അധികാരത്തിലെത്തിയാൽ ബീഫ് ഉപഭോഗം അനുവദിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം; രാജ്യത്തെ ഒരു ഹിന്ദുവും കഴിക്കില്ലെന്ന് യോഗി

Sunday 28 April 2024 11:43 AM IST

ലക്‌നൗ: കോൺഗ്രസിന്റെ പ്രകടനപത്രികയ്ക്കെതിരെ വീണ്ടും ആരോപണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് അധികാരത്തിലെത്തിയതിനുശേഷം ബീഫ് ഉപഭോഗം അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യോഗി ആരോപിച്ചു. കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് ബീഫ് ഉപഭോഗത്തിന് പ്രോത്സാഹനം നൽകുകയാണെന്ന് യോഗി വിമർശിച്ചത്.

'പശുവിനെ വിശുദ്ധമൃഗമായി കാണുന്നതിനാൽ രാജ്യത്തെ എല്ലാ ഹിന്ദുക്കളും ബീഫ് കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു. ഇക്കാര്യത്തിൽ മുസ്ളീങ്ങൾക്ക് ഇളവുകൾ നൽകാനുള്ള കോൺഗ്രസിന്റെ ശ്രമം അംഗീകരിക്കാനാവുന്നതല്ല'- വാർത്താസമ്മേളനത്തിൽ യോഗി വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്ക് ബീഫ് കഴിക്കാനുള്ള അവകാശം നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് വെള്ളിയാഴ്‌ച യുപിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടയിലും യോഗി പ്രസംഗിച്ചിരുന്നു.

ഉത്തർപ്രദേശിൽ കന്നുകാലി കശാപ്പിനും കന്നുകാലി കടത്തിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പത്തുവർഷംവരെ തടവും അഞ്ചുലക്ഷംവരെ പിഴയുമാണ് നിയമലംഘനം നടത്തുന്നവർക്ക് ലഭിക്കുക. 2020ലാണ് ഇതുസംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ചുമത്തുന്നത്.

ഉത്തർപ്രദേശിൽ ആദ്യ ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19നാണ് നടന്നത്. ഏപ്രിൽ 26ന് രണ്ടാം ഘട്ടവും നടന്നു. മേയ് ഏഴ്, മേയ് 13, മേയ് 20, മേയ് 25, ജൂൺ ഒന്ന് എന്നീ തീയതികളിലാണ് തുടർന്നുള്ള തിരഞ്ഞെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. കഴിഞ്ഞദിവസം നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 54.85% പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്.

Advertisement
Advertisement