എരുമേലിയിൽ സർക്കാർ ആശുപത്രിയുണ്ട്, പക്ഷേ ഞായർ ചികിത്സയില്ല!

Sunday 28 April 2024 8:14 PM IST

എരുമേലി: സർക്കാർ ആശുപത്രിയാണ്. പക്ഷേ ജനങ്ങൾക്ക് പ്രയോജനപ്പെട്ടില്ലെങ്കിൽ എന്തിനാണ് ഇത്തരമൊരു സംവിധാനം!. എരുമേലി സർക്കാർ ആശുപത്രിയെക്കുറിച്ച് രോഗികൾ പരാതികളുടെ കെട്ടഴിക്കുകയാണ്. ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയോടെ ഞായറാഴ്ച എരുമേലി സർക്കാർ ആശുപത്രിയിലേക്ക് എത്തിയാൽ നിരാശയാകും ഫലം. ഞായറാഴ്ച ഉച്ചയ്ക്ക് മുമ്പ് ആശുപത്രിയുടെ ഗേറ്റ് പൂട്ടി ഡോക്ടർമാരും ജീവനക്കാരും സ്ഥലംവിടും. ആശുപത്രിയെക്കുറിച്ച് പരാതി ഉയരാൻ പിന്നെന്ത് വേണം. പത്തനംതിട്ട ജില്ലയിലെ അറയാഞ്ഞിലിമണ്ണ്, എരുമേലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ഉൾപ്പെടെ നൂറുകണക്കിന് രോഗികളാണ് പ്രതിദിനം ഇവിടെയെത്തുന്നത്. പലപ്പോഴും പല കാരണങ്ങൾ പറഞ്ഞ് ചികിത്സ വൈകിപ്പിക്കുന്നുവെന്നും പരാതികളുണ്ട്. ആശുപത്രിയുടെ തുടക്കകാലത്ത് ഇവിടെ പ്രസവ ചികിത്സവരെയുണ്ടായിരുന്നു. പിന്നീട് അതും നിലച്ചു. ശബരിമല സീസണിൽ മാത്രമാണ് 24 മണിക്കൂർ സേവനവും കിടത്തിചികിത്സയും.

എന്നും പരാതിയും പരിഭവവും

ശബരിമല സീസണിൽ റോഡ് അപകടങ്ങൾ വർദ്ധിക്കുമ്പോഴും അത്യാഹിത വിഭാഗത്തിൽ മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നില്ല. എക്‌സ്രേ സംവിധാനം ഇല്ലാത്തതിനാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ് ജീവനക്കാർ ചെയ്യുക. സീനിയർ ഡോക്ടർമാരുടെ സേവനം ഇവിടെ ഉണ്ടാകാറില്ല.

Advertisement
Advertisement