ഇടിഞ്ഞ് പോളിംഗ് , നെഞ്ചിടിച്ച് മുന്നണികൾ

Sunday 28 April 2024 12:57 AM IST

തൃശൂർ: അപ്രതീക്ഷിതമായി തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ അഞ്ച് ശതമാനത്തോളം പോളിംഗ് കുറഞ്ഞതോടെ ചങ്കിടിപ്പിൽ മുന്നണി നേതൃത്വം. സംസ്ഥാനത്ത് പോളിംഗ് കുറഞ്ഞതിന് ആനുപാതികമായി തൃശൂരിലും സംഭവിച്ചതിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക് ഒരുപോലെ ആശങ്കയുണ്ട്. 72.90 ശതമാനമാണ് തൃശൂരിലെ പോളിംഗ്. 2019 ൽ 77.92 ശതമാനമായിരുന്നു.
പോളിംഗ് ഉയർന്നാൽ തങ്ങൾക്ക് അനുകൂലമാകുമെന്നായിരുന്നു മൂന്ന് മുന്നണികളും അവകാശപ്പെട്ടിരുന്നത്.

പോളിംഗ് കുറഞ്ഞപ്പോഴും അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കണക്കുകൂട്ടലുകൾ പിഴച്ചോ എന്ന ആശങ്ക ശേഷിക്കുന്നുണ്ട്. പുതുക്കാട് നിയമസഭാ മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ്, 76.74ശതമാനം. തൃശൂരിലാണ് ഏറ്റവും കുറവ്, 69.67 ശതമാനം. ഓരോ മണ്ഡലത്തിലെയും ഏറ്റക്കുറച്ചിലുകൾ എങ്ങനെ ബാധിക്കുമെന്ന ചിന്തയിലാണ് മുന്നണി നേതൃത്വം. 2014ൽ 72.17 ശതമാനം പോളിംഗ് ഉണ്ടായിരുന്നപ്പോൾ ഇടതിനായിരുന്നു വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോളിംഗ് കുത്തനെ ഉയർന്നപ്പോൾ യു.ഡി.എഫിനും.

അടിയൊഴുക്കുകളേറെ

കരുവന്നൂർ മുതൽ തൃശൂർ പൂരവിവാദവും പോളിംഗ് ദിനത്തിലുണ്ടായ കള്ളവോട്ട് ആരോപണവും വരെ തൃശൂരിലെ ഫലത്തെ സ്വാധീനിച്ചേക്കും. അടിയൊഴുക്കുകളിലാണ് മൂന്ന് മുന്നണികളുടെയും ആശങ്ക. പോളിംഗ് ശതമാനത്തിലെ വ്യത്യാസം അനുകൂലമാകുമെന്ന് മുന്നണികൾ വിശ്വസിക്കുമ്പോഴും കൂട്ടിയും കിഴിച്ചും വിലയിരുത്തൽ തുടരുകയാണ് നേതൃത്വം. ജൂൺ നാലുവരെയത് തുടരും.

സമാധാനപരമായത് ആശ്വാസം

പോളിംഗ് സമാധാനപരമായതിലുള്ള ആശ്വാസത്തിലാണ് മുന്നണി നേതൃത്വവും സ്ഥാനാർത്ഥികളും പ്രകടിപ്പിക്കുന്നത്. 13 നിയോജക മണ്ഡലങ്ങളുടെ നിരീക്ഷണത്തിന് 13 ടെലിവിഷനും പ്രശ്‌നബാധിത ബൂത്തുകളുടെ പ്രത്യേക നിരീക്ഷണത്തിന് അഞ്ചെണ്ണവും ഒരുക്കിയിരുന്നു. മൂന്ന് ഷിഫ്റ്റുകളിലായി 23 ജീവനക്കാരാണ് പ്രവർത്തിച്ചത്. കൺട്രോൾ റൂമിൽ സജ്ജമാക്കിയ കോൾ സെന്റർ മുഖേനയും ആശയവിനിമയം നടത്തി പ്രശ്‌നങ്ങൾ പരിഹരിച്ചു. തിരഞ്ഞെടുപ്പ് തലേന്ന് മുതൽ ആരംഭിച്ച കൺട്രോൾ റൂം പ്രവർത്തനം പോളിംഗ് അവസാനിച്ച ശേഷം വോട്ടിംഗ് സാമഗ്രികൾ സ്‌ട്രോംഗ് റൂമിലെത്തുന്നത് വരെയുള്ള പ്രവർത്തനം ഏകോപിച്ച ശേഷമാണ് അവസാനിച്ചത്.

ചൂടിൽ പോളിംഗ് കുറഞ്ഞു?

പാലക്കാട് കഴിഞ്ഞാൽ ചൂടേറിയ ജില്ലയായതിനാൽ വോട്ട് ചെയ്യാനെത്താൻ മടിച്ചു
ബൂത്തുകളിൽ ഇരിപ്പിടവും വെള്ളവും തണലും ഒരുക്കാത്തതും തിരിച്ചടിയായി
ഇ.വി.എമ്മിൽ വോട്ടിംഗിന് കൂടുതൽ സമയമെടുത്തുവെന്ന പരാതിയും ഉയർന്നു
യന്ത്രം പണിമുടക്കിയതും കൂടുതൽ ബൂത്തുകൾ ഒരുക്കാത്തതും പ്രതിസന്ധിയായി

മറ്റ് മണ്ഡലങ്ങളിലെ പോളിംഗ്

ഗുരുവായൂർ 70.41
മണലൂർ 73.04
ഒല്ലൂർ 73.43
നാട്ടിക 72.97
ഇരിങ്ങാലക്കുട 73.9.

Advertisement
Advertisement