ഇനി ഒരു മാസത്തെ കാത്തിരിപ്പ്, കൂട്ടിക്കിഴിക്കലിൽ മുഴുകി മുന്നണികൾ

Sunday 28 April 2024 12:22 AM IST

ആലപ്പുഴയിലും മാവേലിക്കരയിലും

വിജയം ഉറപ്പ്

''ആലപ്പുഴ,മാവേലിക്കര മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. ആലപ്പുഴയിൽ എ.എം.ആരിഫിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ

കൂടുതൽ ഭൂരിപക്ഷം ലഭിക്കും. മാവേലിക്കരയിൽ സി.എ.അരുൺകുമാർ സീറ്റ് പിടിച്ചെടുക്കും. ഭൂരിപക്ഷം സംബന്ധിച്ച് ബൂത്ത് തല കണക്ക് പരിശോധിച്ച് വരുകയാണ്. വോട്ടിംഗ് ശതമാനം കുറഞ്ഞെങ്കിലും എൽ.ഡി.എഫിന്റെ വോട്ടുകൾ പൂർണമായി ചെയ്യിക്കാനായത് നുകൂലമാകും. സ്ത്രീ വോട്ടുകളും കന്നി വോട്ടുകളും ഞങ്ങൾക്ക് കിട്ടും. ഈ സർക്കാർ വന്നതിനുശേഷം ജില്ലയിൽ നടത്തിയിട്ടുള്ള വികസനപ്രവർത്തനങ്ങളും അനുകൂല ഘടകമാണ്.

-ആർ.നാസർ, സി.പി.എം ജില്ലാ സെക്രട്ടറി

കെ.സിയും കൊടിക്കുന്നിലും

വൻഭൂരിപക്ഷത്തിൽ ജയിക്കും

''ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ 50,000ന് മുകളിലും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് 35,000നു മുകളിലും വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും. ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കും. മാവേലിക്കര നിലനിർത്തും. പോളിംഗ് ശതമാനത്തിലെ കുറവ് യു.ഡി.എഫിനെ മാത്രമല്ല മറ്റു മുന്നണികളെയും ബാധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യക്ഷമത ഇല്ലായ്മയും ഉദ്യോഗസ്ഥരുടെ അലംഭാവവും പോളിംഗ് ശതമാനം കുറയാൻ കാരണമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വികാരം യു.ഡി.എഫിന് അനുകൂലമാണ്. ഇ.പി.വിഷയം യു.ഡി.എഫിന് ഗുണകരമായി.

- എ.എ.ഷുക്കൂർ, കെ.പി.സി.സി ജനറൽ സെക്രട്ടറി

ശോഭാസുരേന്ദ്രനും ബൈജുകലാശാലയും

തിളക്കമാർന്ന വിജയം നേടും

''ആലപ്പുഴയിൽ ശോഭാസുരേന്ദ്രനും മാവേലിക്കരയിൽ ബൈജുകലാശാലയും തിളക്കമാർന്ന വിജയം നേടും. ഭൂരിപക്ഷം എത്രയെന്നതല്ല വിജയമാണ് ലക്ഷ്യം. വോട്ടിംഗ് ശതമാനം കുറഞ്ഞത് എൻ.ഡി.എയുടെ വിജയത്തെ ബാധിക്കില്ല. സി.പി.എം ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തിയ ശ്രമമാണ് വോട്ടിംഗ് ശതമാനം കുറയാൻ കാരണം. മോദിസർക്കാരിന്റെ വികസനവും സ്ഥാനാർത്ഥികളുടെ പൊതു സ്വീകാര്യതയും സമൂഹത്തിലെ എല്ലാ വിഭാഗം ജനത്തിന്റെ പിന്തുണയുമാണ് അനുകൂല ഘടകം. ബൂത്ത് തലകണക്കുകൾ പരിശോധിച്ച ശേഷമേ ഭൂരിപക്ഷത്തിന്റെ കണക്ക് പറയാനാകൂ.

- എം.വി.ഗോപകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്

Advertisement
Advertisement