കൊട്ടിയൂർ പാലുകാച്ചിയിൽ നാശം വിതച്ച് കാട്ടാനകൾ

Monday 29 April 2024 12:20 AM IST
പാലുകാച്ചിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ നേന്ത്രവാഴകൾ നശിപ്പിച്ച നിലയിൽ

കൊട്ടിയൂർ: പാലുകാച്ചിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ കുലച്ച ഒട്ടേറെ നേന്ത്രവാഴകളും മറ്റു കൃഷികളും നശിപ്പിച്ചു.

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് പാലുകാച്ചിയിലെ യുവകർഷകൻ രതീഷിന്റ വാഴത്തോട്ടത്തിൽ കാട്ടാനയിറങ്ങിയത്. വിളവെടുക്കാറായ അറുപത്തഞ്ചോളം കുലച്ച നേന്ത്രവാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പാട്ടത്തിനെടുത്ത സ്ഥലത്ത് ആകെയുണ്ടായിരുന്ന സ്വർണം പണയം വെച്ചാണ് കൃഷി ചെയ്തത്. വാഴകൾ മിക്കവാറും നശിപ്പിക്കപ്പെട്ടതോടെ പാട്ടത്തുക കൊടുക്കാനോ, പണയ മുതൽ തിരികെ എടുക്കാനോ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ യുവകർഷകൻ.

കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകൾ വീടിനടുത്തുവരെ എത്തുന്നത് കർഷകരെ ഭീതിയിലാഴ്‌ത്തുകയാണ്‌. കർഷകരുടെ വാഴത്തോട്ടത്തിൽ നിരന്തരമായി കാട്ടാനയിറങ്ങി കൃഷി നാശം വരുന്നതിനാൽ മൂപ്പെത്തുന്നതിന് മുമ്പേ അവശേഷിക്കുന്ന വാഴക്കുലകൾ വലിയ നഷ്ടത്തിൽ ചെറിയ വിലയ്ക്ക് കർഷകർ വിൽക്കുകയാണെന്ന് രതീഷ് പറഞ്ഞു. തൊട്ടടുത്ത കൃഷിക്കാരൻ സാന്റൊയുടെ തോട്ടത്തിലെ കൊക്കോ, കാപ്പി, നേന്ത്രവാഴ എന്നിവയും ആനകൾ നശിപ്പിച്ചു.

കൊടിയ വേനൽക്കാലമായതിനാൽ നാലു കിലോമീറ്ററോളം ദൂരെ പോയി വെള്ളം തിരിച്ച് വിട്ട് തോട്ടം നനച്ച് പരിപാലിച്ച വാഴകളാണ് കാട്ടാന നശിപ്പിച്ചത്. പകൽ സമയത്തും ജനവാസ കേന്ദ്രത്തിൽ ആന എത്തുന്നതിനാൽ ഭീതി മൂലം വെള്ളം തിരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.
ഇതിന് മുമ്പുള്ള കൃഷി നശിപ്പിച്ചതിനാൽ രതീഷ് രണ്ടാമത് കൃഷി ചെയ്തതാണ് വിളവെടുക്കുന്നതിന് മുമ്പേ നശിപ്പിച്ചിരിക്കുന്നത്. ഇതിന് തക്കതായ നഷ്ടപരിഹാരം ബന്ധപ്പെട്ടവർ നൽകിയില്ലെങ്കിൽ ഒരു തരത്തിലും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഈ കർഷകൻ പറയുന്നു.
ജനവാസ മേഖലകളിലിറങ്ങി കാട്ടാനകൾ നിരന്തരം നാശം വിതച്ചിട്ടും ബന്ധപ്പെട്ടവർ പരിഹാരം കാണാനോ സ്ഥലം സന്ദർശിക്കാനോ തയ്യാറാകാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.

കഴിഞ്ഞ ഒരാഴ്ചക്കാലമായി കാട്ടാനകൾ പ്രദേശത്ത് വിലസുകയാണ്. വനപാലകരെയും വാർഡ് മെമ്പറെയും വിവരമറിയിച്ചെങ്കിലും ആരും ഇതുവരെ തിരിഞ്ഞു നോക്കിയില്ല.

രതീഷ്

Advertisement
Advertisement