ചെളിയിലാണ്ട സ്വപ്നം, വറ്റിവരണ്ട മേലരുവി വെള്ളച്ചാട്ടം

Saturday 27 April 2024 7:30 PM IST

കാഞ്ഞിരപ്പള്ളി: മേലരുവി വെള്ളച്ചാട്ടം...കാഞ്ഞിരപ്പള്ളിക്കാരുടെ വലിയ പ്രതീക്ഷയായിരുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കാൻപോരുന്ന പ്രകൃതിഭംഗിതന്നെ കരാണം. എന്നാൽ ചിറ്റാർ പുഴയുടെ കൈവഴിയായ മേലരുവി തോടുമായി ബന്ധപ്പെട്ട് ആവിഷ്‌ക്കരിച്ച പദ്ധതികളൊന്നും നടപ്പാക്കാനായില്ല എന്നതാണ് യാഥാർത്ഥ്യം. മേലരുവി ചെക്ക്ഡാമിൽ നിന്നൊഴുകിയെത്തുന്ന വെള്ളമായിരുന്നു മനംകവരുന്ന വെള്ളച്ചാട്ടമായി മാറുന്നത്. ഇന്ന് ചെക്ക്ഡാം വലിയൊരു മൺതിട്ടയായി മാറി. മഴക്കാലത്ത് ഡാമിൽ ഒഴുകിയെത്തിയ ചെളിയാണ് മൺതിട്ടയായത്.
ചെളി മാത്രമല്ല പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും മരക്കൊമ്പുകളും ഡാമിൽ ഒഴുകിയെത്തി. വെള്ളം വറ്റിയതോടെ ഇവിടെ കാട് വളർന്നു.അവശേഷിക്കുന്ന കുറച്ച് വെള്ളമുണ്ട്. മേലരുവിയുടെ വസന്തകാലത്ത് ധാരാളം സഞ്ചാരികൾ ഇവിടെ വന്നിരുന്നു. തേക്കടിയടക്കം മലനാടിന്റെ ഭംഗി ആസ്വദിക്കാനൈത്തുന്ന വിനോദസഞ്ചാരികളുടെ ഇടത്താവളമായി മേലരുവിയെ ഒരുക്കിയെടുക്കുക എന്നതായിരുന്നു നാട്ടുകാരുടെ ലക്ഷ്യം. എന്നാൽ ആ ലക്ഷ്യം യാഥാർത്ഥ്യത്തിലേക്ക് എത്തിയില്ല. അവധിക്കാലത്ത് സ്‌കൂൾകുട്ടികളടക്കം ഇവിടെ നീന്തൽ പഠിക്കാനെത്തിയിരുന്നു. ചെക്ക്ഡാമിൽ നിന്നായിരുന്നു കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷനിലേക്ക് വെള്ളം എത്തിച്ചിരുന്നത്.പദ്ധതി നിലച്ചു എന്നതുമാത്രമല്ല ഇതിനായി സ്ഥാപിച്ച പൈപ്പുകൾ പോലും കാണാനില്ല.

മനസുവെച്ചാൽ പദ്ധതി തിരിച്ചുവരും

ഡാമിൽ വെള്ളമില്ലാത്തതിനാൽ കുളവും വറ്റി പമ്പിംഗും നിന്നു. ഷട്ടറുകളില്ലാതെ ചെക്ക്ഡാം നിർമ്മിച്ചതാണ് ചെളിഅടിഞ്ഞുകൂടാൻ കാരണം.ചെളിയും മണ്ണും നീക്കം ചെയ്താൽ ഡാമിൽ കൂടുതൽ വെള്ളം സംഭരിക്കാനാകും. ഡാമിന് ഷട്ടർ നിർമ്മിച്ചാൽ ചെളിയടിയുന്നത് ഒഴിവാക്കാം. അധികാരികൾ മനസുവെച്ചാൽ മേലരുവി വെള്ളച്ചാട്ടവും വിനോദസഞ്ചാരികളും അനുബന്ധപദ്ധതികളും തിരിച്ചുവരും.

Advertisement
Advertisement