ഇ.വി.എം യന്ത്രത്തിന്റെ സുതാര്യത ഉറപ്പാകുന്നു

Sunday 28 April 2024 12:31 AM IST

തിരഞ്ഞെടുപ്പിലെ കള്ളവോട്ടും ബൂത്ത് പിടിത്തവും തിരഞ്ഞെടുപ്പ് ചെലവ് യഥാസമയത്ത് സമർപ്പിക്കാത്തതും മറ്റും വലിയ ഒരു പരിധിവരെ തടഞ്ഞ പരിഷ്കാരങ്ങൾ നടപ്പാക്കിയത് ടി.എൻ. ശേഷൻ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന തൊണ്ണൂറുകളിലാണ്. അതിന് മുമ്പ് ബീഹാറിലും യു.പിയിലുമൊക്കെ ചില ഉൾപ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് ബൂത്തുകൾ പോലും നിയന്ത്രിച്ചിരുന്നത് ഗുണ്ടാസംഘങ്ങളായിരുന്നു എന്നതിന് നിരവധി തെളിവുകൾ സഹിതമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആധാർ കാർഡിന്റെ പോലും വരവിന് മുമ്പാണ് ശേഷൻ ഫോട്ടോ പതിപ്പിച്ച വോട്ടർ ഐഡന്റിറ്റി കാർഡ് നടപ്പാക്കിയത്. ഫോട്ടോ പതിച്ച കാർഡ് ഉണ്ടായിട്ടുപോലും ഇപ്പോഴും കള്ളവോട്ടുകൾ പലയിടത്തും നടത്തുകയും കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നവർ പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അപ്പോൾ അതിന് മുമ്പ് നടന്ന കൃത്രിമങ്ങൾ ഏറക്കുറെ ഊഹിക്കാവുന്നതേയുള്ളൂ.

ഭരണ ഉദ്യോഗസ്ഥ തലത്തിൽ നിന്നുള്ള നിരവധി എതിർപ്പുകൾ മറികടന്നാണ് ഫോട്ടോ പതിച്ച വോട്ടർ ഐ.ഡി യാഥാർത്ഥ്യമാക്കിയത്. അതിന് ശേഷം തിരഞ്ഞെടുപ്പ് രംഗത്ത് വന്ന ഏറ്റവും വിപ്ളവകരമായ മാറ്റം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ കടന്നുവരവായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നത് ഏറ്റവും ലളിതമായും വേഗതയിലും നടത്താമെന്ന് വോട്ടിംഗ് യന്ത്രങ്ങൾ തെളിയിച്ചു. അതിനേക്കാൾ പ്രധാനം വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കുന്നതിന്റെ സമയലാഭമായിരുന്നു. അതുപോലെ പേപ്പർ ബാലറ്റിന് വേണ്ടിവരുന്ന ഭീമമായ ചെലവും പ്രയത്നങ്ങളും കുറയ്ക്കാനായി. പരീക്ഷണാർത്ഥം ഇത് ആദ്യം ഉപയോഗിച്ചത് കേരളത്തിലെ വടക്കൻ പറവൂർ അസംബ്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനായിരുന്നു. അത് കഴിഞ്ഞ് ദശാബ്ദങ്ങൾ പിന്നിട്ടതിന് ശേഷമാണ് തൊണ്ണൂറുകളുടെ അവസാനത്തോടുകൂടി ഘട്ടം ഘട്ടമായി തിരഞ്ഞെടുപ്പിന് ഇ.വി.എം യന്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്.

കോൺഗ്രസ് കേന്ദ്ര ഭരണത്തിലിരുന്ന കാലത്താണ് വോട്ടിംഗ് യന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിയതെങ്കിലും പിന്നീട് കോൺഗ്രസ് പാർട്ടിയുടെ പ്രമുഖ നേതാക്കളും അവർക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്ത സന്ദർഭങ്ങളിൽ വോട്ടിംഗ് യന്ത്രത്തിനെ കുറ്റപ്പെടുത്തുന്നത് പതിവാക്കുകയാണുണ്ടായത്. പ്രധാനമായും വോട്ടിംഗ് യന്ത്രത്തിനെതിരെ ഉയർത്തിയ വ്യാജ പരാതി ഏത് ബട്ടണിൽ അമർത്തിയാലും വോട്ട് ഒരു പ്രത്യേക പാർട്ടിക്ക് ലഭിക്കുന്ന സംവിധാനം വോട്ടിംഗ് യന്ത്രത്തിലുണ്ട് എന്നതായിരുന്നു. ഉത്തരവാദപ്പെട്ട ഉയർന്ന നേതാക്കന്മാർ വരെ ഇങ്ങനെ ആരോപണം ഉന്നയിച്ചപ്പോൾ അത് വിശ്വസിക്കാനും കുറെപ്പേരെങ്കിലും തയ്യാറായി. ജനങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും സംശയങ്ങൾ ഹർജികളുടെ രൂപത്തിൽ സുപ്രീംകോടതിയുടെ മുന്നിലുമെത്തി. തുടർന്നാണ് 2011-ൽ സുപ്രീംകോടതി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ഒരു പേപ്പർ സ്ളിപ്പ് കൂടി ഏർപ്പെടുത്തണമെന്ന നിർദ്ദേശം നൽകിയത്. വോട്ട് പേപ്പറിൽ കൂടി രേഖപ്പെടുത്തുന്ന വിവിപാറ്റ് സംവിധാനം അങ്ങനെ നിലവിൽ വന്നു. ഏറ്റവും ഒടുവിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ളിപ്പുകൾ മുഴുവൻ ഒത്തുനോക്കണമെന്ന ഹർജി സുപ്രീംകോടതി കഴിഞ്ഞ ദിവസത്തിലെ വിധിയിൽ തള്ളിക്കളയുകയാണ് ചെയ്തത്.

അതേസമയം തിരഞ്ഞെടുപ്പ് സംവിധാനം സംശയരഹിതമാക്കാൻ സുപ്രധാനമായ ചില നിർദ്ദേശങ്ങൾ സുപ്രീംകോടതി മുന്നോട്ട് വയ്ക്കുകയും ചെയ്തു. പ്രധാനമായും രണ്ട് നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. വോട്ടിംഗ് മെഷീനിൽ ചിഹ്‌നം ലോഡ് ചെയ്യൽ പ്രക്രിയ പൂർത്തിയാക്കിയശേഷം സിംബൽ ലോഡിംഗ് യൂണിറ്റ് സീൽ ചെയ്യണം എന്നതാണ് ഒരു നിർദ്ദേശം. മറ്റൊന്ന് ഫലപ്രഖ്യാപനത്തിന് ശേഷം അഞ്ച് ശതമാനം ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയിലെ മൈക്രോ കൺട്രോൾ യൂണിറ്റ് ഇ.വി.എം എൻജിനിയർമാരെക്കൊണ്ട് പരിശോധിപ്പിക്കാൻ സ്ഥാനാർത്ഥിക്ക് അവസരം നൽകണം എന്നതാണ്. ഫലപ്രഖ്യാപനം നടന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്നവർക്ക് പരാതി നൽകാം. പരിശോധനയുടെ ചെലവ് സ്ഥാനാർത്ഥി വഹിക്കണം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സുതാര്യത കൂടുതൽ ഉറപ്പാക്കുന്ന നടപടിയാണ് സുപ്രീംകോടതിയുടെ വിധിയോടെ നിലവിൽ വന്നിരിക്കുന്നത്. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് അനാവശ്യമായ വ്യാജ പ്രചാരണങ്ങൾ നടത്താതിരിക്കാൻ ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകർ ഇനിയെങ്കിലും ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം.