വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ

Sunday 28 April 2024 12:44 AM IST

സംസ്ഥാനത്ത് ഒന്നര മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരിസമാപ്തിയായി. വോട്ടെടുപ്പും കഴിഞ്ഞു. വാശിയേറിയ മത്സരമാണ്ഇരുപത് മണ്ഡലങ്ങളിലും അരങ്ങേറിയത്. കലാശക്കൊട്ടിനിടയിലും വോട്ടെടുപ്പ് ദിനത്തിലും അങ്ങിങ്ങായി സംഘർഷങ്ങൾഉണ്ടായതും വോട്ടെടുപ്പ് വേളയിൽ പത്തുപേരോളം കുഴഞ്ഞു വീണു മരിച്ച അത്യന്തം നിർഭാഗ്യകരമായ സംഭവങ്ങളും ഒഴിച്ചാൽ പൊതുവെ സമാധാനപരമായിരുന്നു തിരഞ്ഞെടുപ്പ്. ജയപരാജയങ്ങളെക്കുറിച്ചുള്ള

കൂട്ടലും കിഴിക്കലും മുന്നണികളും സ്ഥാനാർത്ഥികളും നടത്തുന്നുണ്ടെങ്കിലും ഇക്കുറി വോട്ടിംഗ് പ്രക്രിയയിൽ പലയിടങ്ങളിലുമുണ്ടായ പരിധിവിട്ട കാലതാമസം വലിയ പരാതികൾക്കും ആക്ഷേപങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്. പോളിംഗ് ബൂത്തുകളിൽ മണിക്കൂറുകളോളം കാത്തുനിന്ന പലരും വോട്ട് ചെയ്യാതെ മടങ്ങിപ്പോയ സാഹചര്യവുമുണ്ടായിട്ടുണ്ട്. പോളിംഗ് ബൂത്തിലെത്തിയ ചില വോട്ടർമാരെ സാങ്കേതികമായ കാരണങ്ങൾ നിരത്തി മടക്കിയയച്ച സംഭവംപോലും ഉണ്ടായി. വോട്ടിംഗ് മെഷീന്റെ തകരാറാണ് പല സ്ഥലങ്ങളിലും വില്ലനായതെങ്കിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലരുടെ പരിചയക്കുറവും ഇതിന് ഒരു കാരണമായിട്ടുണ്ട്. പൊന്നാനി, വടകര തുടങ്ങിയ ചില മണ്ഡലങ്ങളിൽ രാത്രി വൈകിയും പോളിംഗ് നടത്തേണ്ടിവന്നത് ഇതിന് ഉദാഹരണമാണ്.

പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവവും പോളിംഗ് ഡ്യൂട്ടിക്കു തിരഞ്ഞെടുക്കപ്പെട്ടവർക്കു വിദഗ്ദ്ധ പരിശീലനം നൽകുന്നതിൽ വന്ന വീഴ്ചയും ഒക്കെ പോളിംഗ് ശതമാനം കുറയാനിടയാക്കിയിട്ടുണ്ടെന്ന് വിലയിരുത്തുന്നുണ്ട്. അസഹനീയമായ ചൂടിനെ നേരിടാൻ കാര്യക്ഷമമായ സംവിധാനങ്ങളൊന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിരുന്നില്ലെന്ന് വിമർശനമുണ്ട്. പ്രതികൂല കാലാവസ്ഥയിൽ മണിക്കൂറുകളോളം വെയിൽകൊണ്ട് നിന്നിട്ടും വോട്ട് ചെയ്യാൻ കഴിയാതെ പോയവരുണ്ട്. ഇത് ബോധപൂർവ്വം തങ്ങളുടെ എതിർസ്ഥാനാർത്ഥികളെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യു.ഡി.എഫ് ആരോപിക്കുകയും ചെയ്തു. ഇത്തരം പരാതികൾക്കു കഴമ്പുണ്ടെങ്കിൽ ജനാധിപത്യ പ്രക്രിയയ്ക്ക് അതൊട്ടുംഭൂഷണമാവുകയില്ല.

വോട്ടെടുപ്പിനു ശേഷം സംസ്ഥാനത്ത് ചിലയിടങ്ങളിൽ അക്രമ സംഭവങ്ങൾ അരങ്ങേറി. തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രമാണങ്ങളുടെപേരിൽ പരസ്പരം തലതല്ലിക്കീറുന്ന അണികളുടെ വീറും വാശിയും അവസാനിപ്പിക്കേണ്ട കാലം എന്നേ കഴിഞ്ഞു. രാഷ്ട്രീയ നേതാക്കൾഉണ്ടാക്കുന്ന വിവാദങ്ങൾക്കൊപ്പം തുള്ളാനും പോരടിക്കാനും പണ്ടത്തേപ്പൊലെ ഇപ്പോൾ ആളെക്കിട്ടാറില്ല. എങ്കിലും ഈ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പാന്നൂരിൽ ബോംബ് സ്പോടനത്തിൽ ഒരാൾ മരിച്ച സംഭവം വരെയുണ്ടായി. തിരഞ്ഞെടുപ്പാകുമ്പോൾ മത്സരിച്ചവരിൽ ഒരാൾ മാത്രമെ വിജയിക്കുകയുള്ളു. അതാണ് ജനാധിപത്യം. ഇനിയിപ്പോൾ ഫലം അറിയാനുള്ള നീണ്ട കാത്തിരിപ്പാണ്. ഫലത്തെച്ചൊല്ലി കലഹിച്ച് സമയവും ഊർജ്ജവും ആരോഗ്യവും നഷ്ടപ്പെടുത്തരുത്. രാഷ്ട്രീയം എപ്പോഴും ആശയങ്ങൾ തമ്മിലുള്ള സമരമാണ്. അല്ലാതെ കൈയ്യൂക്കു കാട്ടി വ്യക്തികൾ തമ്മിൽ ഏറ്റുമുട്ടാനുള്ള ഒന്നല്ല. അവസരങ്ങൾക്കൊത്ത് ചേരിമാറുന്ന നേതാക്കളും പാർട്ടി വിടുന്നവരും ഉള്ള ഈ കാലത്ത് ആർക്കോ വേണ്ടി തമ്മിൽത്തല്ലിയിട്ട് എന്തു നേടാൻ?

രാഷ്ട്രീയ സംഘർഷങ്ങളിൽപ്പെട്ട് ജീവച്ഛവമായി കഴിയുന്ന എത്രയോ പേരുടെ ജീവിതകഥകൾ നമ്മുടെ ഓരോ നാട്ടിലും കാണാൻ കഴിയും. സാഹോദര്യത്തിലും സൗഹാർദ്ദതയിലും കഴിയേണ്ടവർ ഇനിയെങ്കിലും രാഷ്ട്രീയ പോര് അവസാനിപ്പിക്കണം. വിവാദപ്പെരുമഴ പെയ്ത തിരഞ്ഞെടുപ്പ് പ്രചാരണകാലമാണ് കടന്നുപോയത്. സ്ഥാനാർത്ഥികൾക്കെതിരെ സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള കുപ്രചാരണങ്ങളും കണ്ടു. വോട്ട് ധ്രുവീകരണത്തിനായി മതപരമായിപ്പോലും ചേരിതിരിവ് സൃഷ്ടിക്കാനും ചിലർ ശ്രമിക്കാതിരുന്നില്ല. രാഷ്ട്രീയരംഗം മലീമസമാകാതിരിക്കാൻ മുൻകൈയ്യെടുക്കേണ്ടത് ഓരോ പാർട്ടികളെയും മുന്നണികളെയും

നയിക്കേണ്ട നേതാക്കൾ തന്നെയാണ്.ആ ഉത്തരവാദിത്വവും കടമയും അവർ നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ട സമയം കൂടിയാണിത്. .

Advertisement
Advertisement