മത്സ്യകച്ചവടക്കാരന്റെ കൊലപാതകം, പ്രതി പിടിയിലായത് മണിക്കൂറുകൾക്കകം

Monday 29 April 2024 12:34 AM IST

ഹരിപ്പാട് : മത്സ്യകച്ചവടക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചെറുതന ഇലഞ്ഞിക്കൽ വീട്ടിൽ യദുകൃഷ്ണൻ (27) ആണ് പിടിയിലായത്. ദേശീയപാതയിൽ നാരകത്തറ ജംഗ്ഷന് സമീപം മത്സ്യ കച്ചവടം നടത്തി വരികയായിരുന്ന പശ്ചിമബംഗാൾ മാൾടാ സ്വദേശി ഓംപ്രകാശിനെയാണ് (40) ശനിയാഴ്ച വൈകുന്നേരം കൊലപ്പെടുത്തിയത്. യദു കൃഷ്ണൻ ഓംപ്രകാശിനോട് പണം ചോദിക്കുകയും കൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ മീൻ മുറിക്കുന്ന കത്തിയെടുത്ത് നെഞ്ചിൽ കുത്തി ഇറക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓംപ്രകാശിനോടൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് നാല് അന്യസംസ്ഥാന തൊഴിലാളിൾ ഓടി പോകുകയും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടുകയും ചെയ്തു.

വഴിത്തിരിവായി

ഫോൺമോഷണം

കായംകുളം ഡിവൈ.എസ്.പി അജയ് നാഥന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിക്കുകയും,​ കസ്റ്റഡിയിലെടുത്ത അന്യസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതിൽ നിന്ന് മലയാളിയായ യുവാവാണ് കുത്തിയതെന്ന് മനസ്സിലാക്കി. ഇതേസമയം,​ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ രാത്രിയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടന്ന പരാതിയുമായി എത്തിയവരിൽ നിന്ന് ഫോൺ മോഷ്ടിച്ചത് യദുകൃഷ്ണൻ ആണെന്ന് മനസിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവ സമയത്ത് നാരകത്തറയിലും പരിസരപ്രദേശങ്ങളിലും സമാനമായ രീതിയിൽ പലരോടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായി അറിഞ്ഞു. കസ്റ്റഡിയിലുള്ള അന്യസംസ്ഥാന തൊഴിലാളികൾ യദു കൃഷ്ണന്റെ ഫോട്ടോ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കകം ഹരിപ്പാട് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ സമീപമുള്ള തട്ടുകടയുടെ പിന്നിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഹരിപ്പാട്, വീയപുരം, തിരുവല്ല എന്നീ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് യദുകൃഷ്ണൻ. എസ്.എച്ച് .ഒ അഭിലാഷ് കുമാർ.കെ, എസ് .ഐ മാരായ ശ്രീകുമാർ, ഷൈജ, ഉദയൻ, സി.പി.ഓമാരായ അജയൻ, നിഷാദ്. എ, സജാദ്, ശിഹാബ്, വിഷ്ണു, വിപിൻ, ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement