന്നണികളിലും ആശങ്ക. യു.ഡി.എഫ് മൂന്നാം തവണയും വിജയം ആവർത്തിച്ച 2019ൽ 82.48 ശതമാനമായിരുന്നു വോട്ടിംഗ് നില. എന്നാൽ വാദങ്ങളും വിവാദങ്ങളും പോരടിച്ച ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞത് ഇരുപക്ഷത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി 9.30ന്റെ കണക്കെടുക്കുമ്പോൾ 73.37 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ആറുമണിക്ക് സ്ലിപ്പ് നൽകി വോട്ടുചെയ്തവരുടെ എണ്ണം കൂടുതലുണ്ടെങ്കിലും ഏറിയാൽ അഞ്ചുശതമാനത്തിന്റെ വർദ്ധനവാണ് സാദ്ധ്യത. എന്നാലും 2009ലെ കണക്കിലേക്ക് വടകര വരില്ല.
പഴയ കണക്കുകൾ നോക്കിയാൽ പോളിംഗ് ശതമാനം കുറഞ്ഞാൽ ഇടതിനും കൂടിയാൽ യു.ഡി.എഫിനുമാണ് നേട്ടം. പോളിംഗ് ശതമാനം കുറഞ്ഞ 2004ൽ (75.83) ഇടുതുപക്ഷത്തെ പി.സതീദേവി വിജയിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക്.

കോഴിക്കോട് മണ്ഡലത്തിൽ കഴിഞ്ഞ തവണ 81.46 ശതമാനമായിരുന്നു പോളിംഗ്. ഇന്നലെ രാത്രി 9.30ന്റെ കണക്കെടുക്കുമ്പോൾ 73.37ശതമാനമാണ് പോളിംഗ്.

Advertisement
Advertisement