ആചാരപ്പെരുമയിൽ "മീനമൃത് " സമർപ്പണം

Monday 29 April 2024 12:21 AM IST
മീനമൃത് നിവേദ്യത്തിനായി കവ്വായി പുഴയിൽ മത്സ്യ ബന്ധനം നടത്തുന്ന പുരുഷാരം

പയ്യന്നൂർ: പതിറ്റാണ്ടുകളായി തുടരുന്ന ആചാരപ്പെരുമയിൽ പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിൽ കലശ മഹോത്സവത്തോടനുന്ധിച്ചുള്ള പ്രധാന ചടങ്ങായ "മീനമൃത്‌ " സമർപ്പണം നടന്നു. ഇന്നലെ ഉച്ചയോടെ ക്ഷേത്ര തിരുമുറ്റത്ത് ഒത്തുചേർന്ന ആബാലവൃന്ദം പുരുഷാരം, ക്ഷേത്രം മൂത്ത ചെട്ടിയാൻ ചൊല്ലിയ ഭഗവതിയുടെ തിരുമൊഴി ഏറ്റുചൊല്ലി മഞ്ഞൾകുറി പ്രസാദം സ്വീകരിച്ച് ദേവിയെ തൊഴുത് അനുഗ്രഹം വാങ്ങി ക്ഷേത്രത്തിന് മൂന്നുതവണ വലം വെച്ച് നഗ്നപാദരായി ചൂട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ കവ്വായി പുഴ ലക്ഷ്യമാക്കി മീനമൃതിനായി പുറപ്പെട്ടു. കുളിച്ച് വെള്ള തോർത്തുമുണ്ട് ധരിച്ച് മീൻ അടിച്ച് പിടിക്കാനുള്ള ചൂരൽ വടികളും വലകളുമായാണ് പുരുഷാരം ക്ഷേത്ര മുറ്റത്ത് ഒത്തുചേർന്നത്.

കലശ മഹോത്സവത്തിന്റെ അഞ്ചാം നാളായ ഇന്നലെ ഏഴര നാഴിക പുലർന്നപ്പോൾ പെരുമ്പറ മുഴക്കിയാണ് മാടായിക്കാവിൽ നിന്നും പയ്യന്നൂർ തെരുവിലെത്തിയ സ്വരൂപത്തിൽ തായ്‌പരദേവതയ്ക്ക് നിവേദ്യത്തിനുള്ള മീനമൃതിനുള്ള ഒരുക്കം ആരംഭിച്ചത്. തുടർന്ന് വിവിധ ചടങ്ങുകൾക്കായി മദ്ധ്യാഹ്നമായപ്പോഴേക്കും ഒമ്പതുതവണ പെരുമ്പറ മുഴങ്ങി.

ഉത്സവത്തിന്റെ ആറാം ദിവസമായ ഇന്ന് രാക്കലശ മഹോത്സവവും രാത്രി 10ന് വർഷത്തിൽ ഒരിക്കൽ മാത്രമുള്ള വടക്കെ വാതിൽ തുറന്നുള്ള ദേവീ ദർശനവും നടക്കും. തുടർന്ന് തിരുവർക്കാട്ട് ഭഗവതിയുടെയും ക്ഷേത്രപാലകന്റെയും തെയ്യക്കോലങ്ങളോടുകൂടിയുള്ള കലശം എഴുന്നള്ളത്ത്.

30ന് ഉച്ചയ്ക്ക് ഊർബലി, രാത്രി 7.30ന് വീരഭദ്രൻ തെയ്യത്തിന്റെ പുറപ്പാട്. തുടർന്ന് നടക്കുന്ന ഗുരുതി തർപ്പണത്തോടെ ഉത്സവത്തിന് പരിസമാപ്തിയാകും.

മീനമൃത് നിവേദ്യം

ആചാര പ്രകാരം മടപ്പള്ളി താഴത്ത് വല വിരിച്ച് ചൂരൽ കൊണ്ട് അടിച്ചാണ് പുരുഷാരം കവ്വായി പുഴയിൽ മത്സ്യ ബന്ധനം നടത്തുന്നത്. പിടിച്ചെടുത്ത മത്സ്യം ക്ഷേത്ര വിധി പ്രകാരം 21 കോവ തയ്യാറാക്കി വിജയഭേരി മുഴക്കി മഹാ നിവേദ്യത്തിനായി ക്ഷേത്ര നടയിൽ എത്തിക്കും. മീനമൃത് സംഘത്തെ ക്ഷേത്രേശന്മാരും ആചാരക്കാരും ഭക്തജനങ്ങളും വാദ്യമേളത്തോടെ സ്വീകരിച്ച് ആചാരപൂർവ്വം മടപ്പള്ളിയിലേക്ക് എഴുന്നള്ളിച്ചതിനുശേഷം ഭഗവതിമാർക്ക് പാലമൃതും മീനമൃതും നിവേദിക്കുകയാണ് ചെയ്യുന്നത്.

Advertisement
Advertisement