ഷീ ജിൻപിംഗ് - ബ്ലിങ്കൻ കൂടിക്കാഴ്‌ച: പങ്കാളികളായിരിക്കണം, യു.എസിനോട് ചൈന

Saturday 27 April 2024 7:37 AM IST

ബീജിംഗ്: ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളായ ചൈനയും യു.എസും എതിരാളികളാകരുതെന്നും പങ്കാളികളായിരിക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ഇന്നലെ ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഒഫ് ദ പീപ്പിളിൽ വച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഷീയുടെ പ്രസ്താവന. ഇരുരാജ്യങ്ങളും തമ്മിൽ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങളുണ്ടെന്നും ഷീ ചൂണ്ടിക്കാട്ടി. ചൈനയുമായി യു.എസ് നടത്തുന്ന ഹാനികരമായ മത്സരം ഒഴിവാക്കണം. കഴിഞ്ഞ വർഷം യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇരുരാജ്യങ്ങളും ചില പുരോഗതികൾ കൈവരിച്ചെന്നും ഷീ കൂട്ടിച്ചേർത്തു.

ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീയുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യൻ പ്രതിരോധ മേഖലയ്ക്ക് ചൈന നൽകുന്ന പിന്തുണയിൽ ആശങ്കയുണ്ടെന്ന് ബ്ലിങ്കൻ യീയെ അറിയിച്ചു. തായ്‌വാൻ, ദക്ഷിണ ചൈനാക്കടൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.

ചൈനയുടെ നിയന്ത്രണ പരിധിയിലേക്ക് യു.എസ് കൈകടത്തരുതെന്ന് യീ മുന്നറിയിപ്പും നൽകി. നയതന്ത്ര,​ വ്യാപാര വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത തുടരുന്നതിനിടെയാണ് ബ്ലിങ്കന്റെ ചൈന സന്ദർശനം.

Advertisement
Advertisement