പ്രതീക്ഷ കെെവിടാതെ മുന്നണികൾ

Sunday 28 April 2024 12:54 AM IST
  • ആലത്തൂരിൽ പോളിംഗ് 73.20

തൃശൂർ: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ പോളിംഗ് ശതമാനം കഴിഞ്ഞ പ്രാവശ്യത്തേക്കാൾ 7.27 ശതമാനം കുറവ്. 73.20 ശതമാനമാണ് നിലവിലെ പോളിംഗ്. നിയമസഭാ മണ്ഡലം തലത്തിൽ ആറ് മുതൽ എട്ട് ശതമാനം വരെ പോളിംഗ് കുറഞ്ഞു.
വോട്ടെടുപ്പിന്റെ നിയമസഭാ മണ്ഡലം തിരിച്ചുള്ള അവലോകനത്തിലും കണക്കുകൂട്ടലിലുമാണ് എൽ.ഡി.എഫും യു.ഡി.എഫും. ജനവിധി തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.

കഴിഞ്ഞതവണത്തേതിൽ നിന്ന് പോളിംഗിൽ വലിയ കുറവില്ലാത്തതിനാൽ യു.ഡി.എഫിനും വിജയപ്രതീക്ഷയുണ്ട്. സംസ്ഥാനഭരണം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും അത് യു.ഡി.എഫിന് വിജയം നൽകുമെന്നും നേതാക്കൾ കരുതുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനഭരണം സ്വാധീനിക്കില്ലെന്ന കണക്കുകൂട്ടലാണ് എൽ.ഡി.എഫിന്. കൂടുതൽ കുറഞ്ഞത് പാലക്കാട് -ചിറ്റൂർ മണ്ഡലത്തിലാണ്. ഇവിടെ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പോളിംഗിൽ പ്രതിഫലിച്ചതാണെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്. വടക്കാഞ്ചേരിയിലും കോൺഗ്രസിൽ അസ്വാരസ്യങ്ങളുള്ളതായാണ് വിവരം.

സ്ഥലത്തില്ലാത്തവരും മരിച്ചവരും പട്ടികയിൽ

പലരും സ്ഥലത്തില്ലാത്തതിനാൽ വോട്ട് ചെയ്യാനാകാത്തത് പോളിംഗിനെ ബാധിച്ചെന്ന് നേതാക്കൾ പറയുന്നു. മരിച്ചവരിൽ പലരുടെയും പേരുകൾ ഇപ്പോഴും വോട്ടർപ്പട്ടികയിലുണ്ട്. സംസ്ഥാന ഭരണത്തോട് വിയോജിപ്പുള്ളവരിൽ പലരും ഇത്തവണ വോട്ടു ചെയ്തിട്ടില്ലെന്നാണ് കോൺഗ്രസ് വാദം. ആലത്തൂരിൽ ബി.ജെ.പിയുടെ പ്രചാരണം മോശമായതിനാൽ അവരിലും വോട്ടു ചെയ്യാത്തവർ ഉണ്ടത്രേ.

വോട്ടിംഗ് ഇങ്ങനെ

ആകെ വോട്ട് 13,32,496
പോൾ ചെയ്തത് 9,79,732
സ്ത്രീകൾ 5,04,204
പുരുഷന്മാർ 4,74,923
ട്രാൻസ്‌ജെൻഡർ 5

പോളിംഗ് ശതമാനം 2019ലെ ശതമാനം. കുറവ്

തരൂർ 73.78 .... 80.16.
ചിറ്റൂർ 74.14 .... 82.35.
നെന്മാറ 73.8 .... 81.48.
ആലത്തൂർ 74.92 .... 81.11.
ചേലക്കര 72.01 .... 79.08.
കുന്നംകുളം 72.25 .... 78.93.
വടക്കാഞ്ചേരി 72.05 .... 79.36.

Advertisement
Advertisement