നാവായിക്കുളം - തുമ്പോട് - കൈതോട് റോഡ്‌ നവീകരണം ഇനിയുമകലെ

Sunday 28 April 2024 1:57 PM IST

കല്ലമ്പലം: നാവായിക്കുളം - തുമ്പോട് - കൈതോട് റോഡ്‌ പൊട്ടിപ്പൊളിഞ്ഞ് പലയിടവും കുണ്ടും കുഴിയുമായിട്ടും റോഡ്‌ നവീകരണം എങ്ങുമെത്തിയില്ല. വാട്ടർ അതോറിട്ടി പൈപ്പ് ഇട്ടതിനുശേഷം റോഡ് റീ ടാർ ചെയ്യാൻ കാത്തിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. രണ്ട് വർഷം മുൻപാണ് റോഡ് നവീകരണത്തിനും റീ ടാറിംഗിനുമായി മരാമത്ത് വകുപ്പ് 9 കോടി രൂപയ്ക്ക് കരാർ നൽകിയത്. പണി ആരംഭിക്കാൻ കാലതാമസം നേരിടുന്നതുകാരണം ഇതേ തുകയ്ക്ക് റോഡ് നവീകരണം നടത്താൻ കരാറുകാരൻ തയാറാകുമോ എന്നതിലും ആശങ്കയുണ്ട്.

റോഡ് നവീകരണത്തിന് കരാർ നൽകിയ അതേ വേളയിലാണ് ജല അതോറിട്ടി പൈപ്പ് ഇടുന്നതിനുള്ള അനുമതിയും വാങ്ങിയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിക്കുന്ന നാവായിക്കുളം - തുമ്പോട് - കൈതോട് റോഡിന് 11 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. നാവായിക്കുളം, മടവൂർ, നഗരൂർ, കിളിമാനൂർ, നിലമേൽ പഞ്ചായത്ത് പ്രദേശങ്ങളിൽ കൂടിയാണ് റോഡ് കടന്നുപോകുന്നത്. ജല അതോറിറ്റിയുടെ പൈപ്പിടൽ അടിയന്തരമായി പൂർത്തിയാക്കുന്നതിനും റോഡ് നവീകരണം നടത്തുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.

 നിലവിൽ

മടവൂർ പഞ്ചായത്ത് പ്രദേശത്ത് തുമ്പോട് മുതൽ തങ്കക്കല്ല് വരെ 3 കിലോമീറ്റർ ദൂരം മാത്രം പൈപ്പ് ലൈൻ സ്ഥാപിച്ചു.

നാവായിക്കുളത്തും 3 കിലോമീറ്ററോളം പൈപ്പ് സ്ഥാപിച്ചു.

മടവൂർ പഞ്ചായത്തിൽ തുമ്പോട് മുതൽ ഞാറയിൽക്കോണം വരെ പൈപ്പ് ഇടാനുണ്ട്.

നിലമേൽ, കിളിമാനൂർ, നഗരൂർ പഞ്ചായത്തുകളിൽ പൈപ്പ് ഇടുന്ന പണി ഇനിയും തുടങ്ങിയിട്ടില്ല.

 റോഡ് തകർന്ന് തരിപ്പണം

റോഡിന് വീതി കുറവായതിനാൽ ടാർ വെട്ടിപ്പൊളിച്ചു മാത്രമേ പൈപ്പ് ഇടാൻ കഴിയൂ. ഇതു കാരണമാണ് പൈപ്പ് ഇട്ടതിനു ശേഷം നവീകരണം മതി എന്ന തീരുമാനം മരാമത്ത് വകുപ്പ് എടുത്തത്. പത്ത് വർഷം മുൻപാണ് റോഡ് അവസാനമായി ടാർ ചെയ്‌തത്. മെറ്റലും ടാറും ഇളകി റോഡിന്റെ ഉപരിതലം പൂർണമായും തകർന്നു. ഇതു കാരണം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. തങ്കക്കല്ല് മുതൽ നക്രാംകോട് വരെയും ഡീസന്റ്മുക്ക് മുതൽ കപ്പാംവിളവരെയും റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്.

Advertisement
Advertisement