മഞ്ഞുമ്മൽ ബോയ്സ് കേസ് : ബാങ്കുകൾക്ക് പൊലീസ് നോട്ടീസ്

Sunday 28 April 2024 1:34 AM IST

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ പൊലീസ് തെളിവ് ശേഖരണം തുടങ്ങി. നിർമ്മാതാക്കളുമായി ബന്ധപ്പെട്ട ബാങ്കുകൾക്ക് പൊലീസ് നോട്ടീസ് നൽകി. ആദ്യപടിയായാണ് തെളിവ് ശേഖരണം. സിനിമയ്ക്ക് വേണ്ടി പണം മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദിന്റെ പരാതിയിൽ മരട് പൊലീസാണ് വഞ്ചനാക്കുറ്റം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെ വകുപ്പുകൾ ചേർത്ത് കേസെടുത്തത്.

കരാർ പ്രകാരമുള്ള 47 കോടി നൽകാതെ നിർമ്മാതാക്കൾ കബളിപ്പിച്ചുവെന്നാണ് പരാതി. നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്റെ പാർട്ട്ണർ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവരാണ് കേസിലെ പ്രതികൾ. നേരത്തെ പറവ ഫിലിംസിന്റേയും, പാർട്ണർ ഷോൺ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമ്മാതാക്കൾ പണം കൈപ്പറ്റിയ ശേഷം ഒന്നും നൽകാതെ കബളിപ്പിച്ചെന്നാണ് സിറാജിന്റെ പരാതി.

2022 നവംബറിലാണ് കരാർ പ്രകാരം സിറാജ് പണം കൈമാറിയത്. ആദ്യം 5.99 കോടിയും പിന്നീട് 50 ലക്ഷവും നൽകി. 51 ലക്ഷം രൂപയാണ് ഒടുവിൽ കൈമാറിയത്. കരാർ പ്രകാരം സിനിമയുടെ ലാഭത്തിൽ നിന്നും 40 കോടിരൂപ നൽകിയില്ലെന്നാണ് ആരോപണം. ഒ.ടി.ടി പ്ലാറ്റ്‌ഫോം അവകാശം നൽകിയതിലൂടെ 20 കോടിയോളം രൂപ വേറെയും ചിത്രം നിർമാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

Advertisement
Advertisement