ഉദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളവോട്ട് നടന്നു:മാർട്ടിൻ ജോർജ്ജ് കൂടുതലും കാസർകോട് ലോക്‌സഭ മണ്ഡലം പരിധിയിൽ

Saturday 27 April 2024 10:44 PM IST

വിശദമായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷനു നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ്

കണ്ണൂർ: പോളിംഗ് പൊതുവേ സമാധാനപരമായെങ്കിലും സി.പി.എമ്മിന്റെ ചില ശക്തികേന്ദ്രങ്ങളിൽ കള്ളവോട്ടും അതിക്രമങ്ങളും നടന്നതായി ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ആരോപിച്ചു യു.ഡി.എഫ് പോളിംഗ് ഏജന്റുമാർക്കു നേരെ ചിലയിടങ്ങളിൽ അക്രമമുണ്ടായി. കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് കൂടുതൽ അതിക്രമങ്ങൾ നടന്നത്. കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥരും പോലീസും ഫലപ്രദമായി ഇടപെട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.
ഇരിക്കൂർ കാവുമ്പായി 103ാം നമ്പർ ബൂത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റായിരുന്ന രവീന്ദ്രനെ മർദ്ദിച്ചു. തളിപ്പറമ്പ് 119ാം ബൂത്തിൽ യു.ഡി.എഫ് ഏജന്റായിരുന്ന സി എം.പി നേതാവ് വി വി രവീന്ദ്രനെ കള്ളവോട്ട് എതിർത്തതിന്റെ പേരിൽ അക്രമിച്ച് 10,000 രൂപ കവർന്നു. ഇവിടെ 120ാം നമ്പർ ബൂത്തിൽ കള്ളവോട്ടിനെ എതിർത്തതിന്റെ പേരിൽ മർദ്ദനമേറ്റ റിട്ടേണിംഗ് ഓഫീസർ ഭയം കാരണം പരാതി നൽകാൻ തയ്യാറായിട്ടില്ല.പയ്യന്നൂർ കാറമേൽ 78 ാം ബൂത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റ് ദളിത് വിഭാഗക്കാരി കൂടിയായ ചന്ദ്രിയെ പരിക്കേൽപ്പിച്ചു. മറ്റൊരു ഏജന്റായ വി.വി രഞ്ജിത്തിനും അക്രമത്തിൽ പരിക്കേറ്റു.മമ്പറത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി നരേന്ദ്രബാബുവിന്റെ സ്‌കൂട്ടർ തകർത്തു. നൂറോളം കുലച്ച വാഴകൾ വെട്ടി നശിപ്പിച്ചു. തളിപ്പറമ്പ് കൊളച്ചേരി ഇ ടി കൃഷ്ണൻ സ്മാരക എൽ.പി സ്‌കൂളിൽ 186ാം നമ്പർ ബൂത്തിൽ യു.ഡി.എഫ് ഏജന്റുമാരിൽ നിന്ന് മൂന്നു തവണ മാർക്ക് ചെയ്ത വോട്ടർപട്ടിക തട്ടിപ്പറിച്ചു.അന്നൂർ 84 ാം നമ്പർ ബൂത്തിൽ കള്ളവോട്ട് എതിർത്ത യു.ഡി.എഫ് ബൂത്ത് ഏജന്റുമാരായ നവനീത് നാരായണൻ, സി കെ.വിനോദ്കുമാർ എന്നിവരെ മർദ്ദിച്ചു.
പയ്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അശോകൻ, കടന്നപ്പള്ളി മണ്ഡലം പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളി ,കരിവെള്ളൂർ മുൻ മണ്ഡലം പ്രസിഡന്റും ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ശശിധരൻ എന്നിവരുടെ വാഹനങ്ങൾ തകർത്തു. മലപ്പട്ടം, പരിയാരം, കുറ്റ്യേരി, വെള്ളാവ് തുടങ്ങിയ പ്രദേശങ്ങളിലും ഇത്തരം അതിക്രമങ്ങൾ നടന്നു. പോളിംഗ് ഉദ്യോഗസ്ഥരും പൊലീസും ശക്തമായ നടപടി സ്വീകരിച്ച സ്ഥലങ്ങളിൽ പോളിംഗ് സുഗമമായി നടന്നിട്ടുണ്ട്. എന്നാൽ സി പി.എം ഭീഷണിക്ക് ഉദ്യോഗസ്ഥർ വഴങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായ ക്രമക്കേടുകൾ നടന്നതെന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.

Advertisement
Advertisement