ബംഗാളിൽ മമതയ്‌ക്ക് വെല്ലുവിളികൾ, നേട്ടമുണ്ടാക്കാൻ ബി.ജെ.പിയും 'ഇന്ത്യ'യും

Monday 29 April 2024 12:40 AM IST

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടം പിന്നിട്ടെങ്കിലും പശ്ചിമ ബംഗാളിന്റെ മനസിലിരിപ്പ് വ്യക്തമായിട്ടില്ല. പ്രധാന കാരണം 42 സീറ്റിൽ ആറിടത്തു മാത്രമാണ് വോട്ടെടുപ്പ് ഇതുവരെ കഴിഞ്ഞത്. വോട്ടെടുപ്പ് കഴിഞ്ഞ കുച്ച് ബിഹാർ, അലിപ്പൂർ ദ്വാർ, ജയ്‌പാൽ ഗുഡി, ഡാർജിലിംഗ്, റായ്ഗഞ്ച്, ബലൂർഘട്ട് മണ്ഡലങ്ങൾ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളുമാണ്. സംസ്ഥാന ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും 'ഇന്ത്യാ' മുന്നണിക്ക് കീഴിൽ കോൺഗ്രസും സി.പി.എമ്മും കൊമ്പു കോർക്കുന്ന ത്രികോണ പോരാട്ടമാണ് പശ്ചിമ ബംഗാളിൽ. ദേശീയതലത്തിൽ 'ഇന്ത്യ' മുന്നണിയിലുള്ള തൃണമൂലിനെതിരെ കേരളത്തിൽ എതിരാളികളായ സി.പി.എമ്മും കോൺഗ്രസും ഇവിടെ ഒന്നിക്കുന്നു. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാകട്ടെ പോളിംഗ് ബൂത്തിൽ പോകുന്നത് ബാക്കിയുള്ള അഞ്ച് ഘട്ടങ്ങളിലും.

370 എന്ന ലക്ഷ്യം തികയ‌്ക്കാൻ ബി.ജെ.പി ബംഗാളിൽ ലക്ഷ്യമിടുന്നത് 35 സീറ്റുകൾ (2019ൽ നേടിയത് 18). ആ ലക്ഷ്യം കൈവരിക്കാൻ 2019ൽ 22 സീറ്റു നേടിയ തൃണമൂലിനെ മറികടന്ന് മുന്നേറണം. ഒന്നിച്ചു പൊരുതുന്ന കോൺഗ്രസിനെയും സി.പി.എമ്മിനെയും തടയണം. നിലവിൽ രണ്ടു സീറ്റുള്ള കോൺഗ്രസ് (ബെഹാരംപൂർ, മാൽഡ സൗത്ത്) സി.പി.എമ്മിനെയും കൂട്ടി എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണ്.

ഭരണവിരുദ്ധ

വികാരം

സംസ്ഥാനത്ത് അധികാരത്തിന്റെ ഒന്നര പതിറ്റാണ്ട് തികയ്‌ക്കുന്ന തൃണമൂൽ കോൺഗ്രസിനെതിരായ ഭരണവിരുദ്ധ വികാരം മുതലാക്കാനാണ് ബി.ജെ.പിയുടെയും 'ഇന്ത്യ' മുന്നണിയുടെയും ലക്ഷ്യമിടുന്നത്. വ്യാപകമായ അഴിമതി തൃണമൂലിനെതിരായ ഭരണവിരുദ്ധ വികാരത്തിന് ആക്കം കൂട്ടുന്നു. താഴെ തട്ടിലാണ് അഴിമതി കൂടുതലും. വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ, സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാനും രേഖകൾ ലഭിക്കാനും ഏത് ആവശ്യത്തിനും കൈക്കൂലി നൽകണമെന്നാണ് ആരോപണം. അഴിഞ്ഞാടുന്ന പ്രാദേശിക ഗുണ്ടകളുടെ അതിക്രമവും വേറെ. സന്ദേശ്ഘലിയിൽ സ്‌ത്രീകൾക്കെതിരെ നടന്ന അക്രമങ്ങളും ബി.ജെ.പിയും 'ഇന്ത്യ' മുന്നണിയും ഒരുപോലെ തൃണമൂലിനെതിരെ ആയുധമാക്കുന്നു. അതിക്രമങ്ങളും ബൂത്തു പിടുത്തവും തടയാൻ വൻ തോതിൽ കേന്ദ്രസേനയുള്ളതിനാൽ പതിവ് ബൂത്തു പിടുത്തവും ഭീഷണിയുമൊന്നും വിലപ്പോകില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ.

ഗ്രാഫ് ഉയർത്താൻ
ബി.ജെ.പി

വോട്ടെടുപ്പ് കഴിഞ്ഞ മേഖലകളെക്കൂടാതെ ആദിവാസി ബെൽറ്റ് ആയ ജംഗൽമഹൽ മേഖലയിലെ ബിർഭൂം, ബാങ്കുറ, മിഡ്‌നാപ്പൂർ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് മേൽക്കൈയുണ്ട്. ദേശീയ പൗരത്വ നിയമം റാണാഘട്ട്, ബോൺഗാവ് തുടങ്ങിയ സ്ഥലങ്ങളിലെ ബംഗ്ളാദേശി കുടിയേറ്റ വിഭാഗമായ മതുവ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുമെന്നും ബി.ജെ.പി കരുതുന്നു. 2019ൽ 18 സീറ്റുകൾ നേടിയ ബി.ജെ.പി 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 77 ഇടത്ത് ജയിച്ചത് പാർട്ടിയുടെ വളർച്ചയുടെ ഗ്രാഫ് തെളിയിക്കുന്നു. 2019ൽ തൃണമൂലുമായുണ്ടായിരുന്ന മൂന്ന് ശതമാനം വോട്ട് വ്യത്യാസം (തൃണമൂൽ 43.7%, ബി.ജെ.പി 40.6%) മറികടന്ന് 25 സീറ്റുകൾക്ക് മുകളിൽ നേടുമെന്നാണ് ചില സർവെകളുടെയും പ്രശാന്ത് കിഷോറിനെപ്പോലുള്ള വിദഗ്‌ദ്ധരുടെയും പ്രവചനം.

കോൺഗ്രസ്-

സി.പി.എം സഖ്യം

സംസ്ഥാന സർക്കാരിന്റെ ഭരണവിരുദ്ധത മുതലെടുക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്കും മുസ്ളീം വോട്ടുകൾ ലക്ഷ്യമിടുന്ന തൃണമൂലിനും കടുത്ത ഭീഷണിയാണ് കോൺഗ്രസ്-സി.പി.എം സഖ്യം. മുന്നണി 'ഇന്ത്യ' സ്വാധീന ശക്തിയല്ലെന്നും പോരാട്ടം തങ്ങൾ തമ്മിലാണെന്നും വരുത്താൻ ഇരുകക്ഷികളും ശ്രമിക്കുന്നുണ്ട്. ഒരു കാലത്ത് ശത്രുക്കളായവർ ഒന്നിച്ചതിന്റെ ബുദ്ധിമുട്ടൊന്നും താഴെക്കിടയിൽ ഇല്ലാത്തത് 'ഇന്ത്യ' മുന്നണിക്ക് നേട്ടം. തൃണമൂലിലേക്കും ബി.ജെ.പിയിലേക്കും ഒഴുകിയ വോട്ടുകൾ തിരിച്ചു പിടിക്കാനാകുമോയെന്നതാണ് കണ്ടറിയേണ്ടത്.

കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി കക്ഷികൾ അതേസമയം 'ഇന്ത്യ' ബാനറിൽ മത്സരിക്കുന്നത് തിരഞ്ഞെടുത്ത സീറ്റുകളിൽ മാത്രം. ചിലയിടങ്ങളിൽ നേർക്കുനേർ സൗഹൃദ മത്സരമുണ്ട്. സി.പി.എമ്മും ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി (ഐ.എസ്.എഫ്) ആറു സീറ്റിൽ വേറെയും കരാറുണ്ട്. മുർഷിദാബാദ് അടക്കം അഞ്ചു സീറ്റുകളിൽ സി.പി.എമ്മിനും ഇടതുകക്ഷികൾക്കും അവരുമായി സൗഹൃദമത്സരവുമുണ്ട്. ഇതേ ചൊല്ലി ഇടതുമുന്നണിക്കുള്ളിൽ രൂപപ്പെട്ട തർക്കം പരിഹരിച്ചിട്ടില്ല. കോൺഗ്രസും സി.പി.എമ്മും സംപൂജ്യരായ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരിടത്ത് ഐ.സി.എഫ് ജയിച്ചിരുന്നു.

മത്സരമുറപ്പിച്ച്

തൃണമൂൽ

വിവാദമായ സന്ദേശ്ഘലി ഉൾപ്പെടുന്ന ബാസിർഹട്ട് തൃണമൂലിന്റെ ശക്തികേന്ദ്രമാണ്. വിവാദങ്ങൾ ബാസിർഹട്ട് അടക്കം സിറ്റിംഗ് മണ്ഡലങ്ങളിലൊന്നും ബാധിക്കില്ലെന്ന് തൃണമൂൽ നേതാക്കൾ വിശ്വസിക്കുന്നു. സി.എ.എ, എൻ.ആർ.സി, ഏകസിവിൽ കോഡ് തുടങ്ങിയവയ്ക്കെതിരെ ശബ്‌ദമുയർത്തിയാണ് പാർട്ടി ബി.ജെ.പിയെ പ്രതിരോധിക്കുന്നത്. സി.പി.എമ്മും കോൺഗ്രസും വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പി യെ സഹായിക്കുമെന്ന മുന്നറിയിപ്പും പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി റാലികളിൽ മുന്നോട്ടുവയ്‌ക്കുന്നു. എല്ലാ സ്ത്രീകൾക്കും 1000 രൂപ നൽകുന്ന ലക്ഷ്മീർ ഭണ്ഡർ, ന്യൂനപക്ഷ സ്കോളർഷിപ്പ് തുടങ്ങിയ ക്ഷേമ പദ്ധതികളും പ്രചാരണത്തിലുണ്ട്.

23 സിറ്റിംഗ് എംപിമാരിൽ 16 പേർക്ക് മാത്രമെ സീറ്റ് നൽകിയിട്ടുള്ളു. 26 പുതുമുഖങ്ങളാണ്. 2019ൽ പരാജയപ്പെട്ട ആരെയും പരിഗണിച്ചില്ല. ടിക്കറ്റ് മോഹികളായ നിരവധി നേതാക്കൾ ബി.ജെ.പിയിലേക്ക് മാറിയിട്ടുണ്ട്. ബെഹാരംപൂരിൽ ഗുജറാത്ത് സ്വദേശിയായ ക്രിക്കറ്റ് താരം യൂസഫ് പഠാന് ടിക്കറ്റ് കൊടുത്തത് പ്രാദേശിക നേതാക്കളെ പിണക്കിയാണ്.

Advertisement
Advertisement