43 പൂച്ചകളെ ഫ്ലാറ്റിൽ ഉപേക്ഷിച്ചു പോയി, യുവാവിന് ജയിൽ ശിക്ഷ

Saturday 27 April 2024 7:36 AM IST

സിംഗപ്പൂർ: 43 വളർത്തുപൂച്ചകളെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആളൊഴിഞ്ഞ ഫ്ലാറ്റിൽ ഉപേക്ഷിച്ചുപോയ 31കാരന് 20 ദിവസം ജയിൽ ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. 2021 ഓഗസ്റ്റ് - നവംബർ കാലയളവിലായിരുന്നു സംഭവം. ഓഗസ്റ്റിൽ യുവാവ് മറ്റൊരു ഫ്ലാറ്റിലേക്ക് താമസം മാറുകയായിരുന്നു. ഇതിനിടെ ആഴ്ചയിലൊരിക്കൽ മാത്രമാണ് പൂച്ചകൾക്ക് ഭക്ഷണം നൽകാൻ എത്തിയിരുന്നത്. നവംബറിൽ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വരുന്നെന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ അവശനിലയിലെ 41 പൂച്ചകളെയും രണ്ട് പൂച്ചകളുടെ അഴുകിത്തുടങ്ങിയ മൃതശരീരങ്ങളും പൂച്ചകളുടെ അസ്ഥികളും കണ്ടെത്തുകയായിരുന്നു. ഇടുങ്ങിയ മുറിയിൽ മാലിന്യങ്ങൾ നിറഞ്ഞ ചുറ്റുപാടിലാണ് പൂച്ചകളെ പാർപ്പിച്ചിരുന്നത്.

പൂച്ചകളോട് ക്രൂരത കാട്ടിയതിന് 10 കുറ്റങ്ങളാണ് യുവാവിന് മേൽ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ ആനിമൽ ആൻഡ് വെറ്ററിനറി സർവീസ് ഓഫീസറുടെ മുമ്പാകെ ഹാജരാകണമെന്ന നിർദ്ദേശം നേരത്തെ അവഗണിച്ചതിനും കുറ്റംചുമത്തിയിട്ടുണ്ട്. പൂച്ചകൾക്ക് താൻ മതിയായ ഭക്ഷണം നൽകുകയോ അവരെ ശരിയായി പരിചരിക്കുകയോ ചെയ്തിരുന്നില്ലെന്ന് യുവാവ് കോടതിയിൽ സമ്മതിച്ചു. ഉടമകൾ വളർത്തുമൃഗങ്ങളോട് കാട്ടിയ അവഗണനയ്ക്ക് സിംഗപ്പൂരിൽ ജയിൽ ശിക്ഷ വിധിക്കുന്നത് ആദ്യമാണ്.

Advertisement
Advertisement