'റിയാലിറ്റി'യുടെ മായിക ലോകം

Monday 29 April 2024 12:36 AM IST

വികസിത രാജ്യങ്ങളിലെ മനുഷ്യരുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു ഡിജിറ്റൽ സാങ്കേതികവിദ്യകൾ. ഓട്ടിസം ബാധിച്ച കുട്ടികൾക്ക്, സമപ്രായക്കാരുടെ കഴിവുകൾ ഒന്നും കാണണമെന്നില്ല. പക്ഷേ എക്സ്റ്റൻഡ് റിയാലിറ്റി (എക്സ്.ആർ) അഥവാ വ്യാപിപ്പിച്ച യാഥാർത്ഥ്യം എന്ന പേരിൽ അറിയപ്പെടുന്ന നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് ഓട്ടിസം ബാധിച്ച കുട്ടികളെക്കൊണ്ട്, മറ്റ് സമപ്രായക്കാർ ചെയ്യുന്നതെല്ലാം ചെയ്യിക്കാൻ ഇപ്പോൾ സാധിക്കും.

ഇത്തരം സാങ്കേതികവിദ്യ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു സ്മാർട്ട് ഫോൺ ഓൺ ആക്കി ഒരു മാളിന്റെ മുന്നിലൂടെ നടന്നാൽ മതി, ആ മാളിലുള്ള എല്ലാ വിവരങ്ങളും, എവിടെയെക്കെ ഗെയിമുകൾ കളിക്കാൻ സൗകര്യങ്ങളുണ്ട് എന്നിവയെല്ലാം ഫോണിൽ തെളിയും. ഈ നവീന സാങ്കേതികവിദ്യകൾക്ക്, ജീവിതത്തിലെ സർവ്വ മേഖലകളിലും ചിന്തകൾക്കതീതമായ മാറ്റം വരുത്താനുള്ള കഴിവുകളുണ്ട്. ഈ സാങ്കേതികവിദ്യകൾ ഏതെല്ലാമെന്ന് നോക്കാം. ഭൗതിക പരിസ്ഥിതിയെക്കുറിച്ചുള്ള മനുഷ്യന്റെ എല്ലാ ധാരണകളെയും മാറ്റിമറിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് എക്സ്റ്റൻഡ് റിയാലിറ്റി (എക്സ്.ആർ). ഇതിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രയോഗിക്കാവുന്ന മൂന്ന് പ്രാഥമിക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഒന്ന് വെർച്വൽ റിയാലിറ്റി (വി.ആർ), രണ്ട് ഓഗ്മെന്റഡ് റിയാലിറ്റി (എ.ആർ), മൂന്ന് മിക്സഡ് റിയാലിറ്റി (എം.ആർ).

വെർച്വൽ

റിയാലിറ്റി

എല്ലാ വസ്തുക്കൾക്കും മൂന്ന് അളവുകൾ അഥവാ 3 ഡിയുണ്ട്. നീളം, വീതി, കനം. കമ്പ്യൂട്ടറിൽ നിർമ്മിച്ച 3 ഡി പരിസ്ഥിതിയെയാണ് വെർച്വൽ റിയാലിറ്റി അഥവാ സാങ്കല്പിക യാഥാർത്ഥ്യം എന്നറിയപ്പെടുന്നത്. ഭൗതിക ലോകത്തെ കാഴ്ചകളെയും ശബ്ദങ്ങളെയും തടയുന്ന ഹെഡ്സെറ്റുകളാണ് ഇതിന്റെ മുഖ്യഘടകങ്ങൾ. ഈ ഹെഡ്സെറ്റുകളിൽ കണ്ണുകൾക്ക് മുന്നിൽ ഒരു ചെറിയ സ്ക്രീനുണ്ട്. ഇതിലൂടെ ഇത് ധരിക്കുന്ന വ്യക്തിക്ക് കമ്പ്യൂട്ടർ നിർമ്മിച്ച കൃത്രിമ ലോകത്തെ കാണാനും അതിൽ ചുറ്റിത്തിരിയാനും സാധിക്കും.

എല്ലാ മേഖലകളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർക്ക് ഓപ്പറേഷൻ മുറിയിൽ കയറാതെ തന്നെ വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ചെയ്യാനുള്ള കഴിവുകൾ വി.ആർ സാങ്കേതികവിദ്യ ഉപയോഗിച്ച് നേടാം. മസ്തിഷ്കം, സുഷുമ്നാനാഡി തുടങ്ങിയ നാഡികളിൽ ശസ്ത്രക്രിയ നടത്താൻ പഠിക്കുന്നവരുടെ പാഠ്യപദ്ധതിയിൽ വി.ആർ ഉപയോഗിച്ച് ഈ ശസ്ത്രക്രിയകൾ പഠിക്കാനുള്ള സംവിധാനം ഇപ്പോൾ ഒട്ടുമിക്ക രാജ്യങ്ങളിലുമുണ്ട്.

ഓഗ്മെന്റഡ്

റിയാലിറ്റി

ഓഗ്മെന്റഡ് റിയാലിറ്റി (എ.ആർ) അഥവാ പെരുപ്പിച്ചു കാട്ടിയ യാഥാർത്ഥ്യം. ഓഗ്മെന്റഡ് റിയാലിറ്റി യഥാർത്ഥ ലോകത്തെക്കുറിച്ചുള്ള ഒരാളിന്റെ ധാരണയോടൊപ്പം കമ്പ്യൂട്ടർ സൃഷ്ടിച്ച ലോകത്തിന്റെ ഘടകങ്ങൾ കൂടി കൂട്ടിച്ചേർക്കും. സ്വാഭാവിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി, ബോധപൂർവ്വം സന്തോഷപ്രദങ്ങളായ അനുഭവങ്ങൾ നൽകാനും എ.ആർ ഉപയോഗിക്കുന്നു. ഇതിൽ യഥാർത്ഥ ജീവിതത്തിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾക്കുള്ളിൽ, കമ്പ്യൂട്ടർ സൃഷ്ടിച്ചെടുത്ത അധിക വിവരങ്ങളും ഉൾപ്പെടുത്തി, ഇതു ഉപയോഗിക്കുന്ന ആളിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ധാരണ വർദ്ധിപ്പിക്കും. ഈ സാങ്കേതികവിദ്യയുടെ കണ്ടുപിടുത്തം കെട്ടിട നിർമ്മാണ രംഗത്തു വരുത്തിയിട്ടുള്ള പരിവർത്തനങ്ങൾ വർണ്ണനാതീതമാണ്.

എൻജിനിയർമാർക്കും പ്രോജക്ട് മാനേജർമാർക്കും വാസ്തുശില്പികൾക്കും ഉപഭോക്താക്കൾക്കും ഇതുകൊണ്ട് ഏറെ പ്രയോജനം ലഭിക്കുന്നുണ്ട്. നിർമ്മാണരംഗത്ത് ഡ്രോയിംഗുകളിലൂടെ മനസ്സിലാക്കാൻ പറ്റാത്ത സങ്കീർണങ്ങളായ പല കാര്യങ്ങളുമുണ്ട്. എന്താണ് നിർമ്മിക്കാൻ പോകുന്നത്, എന്തെല്ലാം സാധനങ്ങൾ വേണ്ടിവരും തുടങ്ങിയ വിവരങ്ങളും, നിർമ്മാണത്തിലിരിക്കുന്ന വിവിധ പദ്ധതികൾ കൈകാര്യം ചെയ്യാനായി ആ പദ്ധതികളുടെ എല്ലാ ഘട്ടങ്ങളിലും വേണ്ടി വരുന്ന വിവരങ്ങളും കൃത്യമായിട്ട് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ സ്മാർട്ട് ഹെൽമറ്റ്, മൈക്രോസോഫ്റ്റ് ഹോളോലെൻസ് തുടങ്ങിയവയുടെ സഹായത്താൽ മനസ്സിലാക്കാൻ കഴിയും.

മിക്സഡ്

റിയാലിറ്റി

മിക്സഡ് റിയാലിറ്റി (എം.ആർ) അഥവാ കുട്ടിക്കലർത്തിയ യാഥാർത്ഥ്യം. ഭൗതികലോകവും ഡിജിറ്റൽ ലോകവും കൂടി ചേർന്നതാണിത്. ഉപഭോക്താക്കൾക്ക് ധരിക്കാവുന്ന എം.ആർ ഉപകരണങ്ങളുടെ സഹായത്താൽ ഒരു സമ്മിശ്ര റിയാലിറ്റി അനുഭവം സമ്മാനിക്കും. ഇതിലൂടെ ഉപഭോക്താക്കൾക്ക് വെർച്വൽ വസ്തുക്കളുമായി സംവദിക്കാൻ കഴിയും. വിനോദം, രൂപകല്പന തുടങ്ങിയവയിൽ മിക്സഡ് റിയാലിറ്റി പ്രയോജനപ്പെടുത്തുന്നുണ്ട്. മൊബൈൽ ഫോണിൽ മിക്സഡ് റിയാലിറ്റിയിലൂടെ ഡൗൺലോഡ് ചെയ്യാവുന്ന ആപ്പുകൾ ഉപയോഗിച്ച് ഒരാൾക്ക് സ്വന്തമായി 3‌ഡി ആനിമേഷൻ നിർമ്മിക്കാൻ കഴിയും.

അമേരിക്കയിലെ അദ്ധ്യാപകർ വിദൂരമായി മെഡിക്കൽ വിദ്യാർത്ഥികളെ അനാട്ടമി പഠിപ്പിക്കുമ്പോൾ ഇതു ഉപയോഗിക്കുന്നുണ്ട്. വെർച്വൽ വസ്തുക്കളെക്കുറിച്ച് പഠിപ്പിക്കുമ്പോൾ ഈ രീതി ഉപയോഗിച്ചാൽ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും. ആരോഗ്യരംഗത്ത്, കമ്പ്യൂട്ടറുകളിൽ നിന്ന് മെഡിക്കൽ സ്കാനുകൾ പുറത്തെടുത്ത് ശസ്ത്രക്രിയകളും ചികിത്സകളും ആസൂത്രണം ചെയ്യാനും മറ്റും എം.ആറിന്റെ ഉപയോഗങ്ങൾ ഒട്ടനവധിയാണ്.

ഭൂമിയിലിരിക്കുന്ന ശാസ്ത്രജ്ഞന്മാരെയും എൻജിനിയർമാരെയും ഫലത്തിൽ ചൊവ്വയിൽ സന്നിഹിതരായിരിക്കുവാൻ സഹായിക്കുന്ന സോഫ്റ്റ്‌വയർ നാസാ മൈക്രോസോഫ്റ്റുമായി ചേർന്നു നിർമ്മിക്കുന്നുണ്ട്. ജപ്പാൻ എയർലൈൻസ്, എൻജിനിയർമാരെ പരിശീലിപ്പിക്കാൻ മിക്സഡ് റിയാലിറ്റി ഉപയോഗപ്പെടുത്തുന്നുണ്ട്. വീഡിയോ കോൺഫറൻസിംഗിന് ഇതു പ്രയോജനപ്പെടുത്തിയാൽ അത് വേറിട്ടൊരു അനുഭവമായിരിക്കും. എവിടെ മിക്സഡ് റിയാലിറ്റി ഉപയോഗിച്ചാലും യഥാർത്ഥ ലോകവും വെർച്വൽ ലോകവും തമ്മിലുള്ള രേഖയെ മങ്ങിപ്പിച്ച് കൂടുതൽ ദൃശ്യപരവും സംവേദാത്മകവുമായ തോന്നലുളവാക്കും.

എക്സ്റ്റൻഡ്
റിയാലിറ്റി


വി.ആർ, എ.ആർ, എം.ആർ തുടങ്ങിയ സാങ്കേതികവിദ്യകളുടെ സംയോജനം ഉൾക്കൊള്ളുന്നതും ആഴത്തിലുള്ള ഡിജിറ്റൽ അനുഭവം സൃഷ്ടിക്കുന്നതുമാണ്, എക്സ്റ്റൻഡ് റിയാലിറ്റി (എക്സ്.ആർ) അഥവാ വിപുലീകൃത യാഥാർത്ഥ്യം, എന്ന സാങ്കേതികവിദ്യ. അപകടം നിറഞ്ഞ വിവിധ വ്യവസായങ്ങളിലെ ജീവനക്കാരെ തുടക്കത്തിൽ തൊഴിലിന്റെ വിവിധ ഭാവങ്ങളെക്കുറിച്ച് പരിശീലിപ്പിക്കുമ്പോൾ അവർ സുരക്ഷിതരായിരിക്കാൻ എക്സ്.ആർ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇപ്പോൾ ലോകത്ത് വളരെ കുറച്ചു ശതമാനം പേർക്കേ ഈ സാങ്കേതികവിദ്യ നന്നായിട്ടറിയാവൂ. എക്സ്.ആർ വിവിധ ജോലികളിലുള്ള സാങ്കല്പിക അനുഭവങ്ങളുടെ വ്യാപനത്തെ ത്വരിതപ്പെടുത്തുന്നുണ്ട്. അതിന് തെളിവാണ് ആരോഗ്യസംരക്ഷണം,

ഭക്ഷ്യമേഖല, റീട്ടെയിൽ വ്യാപാരം, വിദ്യാഭ്യാസ പരിശീലനം തുടങ്ങിയ മേഖലകളിലെ വിപുലീകരിച്ച യാഥാർത്ഥ്യത്തിന്റെ ഉപയോഗം വ്യാപകമാവുകയാണ്.

ഈ മേഖലകളിലെല്ലാം കൂടി 2024-ൽ ഏകദേശം 250,000 കോടിയുടെ വരുമാനം ഈ സാങ്കേതികവിദ്യയിലൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. 2023-ൽ വിനോദത്തിനും ഗെയിമുകൾക്കും മാത്രമുള്ള എക്സ്.ആർ വിപണി 15,000 കോടിയായിരുന്നു. കാരണം ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗെയിമുകൾ കളിക്കുമ്പോൾ കളിക്കുന്നവർക്ക് അവർ ധരിച്ചിരിക്കുന്ന ഹെഡ്സെറ്റിലൂടെ തത്സമയസംഗീതം ആസ്വദിച്ച് വ്യത്യസ്ത കായിക മത്സരങ്ങൾ അനുഭവിച്ചറിയാനും, ഭാവിയിലെ ലോകങ്ങളിൽ ചുറ്റിക്കറങ്ങാനും സാധിക്കുമായിരുന്നു.

വിപുലീകൃത യാഥാർത്ഥ്യങ്ങളുടെ അഥവാ എക്സ്.ആറിന്റെ ഉപയോഗം വിനോദസഞ്ചാരം, ഭക്ഷ്യവ്യവസായം, ഓൺലൈൻ, ഓഫ്ലൈൻ വ്യാപാരം എന്നിവയ്ക്ക് പുറമേ രാജ്യങ്ങളുടെ പ്രതിരോധ മേഖലകളിലേക്കും വ്യാപിക്കുകയാണ്. ഇങ്ങനെ 2030 ആകുമ്പോൾ എക്സ്.ആർ വിപണി 1170,000 കോടിയാകും. പുതിയ തലമുറ എക്സ്.ആർ പ്രയോജനപ്പെടുത്തി കൂടുതൽ വരുമാനം സൃഷ്ടിക്കുന്നതിൽ ഒട്ടും പിന്നിലാവില്ലെന്ന് കരുതാം.

Advertisement
Advertisement