അവസാനകണക്കിൽ കണ്ണൂരിൽ 77. 21 ശതമാനം തുണച്ചോ,​ തള്ളിയോ?​

Saturday 27 April 2024 9:28 PM IST

കുറവ് 6 ശതമാനം

കണ്ണൂർ: മണ്ഡലത്തിലെ പോളിംഗിൽ കാര്യമായ ഇടിവ് വന്നതിനെ വിലയിരുത്തി മുന്നണികൾ. ഇക്കുറി 77. 21 ആണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ 83.21 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച ആ തിരഞ്ഞെടുപ്പിൽ നിന്ന് 6 ശതമാനത്തിന്റെ ഇടിവാണ് ഇക്കുറി ഉണ്ടായത്. വീട്ടിലെ വോട്ടുകളും തപാൽ വോട്ടുകളും കൂടി പരിഗണിച്ചാലും നിലവിലുള്ളതിൽ നിന്ന് വലിയൊരു ശതമാനത്തിന്റെ മാറ്റം ഉണ്ടാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന കണക്ക് തെളിയിക്കുന്നത്.

ജയമുറപ്പാണെന്ന് എൽ.ഡി.എഫും യു.ഡി.എഫും പറയുമ്പോൾ കണ്ണൂരിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നായിരുന്നു എൻ.ഡി.എ. നേതാക്കളുടെ പ്രതികരണം. പ്രദേശിക ഘടകങ്ങളിൽ നിന്ന് ലഭിച്ച കണക്ക് ഇന്നലെ ചേർന്ന സി പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിലിയിരുത്തി. ഡി.സി.സിയും ഇന്നലെ യോഗം ചേർന്നു.

കള്ളവോട്ടുണ്ട്;സുധാകരനെ തിരുത്തി യു.ഡി.എഫ് വാർ റൂം

കള്ളവോട്ടുകൾ കുറവാണെന്നായിരുന്നു തിരഞ്ഞെടുപ്പ് ദിവസം യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.സുധാകരൻ പറഞ്ഞിരുന്നതെങ്കിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് യു.ഡി.എഫ് വാർ റൂമിന് നേതൃത്വം നൽകിയ പ്രവർത്തകർ പറയുന്നത്. വിവരങ്ങൾ അറിയിക്കാൻ വൈകിയതിനാലാണ് കെ. സുധാകരൻ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞതെന്നായിരുന്നു വാർ റൂമിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൾ റഷീദ് പറഞ്ഞത്.

പ്രതീക്ഷ പങ്കുവച്ച് മുന്നണികൾ

ശക്തി കേന്ദ്രങ്ങളിലെ ഉയർന്ന പോളിംഗ് ശതമാനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് എൽ.ഡി.എഫ്. തളിപ്പറമ്പ്, മട്ടന്നൂർ, ധർമ്മടം എന്നിവിടങ്ങളിൽ 80 ശതമാനം പോളിംഗ് നടന്നു. യു.ഡി.എഫ് കേന്ദ്രങ്ങളായ ഇരിക്കൂറിലും പേരാവൂരിലും യഥാക്രമം 72.50,​ 74.54 വീതമാണ് ആണ് പോളിംഗ് ശതമാനം. യു.ഡി.എഫ് പ്രതീക്ഷ പുലർത്തുന്ന അഴീക്കോടും കണ്ണൂരും പോളിംഗ് ഇടിഞ്ഞു. അതെസമയം തളിപ്പറമ്പിലെ ലീഗ് കേന്ദ്രങ്ങളിൽ പോളിംഗ് വർദ്ധനവുണ്ടായി. മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ അടിയൊഴുക്ക് സംബന്ധിച്ച് മുന്നണികൾക്ക് ആശങ്കയുണ്ട്. കഴിഞ്ഞ കാലങ്ങളിലെ വോട്ടിംഗ് പാറ്റേണിലാണ് യു.ഡി.എഫ് പ്രതീക്ഷ പുലർത്തുന്നത്.


ന്യൂനപക്ഷവോട്ടുകളിൽ യു.ഡി.എഫ് പ്രതീക്ഷ

ഇരിക്കൂറും പേരാവൂരുമൊഴികെ മറ്റെല്ലാ നിയമസഭ സീറ്റുകളും നിലവിൽ എൽ.ഡി.എഫിന്റെ കൈവശമാണുള്ളത്.ഇരിക്കൂറും പേരാവൂരും പോളിംഗ് കുറഞ്ഞതിൽ യു.ഡി.എഫിന് ആശങ്കയുണ്ട്.പതിവായി യു.ഡി.എഫിന് വലിയ ലീഡ് നൽകാറുള്ള ഇരിക്കൂറിൽ 9ശതമാനം പോളിംഗ് കുറഞ്ഞു. എങ്കിലും ന്യൂനപക്ഷ വോട്ടുകളിൽ ചോർച്ചയില്ലെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ വിശ്വാസം. തീരദേശ ബൂത്തുകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയതാണ് അവർ ചൂണ്ടിക്കാട്ടുന്നത്. കണ്ണൂരും അഴീക്കോടും അനുകൂലമാകുമെന്നും യു.ഡി.എഫ് നേതൃത്വം വിശ്വസിക്കുന്നു.അതെ സമയം കണ്ണൂരിൽ ലീഗ് വോട്ടുകൾ മുഴുവനായി പോൾ ചെയ്തിട്ടില്ലെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ.

Advertisement
Advertisement