പാപിയും ശിവനും ; ലീഡറുടെ ആത്മാവും

Monday 29 April 2024 12:02 AM IST

'പാപി ചെല്ലുന്നിടം പാതാളം' എന്ന പഴഞ്ചൊല്ല് കേട്ടിട്ടുണ്ടാവും. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന് കേട്ടിട്ടുണ്ടോ?. ഇല്ലെങ്കിൽ കേട്ടോളൂ. പറയുന്നത് നിരീശ്വരവാദിയായ സഖാവ് പിണറായി വിജയനായതിനാൽ ഉദ്ദേശിച്ചത് ഏത് ശിവനെയെന്ന് ചോദിക്കരുത്. സാക്ഷാൽ പരമശിവനെ തന്നെ. പഴഞ്ചൊല്ലിൽ പതിരില്ല. ശിവനോട് ഉപമിച്ചത് ആരെയെന്ന് കേട്ട് ഞെട്ടരുത്. ഇ.പി. ജയരാജനെ കണ്ടാൽ വലിയ രൂപമാണെങ്കിലും പഞ്ചപാവമാണ്. പല്ല് മുളയ്ക്കാത്ത കൊച്ചു കുഞ്ഞിന്റെ സ്വഭാവം. പാലേ കുടിക്കൂ. ആരെ കണ്ടാലും നിഷ്കളങ്കമായി ചിരിക്കും. വിളിച്ചാൽ കൂടെ പോകാനും തയ്യാർ. ഇത് മണത്തറിഞ്ഞാണ് ബി.ജെ.പിയുടെ 'ആൾ പിടിത്തക്കാരനായ' പ്രകാശ് ജാവദേക്കർ അദ്ദേഹത്തെ കാണാനെത്തിയത്. ഇര തേടി നടക്കുന്നതിനിടെ നേരമ്പോക്കിന് തിരുവനന്തപുരത്ത് ഒന്ന് ചുറ്റിയതാണ്. കാർ ആക്കുളം പാലത്തിനടുത്ത് എത്തിയപ്പോഴാണ് ഒരു മോഹം. കൊള്ളാവുന്ന ആരെയെങ്കിലും വീട്ടിൽ പോയി പരിചയപ്പെടണം. ഒരു ചായ കുടിക്കണം. കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ദല്ലാൾ നന്ദകുമാർ പറഞ്ഞു, 'അതിനെന്താ പറ്റിയ കക്ഷി അടുത്തുണ്ട്. നമുക്ക് അങ്ങോട്ട് പോകാം.'അങ്ങനെയാണ് ഇരുവരും ചേർന്ന് ഇ.പിയുടെ മകന്റെ സമീപത്തുള്ള ഫ്ളാറ്റിൽ എത്തിയത്.

ഇ.പിക്ക് ദല്ലാളുമായി നല്ല പരിചയം. കൂടെയുള്ളതാര്? ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. ഇത് പത്രത്തിലും ടി.വിയിലുമൊക്കെ കാണാറുള്ള ജാവദേക്കറല്ലേ!. ആ 'വലിയ' മനുഷ്യൻ ഇതാ തന്നെ കാണാൻ ഇങ്ങോട്ട് വരുന്നു. എന്തതിശയം! പിന്നെ അമാന്തിച്ചില്ല. നിറ ചിരിയോടെ സ്വീകരിച്ചിരുത്തി. പരസ്പരം പരിചയപ്പെട്ടു. ചായ കുടിച്ചു. അപ്പോഴാണ് അതിഥി രാഷ്ട്രീയം എടുത്തിട്ടത്. അപകടം മണത്ത ഇ.പി ഉടനെ ചാടിയെണീറ്റു. 'ഇവിടെ രാഷ്ടീയം പാടില്ല' എന്ന് ചില ചായക്കടകളിലും ബാർബർ ഷാപ്പുകളിലും കാണുന്നത് പോലെ അവിടെ എഴുതി വച്ചിട്ടില്ലെന്നേയുള്ളൂ. വീട്ടിൽ വച്ച് ഇ.പി രാഷ്ട്രീയം പറയാറില്ല. അതിഥിയെ മുഷിപ്പിക്കാതിരിക്കാൻ ഇ.പി ഒരടവെടുത്തു. 'ഒരു മീറ്റിംഗുണ്ട്.ഉടനെ എനിക്ക് അവിടെ എത്തണം.' ഇരുവരും കൈ കൊടുത്ത് പിരിഞ്ഞു.

അത് ഈ ശോഭാ സുരേന്ദ്രൻ ഇങ്ങനെ വിളിച്ചു പറഞ്ഞ് നടക്കേണ്ട കാര്യമുണ്ടോ? ബി.ജെപിയിലേക്കുള്ള തന്റെ കുടിയേറ്റത്തിനുള്ള 90ശതമാനം ചർച്ചയും പൂർത്തിയായത്രെ. സ്വന്തം പാർട്ടിയിലെ രഹസ്യങ്ങൾ പോലും സൂക്ഷിക്കാൻ കഴിയാത്ത സ്ത്രീയാണോ?. തനിക്കാണെങ്കിൽ അവരെ തീരെ പരിചയമില്ല. ഒരു തവണ മിന്നായം പോലെ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. താൻ ജാവദേക്കറിനെ കണ്ട കാര്യം പത്രക്കാർ ചോദിച്ചപ്പോൾ ഒന്നും മറച്ചുവച്ചില്ല. സത്യം പറഞ്ഞു. ഒരു ദിവസം ദല്ലാളിനൊപ്പം ജാവദേക്കർ കാണാൻ വന്നിരുന്നു. വീട്ടിൽ കയറി വരുന്നയാളോട് എങ്ങനെ കയറരുതെന്ന് പറയും?. അക്കാര്യം വെളിപ്പെടുത്തിയത് 'നിർഭാഗ്യത്തിന് ' വോട്ടെടുപ്പ് ദിനത്തിലായിപ്പോയി. ശൂല പിടിപ്പെട്ട കുട്ടിക്ക് പാൽപ്പായസം കിട്ടിയത് പോലെ, ചാനലുകൾ അന്ന് മുഴു നീളെ അതങ്ങ് കൊണ്ടാടി. അതല്ലേ സംഭവം വിവാദമാകാനും, പിണറായി സഖാവിന് തന്നോട് ഈർഷ്യ തോന്നാനും കാരണം. ഈ പത്രക്കാരെക്കൊണ്ട് തോറ്റു. താൻ എന്ത് ചെയ്യുന്നുവെന്ന് അവന്മാർ നോക്കി നടക്കുകയല്ലേ. ദല്ലാളിനോട് കൂട്ട് കൂടുന്നതിലാണ് പിണറായി സഖാവിന് എതിർപ്പ്. അല്ലാതെ ജാവദേക്കറുമായി സംസാരിച്ചതിലല്ല. അദ്ദേഹവുമായി സഖാവും സംസാരിച്ചിട്ടുണ്ടത്രെ. പിന്നെ ആർക്കാ പ്രശ്നം. പോകാൻ പറ.പാർട്ടിക്ക് വേണ്ടി ശരീരത്തിൽ വെടിയുണ്ട വഹിച്ചു നടക്കുന്ന തന്നോടാണോ കളി?. നടപടി വരും പോലും. വരട്ടെ. ഇത് കണ്ടൊന്നും ഇ.പി കുലുങ്ങില്ല.!

□□□□□□□□□□□□ □□□□□□□□□□□□□□□

'ഇഷ്ടമില്ലാത്ത അച്ചി തോട്ടതെല്ലാം കുറ്റം' എന്ന് പറഞ്ഞത് പോലെയാണ് കെ. സുധാകരന്റെയും, വി.ഡി. സതീശന്റെയും കാര്യം ഇ.പി. ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് ബി.ജെ.പിയിൽ പോരാനാണെന്നാണത്രെ. അത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും. പൂച്ച് പുറത്തായ സ്ഥിതിക്ക് ഇനി ഇ.പിയെ ബലിയാടാക്കുമോ എന്നാണ് അവരുടെ ആശങ്ക. ഇ.പിയോട് എന്തൊരു സ്നേഹം.! പാപിയൊടോപ്പം യഥാർത്ഥ ശിവൻ ചേർന്നാൽ പാപി കരിഞ്ഞു പോകുമെന്നും, ഇ.പിയെ പാപിയാക്കിയ പിണറായി ഡ്യൂപ്ളിക്കേറ്റ് ശിവനാണെന്ന് വരെ പറഞ്ഞു സതീശൻ.

പിണറായി സൂര്യനാണെന്നും, ആ സൂര്യന്റെ അടുത്തെത്തുന്നവർ കരിഞ്ഞു പോകുമെന്നും നേരത്തേ എം.വി. ഗോവിന്ദൻ മാഷ് പറഞ്ഞത് ഓർക്കുക. ബി.ജെ.പിലേക്ക് ചാടാൻ 'ഞാൻ മുമ്പേ' എന്ന് വെമ്പി നിൽക്കുന്ന പാർട്ടിയുടെ നേതാക്കളാണല്ലോ സുധാകരനും, സതീശനും അവരെന്ന് ചാടുമെന്ന് നോക്കിയാൽ മതിയെന്നാണ് മാഷിന്റെ ഭാഷ്യം. ബി.ജെ.പിയിൽ ചേരാൻ ജാവദേക്കറുമായി ചർച്ച നടത്തിയത് താനല്ല, കെ. സുധാകരനെന്ന് ഇ.പി. ഒരേ തൂവൽ പക്ഷികൾ!.

□□□□□□□□□□□□□□ □□□□□□□□□□□□□□□

പ്രേമത്തിന് കണ്ണും മൂക്കുമില്ല. അതു പോലെ, രാഷ്ട്രീയത്തിലും ആവാമെന്ന് ലീഡർ കെ. കരുണാകരന്റെ മകൾ പദ്മജ വേണു ഗോപാൽ. 'ചേട്ടന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുമോ?'. തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ ഉദ്ദ്യേശിച്ചായിരുന്നു കോൺഗ്രസ് വിട്ട് ബി.ജെ.പിലെത്തിയ പദ്മജയോട് വോട്ടെടുപ്പ് ദിനത്തിൽ പത്രക്കാരുടെ കുസൃതി ചോദ്യം. 'ചേട്ടനും അച്ഛനുമൊക്ക വീട്ടിൽ. ഞാൻ എന്റെ പാർട്ടിക്കൊപ്പം നിൽക്കും. തൃശൂരിൽ സുരേഷ് ഗോപി ജയിക്കും. അച്ഛൻ പണ്ട് കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോൾ പോലും ആർക്ക് വോട്ട് ചെയ്യണമെന്ന് എന്നോട് പറഞ്ഞിട്ടില്ല.

'പദ്മജുടെ പ്രതികരണം. പദ്മജയുമായി ഇനി തനിക്ക് ബന്ധമില്ലെന്നും, ഇനി പദ്മജയെ കാണില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. സഹോദരി ശത്രു പാളയത്തിൽ എത്തിയതിൽ അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നും. സഹോദരനുമായുള്ള രക്ത ബന്ധമായില്ലെന്നും, ചേട്ടന് തന്നെ കാണേണ്ടെങ്കിൽ തനിക്കും കാണേണ്ടെന്നും പദ്മജയും. അച്ഛന്റെ ആത്മാവ് ഇരുവരോടും പൊറുക്കട്ടെ!. അതിനിടെ, പദ്മജ ഇനി തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ താനും പലതും വിളിച്ചു പറയുമെന്നാണ് ഒരു കാലത്ത് ലീഡറുടെ ശിഷ്യനായിരുന്ന കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ ഭീഷണി. താൻ എല്ലാം തുറന്ന് പറഞ്ഞാൽ പദ്മജ പിന്നെ പുറത്തിറങ്ങി നടക്കില്ലെന്നും, മരണം വരെ വീട്ടിലിരിക്കുമെന്നും. അന്തപ്പുര കഥകളാവും. തത്കാലം വേണ്ട. വോട്ടെണ്ണൽ കൂടി കഴിയട്ടെ. ആരാവും മാളത്തിൽ ഒളിക്കുകയെന്ന് നോക്കാം.

നുറുങ്ങ്:

പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും വിജയ പ്രതീക്ഷയുടെ കൊമ്പത്ത് മുന്നണികൾ

□ കാണാൻ പോകുന്ന പൂരം പറഞ്ഞ് അറിയിക്കേണ്ടതില്ല. അത് വരെ അവർ കൊമ്പത്ത്

തന്നെ ഇരിക്കട്ടെ!

(വിദുരരുടെ ഫോൺ: 9946108221)

Advertisement
Advertisement