ഇവിടെ അതിരുകളില്ല, പാക് പെൺകുട്ടിയെ ഇന്ത്യൻ ഹൃദയം കാത്തു

Saturday 27 April 2024 12:48 AM IST

ചെന്നൈ: ഗുരുതര ഹൃദ്രോഗം ബാധിച്ചാണ് പാകിസ്ഥാൻ സ്വദേശിയായ 19കാരി ആയിഷ റഷാൻ ഇന്ത്യയിലെത്തുന്നത്. ഇന്ത്യയുടെ ഹൃദയം അവളെ സ്വീകരിച്ചു.

ചെന്നൈയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടന്നു. മസ്‌തിഷ്‌ക മരണം സംഭവിച്ച ഡൽഹി സ്വദേശിയുടെ ഹൃദയമാണ് ആയിഷയ്ക്ക് മാറ്റിവച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടിയ ആയിഷയുടെ കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാനാകാതെ വന്നതോടെ പണം സ്വരൂപിച്ച് താങ്ങായത് ചെന്നൈയിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരും സന്നദ്ധ സംഘടനയും.

2019ലാണ് ആയിഷ ഇന്ത്യയിൽ ചികിത്സയ്‌ക്കെത്തിയത്. ചെന്നൈ അഡയാറിലെ ആശുപത്രിയിൽ ഡോ. കെ.ആർ. ബാലകൃഷ്ണനാണ് ചികിത്സിച്ചത്. ഹൃദയം മാറ്റിവയ്ക്കൽ ആവശ്യമായതിനാൽ അപേക്ഷ നൽകി കാത്തിരുന്നു. കഴിഞ്ഞ വർഷം ആരോഗ്യം മോശമായതോടെ വീണ്ടും ചികിത്സയ്‌ക്കെത്തി. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ, ഇന്ത്യയിൽ അവയവദാനത്തിന് മുൻഗണന സ്വദേശികൾക്കായതിനാൽ ദാതാവിനെ കണ്ടെത്താൻ സാധിച്ചില്ല.

അടുത്തിടെ മസ്തിഷ്‌കമരണം സംഭവിച്ച 69കാരന്റെ ഹൃദയം സ്വീകരിക്കാൻ മറ്റാരും തയ്യാറാകാതെ വന്നതോടെ ആയിഷയ്ക്ക് നറുക്കുവീഴുകയായിരുന്നു. അപ്പോഴാണ് ചികിത്സാ ചെലവിനുള്ള 35 ലക്ഷത്തോളം രൂപ പ്രശ്നമായത്. തുടർന്ന് സന്നദ്ധ സംഘടനയായ ഐശ്വര്യൻ ട്രസ്റ്റും ഡോക്ടർമാരും ഹൃദയം മാറ്റിവയ്ക്കലിന് വിധേയരായിട്ടുള്ളവരും പണം സംഭാവന ചെയ്തു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ ആയിഷ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ഫാഷൻ ഡിസൈനറാകാനാണ് ആയിഷയുടെ ആഗ്രഹം. ഇന്ത്യയോടുള്ള നന്ദി ഹൃദയത്തിൽ നിറച്ചാണ് ആയിഷ മടങ്ങിയത്.

Advertisement
Advertisement