സ്വ‌ർണം പോലൊരു ചീസ് കേക്ക് !

Saturday 27 April 2024 7:36 AM IST

ന്യൂയോർക്ക്: പഞ്ഞി പോലെയുള്ള ചീസ് കേക്ക് പലരുടെയും ഇഷ്ട ഭക്ഷണമാണ്. അതേ സമയം,​ ലോകത്തെ ഏറ്റവും വിലയേറിയ ചീസ് കേക്ക് എവിടെ ലഭിക്കുമെന്ന് അറിയാമോ ?​ യു.എസിലെ ന്യൂയോർക്കിലുള്ള റിസ്റ്റൊറന്റേ റാഫേൽ എന്ന റെസ്റ്റോറന്റാണ് ലോകത്തെ ഏറ്റവും വിലകൂടിയ ചീസ് കേക്കിന്റെ ഉടമകൾ.

4,592.42 ഡോളറാണ് ( ഏകദേശം 3,83,030 രൂപ )​ ഈ ആഡംബര കേക്കിന്റെ വില. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ച അമൂല്യവും വിലയേറിയതുമായ ചേരുവകളാണ് ഈ കേക്കിന്റെ പ്രത്യേകത.

ബഫല്ലോ റികോട്ട ചീസ്,​ വൈറ്റ് ട്രഫിൾ,​ 200 വർഷം പഴക്കമുള്ള ഹെന്നസി പാരഡൈസ് കൊന്യാക്, മഡഗാസ്കർ വാനില, ഭക്ഷ്യയോഗ്യമായ സ്വർണ ഇലകൾ തുടങ്ങിയവയാണ് കേക്ക് തയാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ പലതും ഇറ്റലി, ഫ്രാൻസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്.

തേൻ, വാൽറോണ ചോക്ലേറ്റ് തുടങ്ങിയവയാണ് അലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നത്. 2017 ഒക്ടോബറിൽ റിസ്റ്റൊറന്റേ റാഫേലിന്റെ ഉടമയും ഷെഫുമായ റാഫേൽ റോങ്കയാണ് ഈ കേക്ക് തയാറാക്കിയത്.

Advertisement
Advertisement